ക്രിക്കറ്റ് താരം വിരാട് കോലിയുടെ ഏറ്റവും വലിയ ‘ഫാൻ ഗേൾ’ ഭാര്യ അനുഷ്ക ശർമ തന്നെയാണ്. താരത്തിന്റെ മത്സരങ്ങളിലെല്ലാം ആവേശമായി എത്താറുള്ള അനുഷ്ക, ഐപിഎൽ ഒന്നാം ക്വാളിഫയറിൽ ഗുജറാത്ത് ടൈറ്റൻസിനെതിരായ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിന്റെ മത്സരത്തിലും വിഐപി പവലിയനിൽ ഉണ്ടായിരുന്നു. മത്സരത്തിൽ വിരാട് കോലി പുറത്തായപ്പോൾ വിശ്വസിക്കാനാകാതെ ഇരുന്ന അനുഷ്കയുടെ ദൃശ്യങ്ങളും, കളി ജയിച്ച ശേഷം കോലി ഓടിയെത്തി അനുഷ്കയെ കെട്ടിപ്പിടിച്ചതുമെല്ലാം സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ തരംഗമായി മാറിയിട്ടുണ്ട്.
ഈ മത്സരത്തിനിടെ അനുഷ്കയുടെ വിരലിലുണ്ടായിരുന്ന ഒരു പ്രത്യേക മോതിരമാണ് ആരാധകർക്കിടയിൽ ചർച്ചയായത്. പ്രാർഥനയോടെ ടീമിന്റെ വിജയത്തിനായി കാത്തിരുന്ന അനുഷ്ക അണിഞ്ഞിരുന്നത് ‘രാധ നാമ ജപ കൗണ്ടർ മോതിരം’ ആണെന്നാണ് വിവരം. മത്സരത്തിലുടനീളം അനുഷ്ക മന്ത്രങ്ങൾ ജപിക്കുന്ന ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. പരമ്പരാഗത ജപമാലകൾക്ക് പകരമായി വിരലിൽ എളുപ്പത്തിൽ ധരിക്കാൻ കഴിയുന്ന ഒരു ആധുനിക ഡിജിറ്റൽ ഉപകരണമാണിത്. ഇതിലെ ഡിസ്പ്ലേയും ബട്ടണും ഉപയോഗിച്ച് ദൈവനാമം ജപിക്കുന്നതിന്റെ എണ്ണം കൃത്യമായി രേഖപ്പെടുത്താൻ സാധിക്കും.
അനുഷ്ക ഈ മോതിരം ധരിച്ച ചിത്രങ്ങൾ പ്രചരിച്ചതോടെ, ആർസിബിയുടെ യഥാർഥ ‘ലക്കി ചാം’ ഈ പ്രാർഥനകളാണെന്നാണ് ആരാധകർ പറയുന്നത്. വിരാടും അനുഷ്കയും മുൻപ് വൃന്ദാവനിലെ പ്രേമാനന്ദ് മഹാരാജിനെ സന്ദർശിച്ചതുമുതലാണ് ഇത്തരം ഡിജിറ്റൽ ജപ കൗണ്ടറുകൾ സ്ഥിരമായി ഉപയോഗിക്കാൻ തുടങ്ങിയതെന്നാണ് വിവരം. ഈ പ്രാർഥനകൾ ഫലം കണ്ടതുപോലെ, ഒന്നാം ക്വാളിഫയറിൽ ഗുജറാത്ത് ടൈറ്റൻസിനെ 92 റൺസിന് തകർത്ത് റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു ഐപിഎൽ ചരിത്രത്തിൽ അഞ്ചാം തവണയും ഫൈനലിലേക്ക് യോഗ്യത നേടി.
ക്യാപ്റ്റൻ രജത് പാട്ടിദാറിന്റെ വെടിക്കെട്ട് ബാറ്റിങ് കരുത്തിൽ (33 പന്തിൽ 93*) ബെംഗളൂരു ഉയർത്തിയ 254 റൺസ് എന്ന കൂറ്റൻ സ്കോർ പിന്തുടർന്ന ഗുജറാത്തിന് 162 റൺസെടുക്കാനേ സാധിച്ചുള്ളൂ. 3 വിക്കറ്റ് വീഴ്ത്തിയ ജേക്കബ് ഡഫിയുടെ ബൗളിങ് മികവാണ് ഗുജറാത്തിനെ തകർത്തത്. ഗുജറാത്ത് നിരയിൽ സായ് സുദർശൻ (14), ക്യാപ്റ്റൻ ശുഭ്മൻ ഗിൽ (2), ജോസ് ബട്‌ലർ (29) എന്നിവരെല്ലാം തുടക്കത്തിലേ പുറത്തായതോടെ അവർ 8ന് 88 റൺസ് എന്ന നിലയിലേക്ക് തകർന്നു. പിന്നീട് രാഹുൽ തെവാത്തിയ (68) നടത്തിയ ഒറ്റയാൾ പോരാട്ടമാണ് ഗുജറാത്തിന്റെ പരാജയഭാരം കുറച്ചത്.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ബെംഗളൂരുവിന് വെങ്കടേഷ് അയ്യരിനെ (19) പെട്ടെന്ന് നഷ്ടമായെങ്കിലും വിരാട് കോലിയും (43) ദേവദത്ത് പടിക്കലും (30) ചേർന്ന് രണ്ടാം വിക്കറ്റിൽ 72 റൺസ് കൂട്ടിചേർത്ത് മികച്ച അടിത്തറ നൽകി. പിന്നീട് ക്രീസിലെത്തിയ രജത് പാട്ടിദാറും ക്രുനാൽ പാണ്ഡ്യയും (43) തകർത്തടിച്ചതോടെ ബെംഗളൂരു സ്കോർ അനായാസം 250 കടക്കുകയായിരുന്നു. ഗുജറാത്ത് ബൗളർമാർക്ക് ആർസിബി ബാറ്റിങ് നിരയെ കട്ടപിടിക്കാൻ സാധിച്ചതുമില്ല.




