ബംഗ്ലാദേശിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ജനിച്ചുവീണ് അധികദിവസമാകാത്ത 6 നവജാതശിശുക്കൾ മരിച്ചു. ധാക്കയിലെ അദ്–ദിൻ ആശുപത്രി വാർഡിൽ ചികിത്സയിലായിരുന്ന, ഒരു ദിവസം മുതൽ മൂന്നുദിവസം വരെ മാത്രം പ്രായമുള്ള കുഞ്ഞുങ്ങളാണ് ദാരുണമായി മരണപ്പെട്ടത്. വാർഡിലെ എസി ഓഫാക്കിയതിന് പിന്നാലെ കുട്ടികളുടെ ആരോഗ്യനില വഷളാകുകയും മരണത്തിന് കീഴടങ്ങുകയുമായിരുന്നു. രാവിലെ ആറ് മണിയോടെയാണ് ആദ്യത്തെ കുട്ടി മരിച്ചത്. പിന്നീട് ഒൻപതരയോടെ മറ്റ് അഞ്ച് കുട്ടികളും മരിച്ചതായി മെട്രോപൊളിറ്റൻ പൊലീസ് സ്ഥിരീകരിച്ചു.
പുലർച്ചെ രണ്ട് മണിയോടെ കുഞ്ഞുങ്ങൾക്ക് തണുക്കുന്നുവെന്ന് വാർഡിലുണ്ടായിരുന്ന ഒരു കൂട്ടിരിപ്പുകാരൻ പരാതിപ്പെട്ടതിനെ തുടർന്നാണ് അധികൃതർ എസി ഏകദേശം ഒരു മണിക്കൂറോളം നിർത്തിവെച്ചത്. എന്നാൽ പിന്നീട് മുറിയിൽ കടുത്ത ചൂട് അനുഭവപ്പെട്ടതോടെ എസി വീണ്ടും പ്രവർത്തിപ്പിച്ചു. ഇതിന് പിന്നാലെ രണ്ട് കുട്ടികൾക്ക് അസ്വസ്ഥതകൾ ഉണ്ടാവുകയും അവരെ തീവ്രപരിചരണ വിഭാഗത്തിലേക്ക് (എൻഐസിയു) മാറ്റുകയും ചെയ്തു. പിന്നീട് ഇവരെ തിരികെ വാർഡിലേക്ക് മാറ്റിയെങ്കിലും പുലർച്ചെ ആറുമണിയോടെ വീണ്ടും സുഖമില്ലാതായി. തുടർന്ന് കുട്ടികളെ വീണ്ടും എൻഐസിയുവിലേക്ക് മാറ്റി വെന്റിലേറ്ററിലാക്കിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംഭവം നടക്കുന്ന സമയത്ത് ധാക്കയിൽ ഏകദേശം 32 ഡിഗ്രി സെൽഷ്യസ് താപനില ഉണ്ടായിരുന്നു. എസി ഓഫ് ചെയ്തതോടെ മുറിക്കുള്ളിലേക്ക് വായു സഞ്ചാരത്തിനുള്ള മറ്റ് മാർഗ്ഗങ്ങളൊന്നും ഇല്ലാതിരുന്നതിനാൽ ശ്വാസം മുട്ടുന്ന അന്തരീക്ഷമാണ് അവിടെ ഉണ്ടായതെന്ന് ആരോഗ്യ വകുപ്പ് മേധാവി പ്രഭാത് ചന്ദ്ര ബിശ്വാസ് വ്യക്തമാക്കി. എസിക്കുണ്ടായ തകരാർ കാരണം വാതക ചോർച്ച ഉണ്ടായിട്ടുണ്ടാകാമെന്നും ഇതാകാം കുട്ടികളുടെ നില വഷളാക്കിയതെന്നുമാണ് പ്രാഥമിക അന്വേഷണ റിപ്പോർട്ട്. ഈ ദാരുണ സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ആരോഗ്യ മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറിയുടെ നേതൃത്വത്തിൽ മൂന്നംഗ സമിതിയെ നിയോഗിച്ചിട്ടുണ്ട്. മൂന്ന് ദിവസത്തിനകം ഇവർ റിപ്പോർട്ട് സമർപ്പിക്കണം.




