ഐപിഎൽ 2026-ലെ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവും സൺറൈസേഴ്സ് ഹൈദരാബാദും തമ്മിലുള്ള ഉദ്ഘാടന മത്സരത്തിൽ വിരാട് കോഹ്‌ലി ഒരു എളുപ്പമുള്ള ക്യാച്ച് കൈവിട്ടത് ആരാധകരെ അമ്പരപ്പിച്ചു. മികച്ച ബാറ്റർ എന്നതിനൊപ്പം മികച്ച ഫീൽഡർ കൂടിയായ കോഹ്‌ലിക്ക് ഭുവനേശ്വർ കുമാർ എറിഞ്ഞ പതിനെട്ടാം ഓവറിലാണ് പിഴവ് പറ്റിയത്.
സൺറൈസേഴ്സ് താരം അനികേത് വർമ്മയുടെ ഷോട്ട് ലോങ് ഓണിൽ നിന്ന് ഓടിയെത്തിയ കോഹ്‌ലിയുടെ കൈകളിൽ തട്ടി തെറിക്കുകയായിരുന്നു. അപ്രതീക്ഷിതമായി ക്യാച്ച് നഷ്ടപ്പെട്ടതിൽ കോഹ്‌ലി അത്ഭുതം പ്രകടിപ്പിച്ചപ്പോൾ, ഗാലറിയിലുണ്ടായിരുന്ന ഭാര്യയും നടിയുമായ അനുഷ്ക ശർമ്മ ചിരിക്കുന്നത് കാണാമായിരുന്നു.
അതേസമയം, 2025-ൽ ചിന്നസ്വാമി സ്റ്റേഡിയത്തിന് പുറത്തുണ്ടായ തിക്കിലും തിരക്കിലും പെട്ട് ജീവൻ നഷ്ടപ്പെട്ട ആരാധകർക്ക് ആദരമർപ്പിച്ച് മത്സരത്തിന് മുന്നോടിയായി ആർസിബി 11 സീറ്റുകൾ ഒഴിച്ചിട്ടു. ഈ സീറ്റുകൾ ഐപിഎൽ മത്സരങ്ങളിലും അന്താരാഷ്ട്ര മത്സരങ്ങളിലും ഇനി സ്ഥിരമായി ഒഴിച്ചിടുമെന്ന് അധികൃതർ അറിയിച്ചു. മത്സരത്തിന് മുൻപ് ഇരു ടീമുകളിലെയും താരങ്ങൾ മരിച്ചവർക്കായി ഒരു മിനിറ്റ് മൗനം ആചരിക്കുകയും ചെയ്തു. ആർസിബിയുടെ കന്നി ഐപിഎൽ കിരീട നേട്ടത്തിന് പിന്നാലെ നടന്ന ആഘോഷങ്ങൾക്കിടെയുണ്ടായ അപകടത്തിൽ 11 പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഈ സംഭവത്തെത്തുടർന്ന് 2025 ജൂൺ മുതൽ സ്റ്റേഡിയത്തിൽ മത്സരങ്ങൾ നിർത്തിവെച്ചിരിക്കുകയായിരുന്നു.
സീസണിലെ ആദ്യ മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ ആർസിബി താരങ്ങൾ മരിച്ചവരോടുള്ള ആദരസൂചകമായി കറുത്ത ആംബാൻഡ് ധരിച്ചാണ് കളത്തിലിറങ്ങിയത്. അപകടത്തിൽ മരിച്ച 11 ആരാധകർ എന്നും ആർസിബി കുടുംബത്തിന്റെ ഭാഗമായിരിക്കുമെന്നും അവരുടെ ഓർമ്മയ്ക്കായി സ്റ്റേഡിയത്തിലെ 11 സീറ്റുകൾ മാറ്റിവെക്കുമെന്നും ടീം ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചു. പരിശീലന സമയത്ത് 11-ാം നമ്പർ രേഖപ്പെടുത്തിയ ജേഴ്സി ധരിച്ചാണ് താരങ്ങൾ ഗ്രൗണ്ടിലെത്തിയത്.




