Sports

ഇഷാൻ കിഷന്റെ സെഞ്ച്വറി മോഹം തകർത്ത് ഫിൽ സാൾട്ടിന്റെ ‘പറക്കും ക്യാച്ച്’! വീഡിയോ

ഐപിഎൽ 2026-ലെ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവും സൺറൈസേഴ്സ് ഹൈദരാബാദും തമ്മിലുള്ള ഉദ്ഘാടന മത്സരത്തിൽ ആർസിബി താരം ഫിൽ സാൾട്ടിന്റെ തകർപ്പൻ പ്രകടനം ശ്രദ്ധേയമായി. ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ അവിശ്വസനീയമായ റീഫ്ലെക്സുകളിലൂടെ ഫിൽ സാൾട്ട് കാണികളെ അമ്പരപ്പിച്ചു.

അഭിനന്ദൻ സിംഗ് എറിഞ്ഞ ഫുൾ ടോസ് പന്ത് സൺറൈസേഴ്സ് നായകൻ ഇഷാൻ കിഷൻ ഓഫ് സൈഡിലേക്ക് ആഞ്ഞടിച്ചെങ്കിലും, ഡീപ്പ് ബാക്ക്വേർഡ് പോയിന്റിൽ നിന്ന് വലത്തോട്ട് ഓടിയെത്തിയ സാൾട്ട് വായുവിൽ ഉയർന്നുചാടി ഒറ്റക്കൈയ്യിൽ പന്ത് പിടികൂടുകയായിരുന്നു. ക്യാപ്റ്റനായുള്ള തന്റെ ആദ്യ മത്സരത്തിൽ 38 പന്തിൽ 80 റൺസ് എടുത്തു നിന്ന ഇഷാൻ കിഷന്റെ സെഞ്ച്വറി മോഹങ്ങളാണ് ഈ ഒറ്റക്കൈയ്യൻ ക്യാച്ചിലൂടെ അവസാനിച്ചത്. പരിക്കേറ്റ പാറ്റ് കമ്മിൻസിന് പകരമാണ് കിഷൻ സൺറൈസേഴ്സിനെ നയിക്കുന്നത്.

മത്സരത്തില്‍ തകർപ്പൻ വിജയവുമായി തുടങ്ങി നിലവിലെ ചാംപ്യൻമാരായ റോയൽ ചാലഞ്ചേഴ്‌സ് ബെംഗളൂരു. ഉദ്ഘാടന മത്സരത്തിൽ ആറ് വിക്കറ്റ് വിജയമാണ് ആർസിബി സ്വന്തമാക്കിയത്. സൺറൈസേഴ്‌സ് ഹൈദരാബാദ് ഉയർത്തിയ 202 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ബെംഗളൂരു, വെറും 15.4 ഓവറിൽ നാല് വിക്കറ്റ് നഷ്‌ടത്തിൽ ലക്ഷ്യത്തിലെത്തി.

സൂപ്പർ താരം വിരാട് കോലിയുടെയും ഇംപാക്ട് പ്ലേയറായി ഇറങ്ങിയ ദേവ്ദത്ത് പടിക്കലിന്റെയും തകർപ്പൻ അർധ സെഞ്ച്വറികളാണ് ആർസിബിയുടെ വിജയം എളുപ്പമാക്കിയത്. 38 പന്തിൽനിന്ന് അഞ്ച് സിക്സറുകളും അഞ്ച് ഫോറുകളുമടക്കം 69 റൺസുമായി പുറത്താകാതെനിന്ന വിരാട് കോലിയാണ് ഹർഷൽ പട്ടേലിന്റെ പന്ത് ബൗണ്ടറി കടത്തി ടീമിന്റെ വിജയ റൺസ് കുറിച്ചത്. ആർസിബിക്കു വേണ്ടി ദേവ്ദത്ത് പടിക്കൽ 26 പന്തിൽനിന്ന് 61 റൺസ് നേടി പുറത്തായപ്പോൾ, ക്യാപ്റ്റൻ രജത് പാട്ടീദാർ (12 പന്തിൽ 31), ടിം ഡേവിഡ് (10 പന്തിൽ 16) എന്നിവരും ബാറ്റിങ്ങിൽ തിളങ്ങി. 

ടോസ്‌ നേടിയ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ നായകന്‍ രജത്‌ പാടീദാര്‍ സണ്‍റൈസേഴ്‌സിനെ ആദ്യം ബാറ്റ്‌ ചെയ്യാന്‍ വിട്ടു. നായകന്‍ ഇഷാന്‍ കിഷന്റെ മികവില്‍ (38 പന്തില്‍ അഞ്ച്‌ സിക്‌സറും എട്ട്‌ ഫോറുമടക്കം 80) മികവില്‍ ഹൈദരാബാദ്‌ ഒന്‍പത്‌ വിക്കറ്റിന്‌ 201 റണ്ണെടുത്തു.