ചെന്നൈ: നടിയും രാഷ്ട്രീയ പ്രവർത്തകയുമായ ഗൗതമിയുടെ 25 കോടി രൂപ വിലമതിക്കുന്ന ഭൂമി തട്ടിയെടുത്തെന്ന കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) വ്യാപക റെയ്ഡ് നടത്തി. മധുര, ചെന്നൈ എന്നിവടങ്ങളിലുൾപ്പെടെ ആറിടങ്ങളിലാണ് ഒരേസമയം പരിശോധന നടന്നത്. കേസിലെ പ്രധാന പ്രതിയായ സിനിമാ നിർമാതാവ് അളഗപ്പനുമായി ബന്ധമുള്ള കേന്ദ്രങ്ങളിലായിരുന്നു ഈ റെയ്ഡ്. ഭൂമി ഇടപാടിന്റെ മറവിൽ നടന്ന സാമ്പത്തിക ക്രമക്കേടുകളും പണമിടപാടുകളും കണ്ടെത്താനാണ് പരിശോധനയെന്ന് അധികൃതർ വ്യക്തമാക്കി.
തന്റെ ചികിത്സാ ആവശ്യങ്ങൾക്കും മകളുടെ പഠനച്ചെലവുകൾക്കുമായി ശ്രീപെരുംപുത്തൂരിലുള്ള 46 ഏക്കർ സ്ഥലം വിൽക്കാൻ 2004-ൽ തീരുമാനിച്ചിരുന്നതായി ഗൗതമി പരാതിയിൽ പറഞ്ഞിരുന്നു. തന്റെ അന്നത്തെ സാഹചര്യം മുതലെടുത്ത് നിർമാതാവ് സി. അളഗപ്പനും കുടുംബവും വ്യാജരേഖകൾ ഉണ്ടാക്കി 25 കോടി രൂപയുടെ സ്വത്ത് തട്ടിയെടുക്കുകയായിരുന്നു എന്നാണ് പരാതി. ഗൗതമി 2023-ൽ നൽകിയ ഈ പരാതിയുടെ അടിസ്ഥാനത്തിൽ നിലവിൽ ഏഴ് കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.
സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തിയ പോലീസ് നേരത്തെ അളഗപ്പനും ഭാര്യയും ഉൾപ്പെടെ നാല് പേരെ അറസ്റ്റ് ചെയ്തിരുന്നു. കേസിന്റെ ഘട്ടത്തിൽ ബിജെപി നേതാക്കൾ പ്രതിയായ അളഗപ്പനെ സഹായിക്കുന്ന നിലപാടാണ് സ്വീകരിച്ചതെന്ന് ആരോപിച്ച് ഗൗതമി പാർട്ടിയിലെ എല്ലാ പദവികളും രാജിവെച്ചിരുന്നു. തുടർന്ന് അവർ അണ്ണാഡിഎംകെയിൽ ചേരുകയും ചെയ്തു.




