Oddly News

പരാതിയിൽ നടപടിയില്ല; പോലീസ്‌ സ്റ്റേഷനിൽ വെച്ച് വിഷം കഴിച്ച് 22 കാരി! വീഡിയോ പുറത്ത്!

മധ്യപ്രദേശിലെ ഛത്തർപൂർ ജില്ലയിൽ നീതി ലഭിച്ചില്ലെന്ന് ആരോപിച്ച് പോലീസ്‌ സ്റ്റേഷനിൽ വെച്ച് 22 കാരിയായ യുവതി വിഷം കഴിച്ചു. താൻ വിഷപദാർത്ഥം കഴിക്കുന്നതിന്റെ വീഡിയോയും യുവതി ചിത്രീകരിച്ചിരുന്നു. നിലവിൽ ചികിത്സയിലുള്ള യുവതി പോലീസിന്റെയും ഡോക്ടർമാരുടെയും നിരീക്ഷണത്തിലാണ്.

പിങ്കി നായക് എന്ന യുവതി അമ്മയ്ക്കും സഹോദരനുമൊപ്പമാണ് പരാതി നൽകാൻ പോലീസ് സ്റ്റേഷനിൽ എത്തിയത്. ഉദ്യോഗസ്ഥർ പരാതി രേഖപ്പെടുത്തുന്നതിനിടെയാണ് യുവതി പെട്ടെന്ന് വിഷം കഴിച്ചത്. ഉടൻ തന്നെ ഇവരെ മഹാരാജ്പൂർ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും, നില വഷളായതിനെ തുടർന്ന് പിന്നീട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

തങ്ങളുടെ കുടുംബത്തിനുണ്ടായ ആക്രമണ കേസിൽ നടപടിയാവശ്യപ്പെട്ട് കഴിഞ്ഞ ഒരു മാസമായി പോലീസ് സ്റ്റേഷൻ കയറിയിറങ്ങുകയാണെന്ന് പിങ്കിയുടെ കുടുംബം ആരോപിച്ചു. ജൂലൈ 6-ന് ചില ഗ്രാമീണരുടെ ആക്രമണത്തിൽ പിങ്കിയുടെ സഹോദരൻ പ്രശാന്ത് നായകിന് ഗുരുതരമായി പരിക്കേറ്റിരുന്നു. കേസിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടും പ്രതികളെ അറസ്റ്റ് ചെയ്തില്ലെന്നും, സ്റ്റേഷൻ ഇൻ-ചാർജ് പ്രതികളിൽ നിന്ന് പണം വാങ്ങി നടപടിയെടുക്കാതിരുന്നതിനാലാണ് അവർ കുടുംബത്തെ വീണ്ടും ഭീഷണിപ്പെടുത്തുന്നതെന്നും കുടുംബം ആരോപിക്കുന്നു. പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ ഈ വീഴ്ചയിൽ മനംനൊന്താണ് പിങ്കി ഈ തീവ്രമായ തീരുമാനമെടുത്തത്.

എന്നാൽ ജൂലൈ 6-ലെ ആക്രമണ കേസിൽ പോലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ഛത്തർപൂർ എസ്.പി രജത് സക്ലേച്ച പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് കവർച്ചശ്രമത്തിന് മറ്റൊരു എഫ്.ഐ.ആറും പിന്നീട് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ശനിയാഴ്ച പിങ്കിയും അമ്മയും സഹോദരനും പോലീസ് സ്റ്റേഷനിൽ എത്തി, മുൻ കേസിലെ പ്രതിയും കുപ്രസിദ്ധ കുറ്റവാളിയുമായ സന്തോഷ് റൈക്വാർ തോക്കുമായി തങ്ങളുടെ വീടിന് മുന്നിൽ എത്തി ഭീഷണിപ്പെടുത്തിയതായി പരാതി നൽകി. ഈ പരാതിയിൽ പോലീസ് നടപടി സ്വീകരിച്ചുവരുന്നതിനിടെയാണ് പിങ്കി അജ്ഞാത പദാർത്ഥം കഴിച്ചത്. നിലവിൽ ഈ തർക്കവുമായി ബന്ധപ്പെട്ട് മൂന്ന് എഫ്.ഐ.ആറുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും, യുവതി പകർത്തിയ വീഡിയോയും പോലീസ് സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചു വരികയാണെന്നും എസ്.പി അറിയിച്ചു. അന്വേഷണത്തിന് ശേഷം കുറ്റക്കാർക്കെതിരെ ഉചിതമായ നിയമനടപടി സ്വീകരിക്കും.

മഹാരാജ്പൂർ ആശുപത്രിയിൽ നിന്ന് റെഫർ ചെയ്ത പിങ്കിക്ക് പ്രാഥമിക ചികിത്സ നൽകിയിട്ടുണ്ടെന്നും നിലവിൽ ആരോഗ്യനില തൃപ്തികരമാണെന്നും ജില്ലാ ആശുപത്രിയിലെ ഡ്യൂട്ടി ഡോക്ടർ ഡോ. ആനന്ദ് ത്രിപാഠി പറഞ്ഞു. എങ്കിലും യുവതിയെ 24 മണിക്കൂർ നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അതിനുശേഷമേ കൂടുതൽ വിവരങ്ങൾ അറിയാനാകൂ.

Leave a Reply

Your email address will not be published. Required fields are marked *