ലോട്ടറിയടിക്കുന്നത് പലപ്പോഴും ഒരു സ്വപ്നം യാഥാർത്ഥ്യമാകുന്നതിനാണ് തുല്യമായി കണക്കാക്കപ്പെടുന്നത്. എന്നാൽ ജപ്പാനിലെ 66 വയസ്സുകാരനായ ഒരാൾക്ക് പെട്ടെന്നുണ്ടായ ഈ ധനം കാരണം അപ്രതീക്ഷിത വെല്ലുവിളികളാണ് നേരിടേണ്ടിവന്നത്. ഇദ്ദേഹം ലോട്ടറിയിൽ 600 ദശലക്ഷം യെൻ (33.9 കോടി) നേടിയെങ്കിലും അത് ഭാര്യയിൽ നിന്ന് രഹസ്യമാക്കി വെക്കാൻ തീരുമാനിച്ചു.
പകരം, ആ പണം അദ്ദേഹം ആഢംബര കാര്യങ്ങൾക്കായി ചെലവഴിച്ചു. വിലകൂടിയ കാറുകൾ വാങ്ങുക, ഹൈ-എൻഡ് റിസോർട്ടുകൾ ബുക്ക് ചെയ്യുക, ജപ്പാനിലുടനീളം യാത്ര ചെയ്യുക തുടങ്ങിയവയായിരുന്നു പ്രധാന ചെലവുകൾ. ജാപ്പനീസ് മാധ്യമമായ ‘ദി ഗോൾഡ് ഓൺലൈൻ’നെ ഉദ്ധരിച്ച് സൗത്ത് ചൈന മോണിംഗ് പോസ്റ്റ് (SCMP) ആണ് ഈ വിവരം റിപ്പോർട്ട് ചെയ്തത്.
“ഇത് യാഥാർത്ഥ്യമാണോ? തുക വളരെ വലുതാണ്, എനിക്ക് അൽപ്പം ഭയം പോലും തോന്നുന്നു, വിജയിക്കാനുള്ള സാധ്യത ഇടിമിന്നലേൽക്കുന്നതിനേക്കാൾ കുറവാണെന്ന് ഞാൻ കേട്ടിട്ടുണ്ട്. ഇതന്റെ ജീവിതത്തിലെ ഒരു അനുഭവം മാത്രമാണ്.” ലോട്ടറി നേടിയ ശേഷം അദ്ദേഹം പറഞ്ഞു.
ഒരു നിർമ്മാണ സ്ഥാപനത്തിലെ വിരമിച്ച ജീവനക്കാരനായ ‘എസ്’ എന്ന പേരിലാണ് ഇദ്ദേഹത്തെ തിരിച്ചറിഞ്ഞിരിക്കുന്നത്. അദ്ദേഹത്തിനും ഭാര്യക്കും കൂടി മാസത്തിൽ 2,000 ഡോളറാണ് പെൻഷൻ ലഭിച്ചിരുന്നത്. അവർക്ക് 174,000 ഡോളർ മാത്രമാണ് സമ്പാദിക്കാൻ കഴിഞ്ഞതെന്നും റിപ്പോർട്ടിൽ പറയുന്നു.
അദ്ദേഹത്തിന്റെ ഭാര്യ അങ്ങേയറ്റം ചെലവ് ചുരുക്കുന്ന സ്വഭാവക്കാരിയായിരുന്നു. വീട്ടിൽ ബിയർ പോലും കഴിക്കാന്‍ അനുവദിച്ചിരുന്നില്ല. കൂടാതെ ഒരു പഴയ, വിലകുറഞ്ഞ കാർ മാത്രമേ ഉപയോഗിക്കാൻ സമ്മതിച്ചിരുന്നുള്ളൂ. ഭാര്യക്ക് സംശയം ഉണ്ടാകാതിരിക്കാൻ, വീട് നവീകരിക്കുന്നതിന് വേണ്ടിയാണ് 32,000 ഡോളർ മാത്രം തനിക്ക് ലോട്ടറി അടിച്ചതെന്ന് എസ് പറഞ്ഞു.
എന്നാൽ, രഹസ്യമായ ഈ ആഢംബര ജീവിതം ഒടുവിൽ അദ്ദേഹത്തിന്റെ മാനസികാരോഗ്യത്തെ തകർത്തു. വിവാഹബന്ധം വേർപെടുത്തി, സാമ്പത്തികമായി തകർന്ന് ഒറ്റപ്പെട്ടുപോയ അച്ഛന്റെ മരണം ഓർമ്മ വന്നപ്പോൾ അദ്ദേഹത്തിന് കുറ്റബോധവും ഏകാന്തതയും അനുഭവപ്പെട്ടു.
ഒടുവിൽ അദ്ദേഹം ഒരു സാമ്പത്തിക ഉപദേഷ്ടാവിന്റെ സഹായം തേടുകയും, ലോട്ടറിയിൽ ലഭിച്ച പണത്തിൽ നിന്ന് ഏകദേശം 3.2 മില്യൺ ഡോളർ ഇൻഷുറൻസിൽ നിക്ഷേപിക്കുകയും ചെയ്തു. ഭാര്യയെയും മക്കളെയും അതിലെ ഗുണഭോക്താക്കളായി ചേർക്കുകയും ചെയ്തു.
“ഈ പണം എന്റെ സ്വന്തം പ്രയത്നത്തിലൂടെ നേടിയതാണെങ്കിൽ, എനിക്ക് അതിൽ അഭിമാനം ഉണ്ടാകുമായിരുന്നു. എന്നാൽ പ്രയത്നമില്ലാതെ ലഭിക്കുന്ന ധനം അസുഖകരമായ ഓർമ്മകൾ കൊണ്ടുവരികയും എന്റെ ജീവിതത്തെ പിടിച്ചുകുലുക്കുകയും ചെയ്യുന്നു,” അദ്ദേഹം പറഞ്ഞു.
പെട്ടെന്നുണ്ടായ ഈ ധനം കുടുംബാംഗങ്ങൾക്കിടയിൽ പ്രശ്നങ്ങളുണ്ടാക്കിയ കഥ പ്രാദേശിക സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വൈറലായി.




