Celebrity

പണത്തിനു പകരം കിടക്കപങ്കിടാൻ ആ പ്രമുഖൻ ആവശ്യപ്പെട്ടു, മാസത്തില്‍ ആറുതവണ വേണമ​‍ത്രേ? ​നേരിട്ട ചൂഷണം വെളിപ്പെടുത്തി മോഡൽ

ഹിന്ദി റിയാലിറ്റി ടെലിവിഷൻ ഷോയായ ലോക്കപ്പിലെ മത്സരാർഥിയും മോഡലുമായ ആകാൻഷ ചൗധരി പുറത്താകുന്നതിന് തൊട്ടുമുമ്പ് നടത്തിയ വെളിപ്പെടുത്തലുകൾ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായിരിക്കുകയാണ്. സൗന്ദര്യ മത്സരങ്ങളിൽ പങ്കെടുക്കുന്നവർ നേരിടുന്ന ചൂഷണങ്ങളുടെയും പ്രതിസന്ധികളുടെയും നേർചിത്രമാണ് സ്വന്തം അനുഭവത്തിലൂടെ ആകാൻഷ പങ്കുവെച്ചത്. സമൂഹത്തിൽ ഏറെ സ്വാധീനമുള്ള ഒരു വ്യക്തി പണത്തിനു പകരമായി തന്നോട് കിടക്ക പങ്കിടാൻ ആവശ്യപ്പെടുകയും ബലമായി കടന്നുപിടിക്കുകയും ചെയ്തു എന്നാണ് ആകാൻഷ വെളിപ്പെടുത്തിയത്.

ഒരു സൗന്ദര്യ മത്സരത്തിലെ പങ്കാളിത്തത്തിന് മുന്നോടിയായി പണം ആവശ്യമുള്ള സാഹചര്യത്തിലാണ് ആകാൻഷയ്ക്ക് ഈ ദുരനുഭവം ഉണ്ടായത്. മത്സരത്തിന്റെ തയാറെടുപ്പുകൾക്കായി രണ്ടു ലക്ഷത്തോളം രൂപ ആവശ്യമായി വന്നപ്പോൾ കുടുംബത്തിന് അത് താങ്ങാൻ കഴിയുന്നതായിരുന്നില്ല. ഈ സമയത്താണ് മുൻപ് സൗന്ദര്യമത്സരങ്ങളിൽ വിധികർത്താവായി എത്തിയിരുന്നതും മറ്റു മത്സരാർഥികളെ സഹായിച്ചിട്ടുമുള്ള പ്രമുഖനായ ഒരു വ്യക്തിയെ ആകാൻഷ സമീപിക്കുന്നത്. തനിക്കുള്ള എൻജിനീയറിങ് ബിരുദവും ആശയവിനിമയ ശേഷിയും ഉപയോഗിച്ച് ജോലി ചെയ്തു രണ്ട് മാസത്തിനുള്ളിൽ തുക തിരികെ നൽകാം എന്ന ഉറപ്പിൽ അവർ സഹായം അഭ്യർത്ഥിക്കുകയായിരുന്നു.

ആകാൻഷയുടെ ആവശ്യപ്രകാരം പണം നൽകാൻ സമ്മതിച്ച അയാൾ പിന്നീട് അവരെ തന്റെ വീട്ടിലേക്ക് ക്ഷണിച്ചു. മുൻപും മെന്റർമാർക്കൊപ്പം അദ്ദേഹത്തിന്റെ വീട്ടിൽ പോയിട്ടുള്ളതിനാൽ ആകാൻഷയ്ക്ക് യാതൊരു സംശയവും തോന്നിയില്ല. എന്നാൽ അവിടെയെത്തിയ ആകാൻഷയെ അയാൾ ബലമായി കടന്നു പിടിക്കുകയാണുണ്ടായത്. ഉടൻ തന്നെ ആകാൻഷ അയാളെ തള്ളി മാറ്റുകയും എതിർപ്പ് അറിയിക്കുകയും ചെയ്തു.

പഴയ ചിന്താഗതിക്കാരെപ്പോലെ പെരുമാറാതെ തനിക്ക് വഴങ്ങിത്തന്നിരുന്നെങ്കിൽ മുൻപേ പല പ്രോജക്ടുകളിലും അവസരം ലഭിക്കുമായിരുന്നു എന്ന് അയാൾ ആകാൻഷയോട് പറഞ്ഞു. നിലവിൽ ജോലിയില്ലാത്ത സാഹചര്യത്തിൽ പണം നൽകാൻ തയ്യാറാണെന്നും പകരം ഒരു മാസത്തിൽ ആറുതവണയെങ്കിലും തനിക്കൊപ്പം കിടക്ക പങ്കിടണമെന്നും അയാൾ ആവശ്യപ്പെട്ടു. മുൻകൂട്ടി തയാറാക്കിയ ഈ പദ്ധതിയോടെയാണ് അയാൾ ആകാൻഷയെ വീട്ടിലേക്ക് വിളിച്ചു വരുത്തിയത്.

എന്നാൽ ഈ ദുരുദ്ദേശം മനസ്സിലായതോടെ ഓഫറുകളും പണവും തനിക്ക് ആവശ്യമില്ലെന്ന് ആകാൻഷ വ്യക്തമാക്കി. ഈ തീരുമാനത്തിൽ രണ്ടു വർഷത്തിനകം പശ്ചാത്തപിക്കേണ്ടി വരുമെന്നും ഈ മേഖലയിൽ ഇത്തരം നീക്കുപോക്കുകൾ ഇല്ലാതെ നിലനിൽക്കാനാകില്ലെന്നും അയാൾ ഭീഷണിപ്പെടുത്തി. എന്നാൽ ആ സംഭവം നടന്ന് ഒരു വർഷത്തിനുള്ളിൽ തന്നെ ഇത്തരം വലിയൊരു റിയാലിറ്റി ഷോയുടെ സ്റ്റേജിൽ എത്താൻ തനിക്ക് സാധിച്ചു എന്ന് അഭിമാനത്തോടെയാണ് ആകാൻഷ പറഞ്ഞു നിർത്തിയത്. അയാൾ സമൂഹത്തിൽ അത്രയേറെ സ്വാധീനമുള്ള ആളായതുകൊണ്ടാണ് പേര് വെളിപ്പെടുത്താത്തതെന്നും അവർ വ്യക്തമാക്കി.

സ്വയം ചെറുത്തുനിൽക്കുകയും കാര്യങ്ങൾ തുറന്നു പറയാൻ ധൈര്യം കാണിക്കുകയും ചെയ്ത ആകാൻഷയെ റിയാലിറ്റി ഷോയുടെ അവതാരകരായ ഫറാ ഖാനും റിതേഷ് ദേശ്മുഖും അഭിനന്ദിച്ചു. സമാനമായ അനുഭവങ്ങളിലൂടെ കടന്നുപോകുന്നവർക്ക് പ്രതികരിക്കാനുള്ള ധൈര്യം ഈ വെളിപ്പെടുത്തൽ നൽകുമെന്ന് അവർ അഭിപ്രായപ്പെട്ടു. ആകാൻഷയോട് മോശമായി പെരുമാറിയ വ്യക്തി ആരായാലും ഈ പരിപാടി കാണുന്നുണ്ടാവുമെന്നും, ദുരനുഭവങ്ങൾ നിരസിച്ചുകൊണ്ട് തന്നെ കഠിനാധ്വാനത്തിലൂടെ വലിയ വേദികളിൽ എത്താൻ കഴിയുമെന്ന് അയാൾക്ക് ഇപ്പോൾ മനസ്സിലായിട്ടുണ്ടാകുമെന്നും അവതാരകർ കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *