തെന്നിന്ത്യൻ താരം തൃഷ കൃഷ്ണന്റെ ചെന്നൈയിലെ വീട്ടിൽ ബോംബ് വെച്ചിട്ടുണ്ടെന്ന വ്യാജ സന്ദേശം പരിഭ്രാന്തി പരത്തി. കഴിഞ്ഞ ആറു മാസത്തിനിടെ ഇത് രണ്ടാം തവണയാണ് തൃഷയുടെ വീടിന് നേരെ ഇത്തരത്തിൽ ഭീഷണി ഉണ്ടാകുന്നത്. ചെന്നൈ പോലീസിന്റെ വിദഗ്ധ സംഘം നടത്തിയ വിശദമായ പരിശോധനയിൽ ഇത് വെറുമൊരു വ്യാജ സന്ദേശമാണെന്ന് വ്യക്തമായി. എന്നാൽ, ഇത്തരം സംഭവങ്ങളിൽ തളരാതെ തന്റെ പതിവ് ജീവിതവുമായി മുന്നോട്ട് പോകുന്ന തൃഷയുടെ സോഷ്യൽ മീഡിയ പോസ്റ്റുകളാണ് ഇപ്പോൾ ആരാധകരുടെ ശ്രദ്ധ നേടുന്നത്.
ആൽവാർപേട്ടിലെ തൃഷയുടെ വീട്ടിലും ബംഗ്ലാദേശ് ഡെപ്യൂട്ടി കോൺസുലേറ്റിലും ബോംബ് വെച്ചിട്ടുണ്ടെന്നായിരുന്നു തമിഴ്‌നാട് ഡിജിപി കൺട്രോൾ റൂമിൽ ലഭിച്ച സന്ദേശം. ഉടൻ തന്നെ പോലീസ് നായകളും ബോംബ് സ്‌ക്വാഡും സ്ഥലത്തെത്തി തെരച്ചിൽ നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. 2025 മുതൽ പ്രമുഖ സിനിമാ താരങ്ങളെയും രാഷ്ട്രീയ നേതാക്കളെയും ലക്ഷ്യമിട്ട് ഇത്തരം വ്യാജ ഭീഷണികൾ വർധിച്ചു വരികയാണ്. രജനികാന്ത്, ധനുഷ് എന്നിവരുടെ വീടുകൾക്ക് നേരെയും അടുത്തിടെ സമാനമായ ഭീഷണി ഉണ്ടായിരുന്നു.
തന്റെ വീടിന് നേരെ സുരക്ഷാ ഭീഷണി ഉണ്ടായ വാർത്തകൾക്കിടയിലും തൃഷ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ചിത്രങ്ങൾ അവർ എത്രത്തോളം ശാന്തയാണെന്ന് വ്യക്തമാക്കുന്നു. തന്റെ വളർത്തുനായ ഇസിക്കൊപ്പമുള്ള ചിത്രങ്ങളും ഭക്ഷണത്തിന്റെ ചിത്രങ്ങളുമാണ് താരം പങ്കുവെച്ചത്. “ആരും അമ്മയുടെ ബാഗിൽ തൊടരുത്, എന്നെ കൂടെ കൊണ്ടുപോകാതെ അമ്മയ്ക്കും അത് തൊടാൻ പറ്റില്ല” എന്ന രസകരമായ അടിക്കുറിപ്പോടെയുള്ള നായയുടെ ചിത്രം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.
അതേസമയം, സിനിമകളെക്കാൾ ഉപരി നടൻ വിജയുമായുള്ള പ്രണയവാർത്തകളുടെ പേരിലാണ് തൃഷ അടുത്തിടെ വാർത്തകളിൽ നിറഞ്ഞുനിന്നത്. വിജയിയുടെ ഭാര്യ സംഗീത വിവാഹമോചനത്തിന് അപേക്ഷ നൽകിയതും അതിൽ ഒരു നടിയുമായുള്ള ബന്ധത്തെക്കുറിച്ച് സൂചിപ്പിച്ചതും തമിഴ് സിനിമയിൽ വലിയ ചർച്ചയായിരുന്നു. ഇതിന് പിന്നാലെ വിജയും തൃഷയും ഒരു വിവാഹ ചടങ്ങിൽ ഒരേപോലെയുള്ള വസ്ത്രങ്ങൾ ധരിച്ചെത്തിയത് ഈ ഗോസിപ്പുകൾക്ക് ആക്കം കൂട്ടി. വിജയ് തന്റെ രാഷ്ട്രീയ പാർട്ടിയായ ടിവികെയുമായി തിരഞ്ഞെടുപ്പ് ഗോദയിലേക്ക് ഇറങ്ങാനിരിക്കെ ഇത്തരം വാർത്തകൾ വലിയ രാഷ്ട്രീയ ചർച്ചകൾക്കും വഴിതെളിക്കുന്നുണ്ട്. ‘വിശ്വംഭര’, ‘റാം’ തുടങ്ങി നിരവധി ചിത്രങ്ങളാണ് തൃഷയുടേതായി ഇനി പുറത്തിറങ്ങാനുള്ളത്.




