മുംബൈ: ടാറ്റ കൺസൾട്ടൻസി സർവീസസിന്റെ (ടിസിഎസ്) നാസിക് ഓഫീസിലെ ജീവനക്കാർ ഉൾപ്പെട്ട ലൈംഗികാതിക്രമം, നിർബന്ധിത മതപരിവർത്തനം എന്നീ പരാതികളിൽ പോലീസ് അന്വേഷണം ഊർജ്ജിതമാക്കി. പ്രതികൾ മറ്റ് സഹപ്രവർത്തകരോട് “ഹിന്ദു പെൺകുട്ടികളെ വിവാഹം കഴിക്കൂ” എന്ന് നിരന്തരം ആവശ്യപ്പെട്ടിരുന്നതായി കേസിൽ ഒരു സാക്ഷി വെളിപ്പെടുത്തി. രാജ്യത്തെ ഏറ്റവും വലിയ സോഫ്റ്റ്‌വെയർ കയറ്റുമതി കമ്പനിയായ ടിസിഎസിലെ ഒൻപത് പരാതികളിലായി ഇതിനകം ആറ് പുരുഷന്മാരും ഒരു സ്ത്രീയും ഉൾപ്പെടെ ഏഴ് ജീവനക്കാരെ പോലീസ് അറസ്റ്റ് ചെയ്തു. മറ്റൊരു വനിതാ ജീവനക്കാരിക്കായി തിരച്ചിൽ തുടരുകയാണ്.
ഹിന്ദു പെൺകുട്ടികളെ പ്രണയിച്ച് വിവാഹം കഴിക്കാനും മതം മാറ്റാനും പ്രതികൾ പ്രേരിപ്പിച്ചിരുന്നതായും, ഇതിനായി ഇവർക്ക് പണം ലഭിച്ചിരുന്നതായും ഒരു കരാർ ജീവനക്കാരൻ വെളിപ്പെടുത്തി. 2021 മുതൽ ഇത് തുടരുന്നതായും എച്ച്ആർ വിഭാഗത്തിനും ഇതിൽ പങ്കുണ്ടെന്നും ഇയാൾ ആരോപിക്കുന്നു. എട്ട് വനിതാ ജീവനക്കാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കഴിഞ്ഞ ആഴ്ചയാണ് പോലീസ് പ്രത്യേക അന്വേഷണ സംഘത്തെ (എസ്ഐടി) രൂപീകരിച്ചത്. മുതിർന്ന ജീവനക്കാർ തങ്ങളെ മാനസികമായും ലൈംഗികമായും പീഡിപ്പിച്ചെന്നും, എച്ച്ആർ വിഭാഗം ഈ പരാതികൾ അവഗണിച്ചെന്നും ഇവർ ആരോപിക്കുന്നു. 2022 ഫെബ്രുവരി മുതൽ 2026 മാർച്ച് വരെയുള്ള കാലയളവിലാണ് ഈ സംഭവങ്ങൾ നടന്നത്.
വിവാഹ വാഗ്ദാനം നൽകി ഒരു പ്രതി പീഡിപ്പിച്ചതായും, മറ്റുള്ളവർ അശ്ലീല ചുവയോടെ സംസാരിക്കുകയും മോശമായി സ്പർശിക്കുകയും ചെയ്തതായും പരാതിയിൽ പറയുന്നു. കമ്പനി അധികൃതരോട് പരാതിപ്പെട്ടിട്ടും നടപടിയെടുക്കാതെ അവർ പ്രതികളെ സഹായിക്കുകയാണ് ചെയ്തതെന്ന് പോലീസ് പ്രസ്താവനയിൽ വ്യക്തമാക്കി. ഒരു പുരുഷ ജീവനക്കാരനെ നിർബന്ധിച്ച് നിസ്കരിപ്പിച്ചതായും ആക്ഷേപമുണ്ട്. പരാതിയുമായി എത്തിയ പെൺകുട്ടികളെ ജോലിയിൽ നിന്ന് പിരിച്ചുവിടുമെന്ന് എച്ച്ആർ മാനേജർ ഭീഷണിപ്പെടുത്തിയതായും ആരോപണമുണ്ട്. ‘ലേഡി ക്യാപ്റ്റൻ’ എന്ന് വിളിക്കപ്പെട്ടിരുന്ന എച്ച്ആർ മാനേജർ നിദ ഖാൻ, പെൺകുട്ടികളുമായി സൗഹൃദം സ്ഥാപിച്ച ശേഷം അവരെ നിസ്കരിക്കാനും ഹിജാബ് ധരിക്കാനും പരിശീലിപ്പിച്ചിരുന്നതായാണ് പോലീസ് പറയുന്നത്.
അറസ്റ്റിലായ ജീവനക്കാരെ ടിസിഎസ് സസ്പെൻഡ് ചെയ്തു. പീഡനങ്ങളോട് വിട്ടുവീഴ്ചയില്ലാത്ത സമീപനമാണ് കമ്പനിക്കുള്ളതെന്നും പോലീസുമായി പൂർണ്ണമായി സഹകരിക്കുന്നുണ്ടെന്നും ടിസിഎസ് അറിയിച്ചു. ടാറ്റ സൺസ് ചെയർമാൻ എൻ. ചന്ദ്രശേഖരൻ ഈ സംഭവത്തിൽ കടുത്ത ആശങ്ക രേഖപ്പെടുത്തുകയും, ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ആരതി സുബ്രഹ്മണ്യത്തിന്റെ നേതൃത്വത്തിൽ കമ്പനി തലത്തിൽ വിശദമായ അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തു. കുറ്റക്കാർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് അദ്ദേഹം ഉറപ്പുനൽകി.




