ന്യൂഡൽഹി∙ ചോർന്ന നീറ്റ് പരീക്ഷയുടെ ചോദ്യപ്പേപ്പർ തരാമെന്നു പറഞ്ഞ് വിദ്യാർഥിനിയോട് മോശമായി സംസാരിക്കുന്ന അസിസ്റ്റന്റ് പ്രഫസറുടെ ഫോൺ സംഭാഷണം പുറത്തുവന്നു. ലക്നൗ സർവകലാശാലയിലെ അസിസ്റ്റന്റ് പ്രഫസറായ പരംജിത് സിങ്ങിന്റെ ഓഡിയോയാണ് പരസ്യമായത്. താൻ രണ്ടു ചോദ്യപ്പേപ്പറുകൾ സംഘടിപ്പിച്ചിട്ടുണ്ടെന്നും തന്നെ കാണാൻ എപ്പോഴാണ് വരികയെന്നും അധ്യാപകൻ ചോദിക്കുന്നത് ഇതിൽ കേൾക്കാം. എന്നാൽ തനിക്ക് ചോദ്യപ്പേപ്പറിന്റെ ആവശ്യമില്ലെന്നാണ് വിദ്യാർഥിനി മറുപടി നൽകുന്നത്.
ഫോൺ സംഭാഷണം ഇങ്ങനെ:
പരംജിത്: ഡാർലിങ്, ഞാൻ നിനക്കുവേണ്ടി ചോദ്യപ്പേപ്പറുകൾ ചോർത്തിയിട്ടുണ്ട്. എപ്പോഴാണ് നീ എന്നെ കാണാൻ വരുന്നത്.? പരീക്ഷയ്ക്കു മുൻപ് വീട്ടിൽനിന്ന് വരണം. നിനക്കു പേപ്പറുകൾ കോളജിൽവച്ച് തരാം.
വിദ്യാർഥിനി: സർ ഞാൻ പഠിച്ചിട്ടുണ്ട്, സിലബസ് പൂർത്തിയാക്കി.
പരംജിത്: അപ്പോ നീ ഒരു തവണ പോലും എന്നെ കാണാൻ വരില്ലേ?
വിദ്യാര്‍ഥിനി: എനിക്ക് വീട്ടിലെ കാര്യങ്ങൾ നോക്കണം. വരാൻ ശ്രമിക്കാം.
പരംജിത്: ശ്രമിക്കണ്ട പരീക്ഷയ്ക്ക് മുൻപ്, ഒരാഴ്ചയ്ക്കകം വരണം
ചോദ്യപ്പേപ്പർ നൽകാമെന്ന് പറഞ്ഞ് പരംജിത് തന്നോട് നിരന്തരം അപമര്യാദയായി പെരുമാറുന്നുവെന്ന് കാണിച്ച് ഒരു ബിഎസ്‌സി സുവോളജി അവസാന വർഷ വിദ്യാർഥിനിയാണ് സർവകലാശാല അധികൃതർക്ക് ഈ ഫോൺ സംഭാഷണം കൈമാറിയത്. അമ്മയ്ക്ക് സുഖമില്ലാത്തതിനാൽ താൻ ലീവിലായിരുന്ന സമയത്തും പരംജിത് തുടർച്ചയായി ഫോണിൽ വിളിക്കുകയും കോളജിലേക്ക് വരാൻ നിർബന്ധിക്കുകയും ചെയ്തതായി വിദ്യാർഥിനി പരാതിപ്പെട്ടു. ലഭിച്ച ഫോൺ രേഖകൾ സർവകലാശാല അധികൃതർ പൊലീസിന് നൽകിയതിനെ തുടർന്ന് പരംജിത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു.




