Crime

വാടക നൽകാൻ പണമില്ല; ഭാര്യയെയും മകളെയും ബലാത്സംഗം ചെയ്തോളൂയെന്ന് വീട്ടുടമയോട് ഭര്‍ത്താവ്, കരാറും ഉണ്ടാക്കി !

ഗാന്ധിനഗർ∙ വീട്ടുവാടക കൊടുക്കാൻ പണമില്ലാത്തതിനെ തുടർന്ന് സ്വന്തം ഭാര്യയെയും പ്രായപൂർത്തിയാകാത്ത മകളെയും പീഡിപ്പിക്കാൻ വീട്ടുടമസ്ഥന് കരാര്‍ വഴി അനുവാദം നൽകിയ സംഭവത്തിൽ ഒരാൾ പിടിയിലായി. ഗുജറാത്തിലെ മോർബിയിലാണ് മനസ്സാക്ഷിയെ ഞെട്ടിക്കുന്ന ഈ സംഭവം നടന്നത്.

സുരേന്ദ്രനഗറിൽ നിന്നുള്ള ഈ കുടുംബം ജീവിക്കാൻ വഴിതേടിയാണ് ആറു മാസം മുൻപ് മോർബിയിലേക്ക് താമസം മാറിയതെന്ന് പൊലീസ് വ്യക്തമാക്കി. മാസം 2,000 രൂപ വാടകയുള്ള ഒരു ചെറിയ മുറിയിലായിരുന്നു ഇവരുടെ താമസം. എന്നാൽ കനത്ത സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം കഴിഞ്ഞ നാല് മാസമായി ഇവർക്ക് വാടക നൽകാൻ കഴിഞ്ഞിരുന്നില്ല.

ഈ സാഹചര്യത്തിലാണ് വാടകയ്ക്ക് പകരമായി ഭാര്യയെയും മകളെയും ലൈംഗികമായി ഉപദ്രവിക്കാൻ ഇയാൾ വീട്ടുടമസ്ഥനുമായി ഒത്തുകളിച്ചത്. ഈ വിവരം അറിഞ്ഞ ഭാര്യയുടെ അമ്മ ഉടൻ തന്നെ മോർബി പൊലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ പോക്‌സോ നിയമപ്രകാരം കടുത്ത വകുപ്പുകൾ ചുമത്തി പൊലീസ് കേസെടുത്തു. തുടർന്ന് പെൺകുട്ടിയുടെ അച്ഛനെയും വീട്ടുടമസ്ഥനെയും പൊലീസ് അറസ്റ്റ് ചെയ്തു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ പിതാവും വീട്ടുടമസ്ഥനും ചേർന്നാണ് ഈ ക്രൂരത ആസൂത്രണം ചെയ്തതെന്ന് ഡപ്യൂട്ടി പൊലീസ് സൂപ്രണ്ട് ജെ.എം. ലാൽ അറിയിച്ചു. സംഭവത്തിൽ പങ്കുള്ള മൂന്നാമതൊരു വ്യക്തിക്കായി പൊലീസ് ഇപ്പോൾ അന്വേഷണം നടത്തുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *