ഗുവഹാത്തിയിൽ ഭർത്താവിനെ കൊലപ്പെടുത്തി വീട്ടുമുറ്റത്ത് കുഴിച്ചിട്ട കേസിൽ യുവതി അറസ്റ്റിൽ. 40 വയസ്സുകാരനായ സബിയാൽ റഹ്‌മാനെ കൊലപ്പെടുത്തിയ കേസിൽ ഭാര്യ റഹീമ ഖത്തൂൺ (38) ആണ് അറസ്റ്റിലായത്. ജൂൺ 26-ന് ഗുവഹാത്തിയിലെ പാണ്ടു മേഖലയിലെ ജയ്‌മാതി നഗറിലാണ് സംഭവം നടന്നത്.
പോലീസ് പറയുന്നതനുസരിച്ച്, ദാമ്പത്യകലഹത്തിനിടെയാണ് റഹീമ സബിയാലിനെ കൊലപ്പെടുത്തിയത്. കൊലപാതകത്തിനുശേഷം, മൃതദേഹം അഞ്ചടി താഴ്ചയുള്ള കുഴിയിൽ മറവ് ചെയ്യുകയായിരുന്നു. ഭർത്താവ് ജോലി തേടി കേരളത്തിലേക്ക് പോയെന്ന് റഹീമ നാട്ടുകാരോട് പറഞ്ഞിരുന്നു.
എന്നാൽ, ചിലർക്ക് സംശയം തോന്നിയതായി മനസ്സിലാക്കിയതോടെ, റഹീമ അസുഖമാണെന്ന് പറഞ്ഞ് സ്ഥലം വിട്ടു. സബിയാൽ റഹ്‌മാന്റെ സഹോദരൻ പരാതി നൽകിയതോടെയാണ് പോലീസ് അന്വേഷണം ആരംഭിച്ചത്.
തുടർന്ന്, ഗുവഹാത്തിയിലെ ജലുക്‌ബാരി പോലീസ് സ്റ്റേഷനിൽ റഹീമ കീഴടങ്ങുകയായിരുന്നു. ഭർത്താവ് മരിച്ചെന്നും കൊലപാതകത്തിന് പിന്നിൽ താനാണെന്നും അവർ സമ്മതിച്ചു. റഹ്‌മാന്റെ മൃതദേഹം പുറത്തെടുത്ത് ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.




