പ്രമേഹരോഗികൾക്ക് ഗുണകരമായ ഭക്ഷണങ്ങളുടെ പട്ടികയിൽ എപ്പോഴും മുൻപന്തിയിലുള്ള ഫലമാണ് പപ്പായ. എന്നാൽ പച്ചപ്പപ്പായയാണോ അതോ പഴുത്ത പപ്പായയാണോ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ നല്ലതെന്ന കാര്യത്തിൽ പലർക്കും സംശയമുണ്ട്. പപ്പായ പഴുക്കുന്നതിനനുസരിച്ച് അതിന്റെ രുചിയിൽ മാത്രമല്ല, നമ്മുടെ ശരീരത്തിൽ അത് ചെലുത്തുന്ന സ്വാധീനത്തിലും മാറ്റങ്ങൾ വരുന്നു.
പച്ചപ്പപ്പായയും പഴുത്ത പപ്പായയും പോഷകഗുണങ്ങളിൽ സമാനമല്ല. 100 ഗ്രാം പച്ചപ്പപ്പായയിൽ വെറും 1.2 ഗ്രാം പഞ്ചസാരയും 2.6 ഗ്രാം നാരുകളും (fibre) അടങ്ങിയിരിക്കുമ്പോൾ, പഴുത്ത പപ്പായയിൽ ഇത് യഥാക്രമം 7.8 ഗ്രാമും 1.7 ഗ്രാമുമാണ്. അതായത് പച്ചപ്പപ്പായയിൽ പഞ്ചസാര കുറവും നാരുകൾ കൂടുതലുമാണ്. പച്ചപ്പപ്പായയിലുള്ള ഉയർന്ന നാരുകൾ ദഹനം സാവധാനത്തിലാക്കാനും രക്തത്തിലേക്ക് ഗ്ലൂക്കോസ് കലരുന്നത് നിയന്ത്രിക്കാനും സഹായിക്കുന്നു. ഇത് ഭക്ഷണത്തിന് ശേഷം പെട്ടെന്ന് പഞ്ചസാരയുടെ അളവ് കൂടുന്നത് തടയുന്നു.
പഴുത്ത പപ്പായയിൽ ഫ്രക്ടോസിന്റെ അളവ് കൂടുതലായതിനാൽ ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വേഗത്തിൽ വർദ്ധിപ്പിക്കാൻ സാധ്യതയുണ്ട്. അതിനാൽ പഴുത്ത പപ്പായ കഴിക്കുമ്പോൾ അളവ് പരിമിതപ്പെടുത്തേണ്ടത് അത്യാവശ്യമാണ്. ഗ്ലൈസെമിക് ഇൻഡക്സ് (Glycaemic Index) പരിശോധിച്ചാലും പച്ചപ്പപ്പായയ്ക്ക് വളരെ കുറഞ്ഞ നിലവാരമാണുള്ളത്. ഇത് പ്രമേഹരോഗികൾക്ക് ഗുണകരമാണ്. പച്ചപ്പപ്പായ കറികളിലോ സാലഡുകളിലോ ചേർത്ത് പതിവായി ഭക്ഷണത്തിന്റെ ഭാഗമാക്കാം.
പഴുത്ത പപ്പായ പൂർണ്ണമായും ഒഴിവാക്കേണ്ടതില്ലെങ്കിലും നിയന്ത്രിതമായ അളവിൽ മാത്രം കഴിക്കുക. പാക്കറ്റുകളിൽ ലഭിക്കുന്ന പപ്പായ ജ്യൂസുകൾ ഒഴിവാക്കുന്നതാണ് നല്ലത്. ഇൻസുലിൻ എടുക്കുന്നവർ പപ്പായയുടെ അളവ് ഡോക്ടറുടെ നിർദ്ദേശപ്രകാരം ക്രമീകരിക്കണം. ഗർഭിണികൾ പച്ചപ്പപ്പായ കഴിക്കുമ്പോൾ അല്പം ശ്രദ്ധിക്കുന്നത് നല്ലതാണ്. ചുരുക്കത്തിൽ, രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാൻ ഏറ്റവും അനുയോജ്യം പച്ചപ്പപ്പായയാണ്. എന്നാൽ ശരിയായ അളവിലും രീതിയിലും കഴിച്ചാൽ രണ്ടു പപ്പായകളും ആരോഗ്യത്തിന് ഗുണകരമാണ്.




