ശ്രദ്ധ കപൂർ കേന്ദ്രകഥാപാത്രമാകുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ഈഥ’ (Eetha). മഡോക്ക് ഫിലിംസിന്റെ ഈ വരാനിരിക്കുന്ന സിനിമ, മഹാരാഷ്ട്രയിലെ പ്രശസ്ത ഫോക്ക് തീയേറ്റർ കലാകാരിയും പ്രമുഖ ലാവണി-തമാശ നർത്തകിയുമായിരുന്ന വിഠാബായി ഭാവു മാംഗ് നാരായൺഗാവോങ്കറിന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ളതാണ്. 1940-കൾ മുതൽ 1990-കൾ വരെയുള്ള കാലഘട്ടത്തിലൂടെ അവരുടെ ജീവിതവും വളർച്ചയും പറയുന്ന ഈ ചിത്രത്തിന്റെ ടീസർ കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു. ‘വിഠാ’ എന്ന അവരുടെ വിളിപ്പേരിൽ നിന്നാണ് സിനിമയ്ക്ക് ‘ഈഥ’ എന്ന പേര് വന്നിരിക്കുന്നത്.
1935 ജൂലൈയിൽ മഹാരാഷ്ട്രയിലെ പന്ഢർപൂരിലാണ് വിഠാബായി ജനിച്ചത്. കലാരംഗത്ത് സജീവമായ ഒരു കുടുംബത്തിൽ വളർന്ന അവർ ചെറുപ്പത്തിൽ തന്നെ വേദിയിലെത്തുകയും തനതായ ശൈലിയിലൂടെ മഹാരാഷ്ട്രയിലെ ഫോക്ക് തീയേറ്ററിന്റെ മുഖമായി മാറുകയും ചെയ്തു. ലാവണി, തമാശ തുടങ്ങിയ പരമ്പരാഗത നൃത്തരൂപങ്ങളിലൂടെ വലിയ ജനപ്രീതി നേടിയ അവരെ മഹാരാഷ്ട്ര സർക്കാർ ‘തമാശ സമ്രാഗ്നി’ എന്ന പദവി നൽകി ആദരിച്ചിട്ടുണ്ട്. കൂടാതെ 1957-ലും 1990-ലും അവർക്ക് രാഷ്ട്രപതിയുടെ മെഡലുകളും ലഭിച്ചു. എന്നാൽ കരിയറിൽ വലിയ വിജയങ്ങൾ നേടിയിട്ടും, ജീവിതത്തിന്റെ അവസാന നാളുകളിൽ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിട്ട അവർ ദാരിദ്ര്യത്തിലാണ് അന്തരിച്ചത്.
“ഞാൻ വെറുതെ മരിച്ചാൽ ഒരു പാവം സ്ത്രീയായി മാത്രമേ ആളുകൾ എന്നെ ഓർക്കൂ, എന്നാൽ നൃത്തം ചെയ്തുകൊണ്ട് മരിച്ചാൽ ഞാനൊരു ചരിത്രമാകും” എന്ന അവരുടെ വാക്കുകളാണ് ഈ സിനിമയുടെ ആത്മാവ്. സാമൂഹിക വിലക്കുകളെ മറികടന്ന് കലയ്ക്കായി ജീവിച്ച വിഠാബായിയായി ശ്രദ്ധ കപൂർ എത്തുമ്പോൾ, രൺദീപ് ഹൂഡ, മുഹമ്മദ് സീഷൻ അയ്യൂബ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങൾ ചെയ്യുന്നുണ്ട്. ദിനേഷ് വിജൻ നിർമ്മിച്ച് ലക്ഷ്മൺ ഉട്ടേക്കർ സംവിധാനം ചെയ്യുന്ന ഈ ചിത്രം 2026 ഓഗസ്റ്റ് 28-ന് തിയേറ്ററുകളിൽ എത്തും.




