ചൈനയിൽ നിന്നുള്ള വിചിത്രമായ ഒരു വാർത്ത സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിയൊരുക്കിയിരിക്കുകയാണ്. പ്രണയിച്ചിരുന്ന സമയത്ത് കാമുകിക്ക് വേണ്ടി ചിലവാക്കിയ 6 ലക്ഷം രൂപ തിരികെ വേണമെന്നാവശ്യപ്പെട്ട് യുവാവ് കോടതിയെ സമീപിച്ചു. കാമുകി അമിതമായി ഭക്ഷണം കഴിക്കുന്നു എന്നതാണ് യുവാവ് ഇതിന് കാരണമായി കോടതിയിൽ പറഞ്ഞത്.
‘അവൾ ഒരുപാട് ആഹാരം കഴിക്കുമായിരുന്നു’
വടക്കുകിഴക്കൻ ചൈനയിലെ ഹീലോംഗ്ജിയാങ് പ്രവിശ്യയിലാണ് ഈ സംഭവം നടന്നത്. വിവാഹനിശ്ചയം കഴിഞ്ഞ് വേർപിരിഞ്ഞതിന് പിന്നാലെയാണ് യുവാവ് കോടതിയിൽ കേസ് ഫയൽ ചെയ്തത്. ഏകദേശം 7,000 ഡോളർ (6 ലക്ഷത്തിലധികം രൂപ) താൻ പ്രണയകാലത്ത് കാമുകിക്കായി ചിലവാക്കി എന്നാണ് ഇയാൾ അവകാശപ്പെടുന്നത്. ഇതിൽ 4,200 ഡോളറോളം വരുന്നത് വിവാഹത്തിന് മുന്നോടിയായി നൽകിയ ‘ബ്രിഡൽ പ്രൈസ്’ (Bride price) തുകയാണ്.
ഈ കേസിലെ വാദങ്ങളാണ് സോഷ്യൽ മീഡിയയിൽ ചിരി പടർത്തിയത്. തന്റെ സാമ്പത്തിക സ്ഥിതിയെ ബാധിക്കുന്ന തരത്തിൽ യുവതി പണം ചെലവാക്കിയെന്ന് യുവാവ് ആരോപിച്ചു. തനിക്ക് സ്വന്തമായി ഒരു ‘മലതാങ്’ (Malatang) റെസ്റ്റോറന്റ് ഉണ്ടെന്നും കാമുകി എല്ലാ ദിവസവും അവിടെ വന്ന് അമിതമായി ഭക്ഷണം കഴിക്കുമായിരുന്നെന്നും യുവാവ് കോടതിയിൽ പറഞ്ഞു.
തിരിച്ചടിച്ച് യുവതി
യുവാവിന്റെ ആരോപണങ്ങൾക്ക് കോടതിയിൽ യുവതി കൃത്യമായ മറുപടി നൽകി. “ഇയാൾ വലിയ കണക്കുപുസ്തകക്കാരനാണ്, ഞാൻ അയാളുടെ കാമുകിയായിരുന്നു” എന്നായിരുന്നു യുവതിയുടെ പ്രതികരണം. തനിക്ക് വാങ്ങിത്തന്ന അടിവസ്ത്രങ്ങളുടെയും ടൈറ്റ്‌സുകളുടെയും പണം വരെ യുവാവ് തിരികെ ചോദിച്ചിരുന്നു. ഇതിന് മറുപടിയായി, “നീ എനിക്ക് വാങ്ങിത്തന്ന ആ വസ്ത്രങ്ങൾ നീ ആസ്വദിച്ചിരുന്നില്ലേ?” എന്ന് യുവതി കോടതിയിൽ പരസ്യമായി ചോദിച്ചതും വൈറലായി.
കോടതി വിധി
ഇരുവരുടെയും വാദങ്ങൾ കേട്ട കോടതി പ്രണയകാലത്ത് നൽകുന്ന സമ്മാനങ്ങൾ തിരികെ നൽകേണ്ടതില്ലെന്ന് വ്യക്തമാക്കി. ഇത്തരം സമ്മാനങ്ങൾ വൈകാരികമായ മൂല്യമുള്ളതാണെന്നും അവ വായ്പയോ കരാറോ ആയി കാണാൻ കഴിയില്ലെന്നും കോടതി നിരീക്ഷിച്ചു.
എങ്കിലും, വിവാഹത്തിനായി മുൻകൂട്ടി നൽകിയ ‘ബ്രിഡൽ പ്രൈസ്’ തുകയുടെ പകുതി (ഏകദേശം 1.2 ലക്ഷം രൂപ) യുവതി തിരികെ നൽകണമെന്ന് കോടതി ഉത്തരവിട്ടു. മറ്റ് ചിലവുകളെല്ലാം കോടതി തള്ളിക്കളഞ്ഞു.




