തമിഴ്‌നാട്ടിലെ ശിവഗംഗയിൽ മുപ്പതുകാരിയായ വനിതാ പോലീസ് കോൺസ്റ്റബിൾ കൂട്ടബലാത്സംഗത്തിനിരയായി. കഴിഞ്ഞ വെള്ളിയാഴ്ച രാത്രി സുഹൃത്തിനൊപ്പം ഭക്ഷണം കഴിക്കാൻ പുറത്തുപോയപ്പോഴാണ് ഈ സംഭവം നടന്നത്. കേസിൽ യുവതിയുടെ സുഹൃത്ത് ഉൾപ്പെടെ മൂന്ന് പേരെ ശിവഗംഗ പോലീസ് അറസ്റ്റ് ചെയ്തു.
ശിവഗംഗ തൂതൈ സ്വദേശിയായ ഡി. റോബിൻ (28), സിതാലങ്കുടി സ്വദേശികളായ പി. മഹാരാജൻ (25), കെ. ഹരീഷ് രാജൻ (21) എന്നിവരാണ് പിടിയിലായവർ. ശിവഗംഗ ആംഡ് റിസർവ് വിഭാഗത്തിൽ കോൺസ്റ്റബിളായ യുവതി, തനിക്ക് അവധിയായിരുന്ന ദിവസമാണ് സുഹൃത്തായ റോബിനൊപ്പം ഭക്ഷണം കഴിക്കാൻ പോയത്.
ഭക്ഷണം കഴിച്ചതിന് ശേഷം റോബിൻ യുവതിയെ വിജനമായ ഒരു സ്ഥലത്തേക്ക് കൊണ്ടുപോവുകയും അവിടെവെച്ച് ഇരുവരും പരസ്പര സമ്മതത്തോടെ ലൈംഗികബന്ധത്തിൽ ഏർപ്പെടുകയും ചെയ്തതായി പോലീസ് പറയുന്നു. ഇതിന് പിന്നാലെ റോബിൻ തന്റെ സുഹൃത്തും യുവതിയുടെ മുൻ കാമുകനുമായ പി. മഹാരാജനെ അങ്ങോട്ട് വിളിച്ചുവരുത്തി. മഹാരാജൻ തന്റെ മറ്റൊരു കൂട്ടുകാരനായ ഹരീഷ് രാജനെയും കൂട്ടിയാണ് സ്ഥലത്തെത്തിയത്.
അവിടെയെത്തിയ മഹാരാജൻ തന്നോടും ലൈംഗികബന്ധത്തിലേർപ്പെടാൻ യുവതിയെ നിർബന്ധിച്ചു. എന്നാൽ യുവതി ഇത് വിസമ്മതിച്ചതോടെ മഹാരാജനും ഹരീഷ് രാജനും ചേർന്ന് യുവതിയെ മാറി മാറി ബലാത്സംഗം ചെയ്തതായി പോലീസ് റിപ്പോർട്ടിൽ പറയുന്നു. ആക്രമണത്തിന് ശേഷം അവിടെനിന്ന് എങ്ങനെയോ രക്ഷപ്പെട്ട യുവതി വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. തുടർന്ന് പോലീസ് എത്തി യുവതിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി. ഇവർക്ക് ആവശ്യമായ കൗൺസിലിംഗ് നൽകാനുള്ള നടപടികൾ സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു.
യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ശിവഗംഗ പോലീസ് കേസെടുക്കുകയായിരുന്നു. ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 70(i), 55, 351(ii) എന്നിവ പ്രകാരമാണ് മൂന്ന് പ്രതികളെയും പോലീസ് അറസ്റ്റ് ചെയ്തത്. ഇവരെ പിന്നീട് കോടതി റിമാൻഡ് ചെയ്തു.




