നോയിഡയിലെ ആഢംബര ഫ്ലാറ്റിലെ നീന്തൽക്കുളത്തിന് സമീപം മൂന്ന് വിദേശ വനിതകൾ കഞ്ചാവ് വലിക്കുന്നതായി പറയുന്ന ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. പൊതുസ്ഥലങ്ങളിലെ പെരുമാറ്റത്തെയും പ്രാദേശിക നിയമങ്ങൾ പാലിക്കുന്നതിനെക്കുറിച്ചുമുള്ള വിവിധ ചർച്ചകൾക്ക് ഇത് വഴിതുറക്കുകയും ചെയ്തു. നോയിഡയിലെ ലക്ഷ്വറി ഫ്ലാറ്റ് സമുച്ചയമായ സൂപ്പർനോവ സ്പൈറ ടവേഴ്സിലാണ് സംഭവം നടന്നതെന്നാണ് പറയപ്പെടുന്നത്. നീന്തൽ വസ്ത്രം ധരിച്ച വിദേശ വനിതകൾ കുട്ടികളും കുടുംബങ്ങളും ഉൾപ്പെടെയുള്ള താമസക്കാർ സ്ഥിരമായി എത്തുന്ന നീന്തൽക്കുളത്തിന് സമീപമിരുന്ന് പുകവലിക്കുന്നതായാണ് ഓൺലൈനിൽ പ്രചരിക്കുന്ന ദൃശ്യങ്ങളിലുള്ളത്.
അവിടെയുണ്ടായിരുന്ന സുരക്ഷാ ജീവനക്കാരൻ ഇവരെ സമീപിച്ച് പൊതുസ്ഥലത്ത് വെച്ച് പുകവലിക്കരുതെന്ന് ആവശ്യപ്പെട്ടു. എന്നാൽ ഇവര്‍ ഈ മുന്നറിയിപ്പ് അവഗണിക്കുകയും പുകവലി തുടരുകയുമാണുണ്ടായതെന്ന് പറയുന്നു. ഇവർ ഉപയോഗിച്ചത് കഞ്ചാവ് തന്നെയാണോ എന്ന കാര്യത്തിൽ ഔദ്യോഗികമായ സ്ഥിരീകരണങ്ങളൊന്നും വന്നിട്ടില്ല. എങ്കിലും ഈ വീഡിയോ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെടുകയും ഹൗസിംഗ് സൊസൈറ്റി നിയമങ്ങൾ പാലിക്കുന്നതിനെക്കുറിച്ചുള്ള ചർച്ചകൾക്ക് കാരണമാവുകയും ചെയ്തു. പാർപ്പിട സമുച്ചയത്തിലെ നിയമങ്ങൾ എല്ലാവർക്കും ഒരേപോലെയാണോ നടപ്പാക്കുന്നത് എന്ന് ചോദ്യം ചെയ്ത് നിരവധി താമസക്കാരും സോഷ്യൽ മീഡിയ ഉപയോക്താക്കളും രംഗത്തെത്തിയിട്ടുണ്ട്.
വൈറലായ ഈ വീഡിയോയ്ക്ക് താഴെ നിരവധി പ്രതികരണങ്ങളാണ് വരുന്നത്. ഇന്ത്യയിലെ സാധാരണക്കാരായ ജനങ്ങളോട് പൊതുബോധവും നിയമങ്ങളും പാലിക്കാൻ എപ്പോഴും ആവശ്യപ്പെടാറുണ്ടെന്നും എന്നാൽ വിദേശ പൗരന്മാർക്ക് ഇത്തരം കാര്യങ്ങളിൽ പലപ്പോഴും ഇളവുകൾ ലഭിക്കാറുണ്ടെന്നും ‘ഇൻകോഗ്നിറ്റോ’ എന്ന പ്രൊഫൈലിൽ നിന്നുള്ള ഒരു ഉപയോക്താവ് കുറിച്ചു. വിദേശികൾ പൊതുസ്ഥലങ്ങളിൽ കഞ്ചാവ് വലിക്കുകയും സുരക്ഷാ ജീവനക്കാരെ അവഗണിക്കുകയും ചെയ്യുന്നത് തങ്ങൾക്ക് നിയമങ്ങളൊന്നും ബാധകമല്ലെന്ന രീതിയിലാണെന്ന് ‘അർണവ്’ എന്ന മറ്റൊരു ഉപയോക്താവ് വിമർശിച്ചു. പൗരബോധത്തെക്കുറിച്ചും പുരോഗമന മൂല്യങ്ങളെക്കുറിച്ചും വലിയ പ്രസംഗങ്ങൾ നടത്തുന്നവർ നിയമങ്ങൾ ലംഘിക്കുമ്പോൾ എല്ലാം മറക്കുകയാണെന്നും, നിയമം നാട്ടുകാർക്കും വിദേശികൾക്കും ഒരുപോലെ ബാധകമായിരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഈ പെരുമാറ്റത്തെ നിരവധി ആളുകൾ കുറ്റപ്പെടുത്തിയപ്പോൾ തന്നെ, പ്രചരിക്കുന്ന വീഡിയോയിൽ നിന്ന് മാത്രം അവർ വലിച്ചത് കഞ്ചാവ് ആണെന്ന് എങ്ങനെ ഉറപ്പിച്ചു പറയാൻ കഴിയുമെന്ന് ചില ഉപയോക്താക്കൾ ചോദ്യം ചെയ്തു. സൊസൈറ്റിയിലെ നിയമങ്ങൾ കൂടുതൽ കർശനമാക്കണമെന്ന് ഒരു വിഭാഗം ആവശ്യപ്പെടുമ്പോൾ, സ്ഥിരീകരിക്കാത്ത ഒരു വീഡിയോ കണ്ട് പെട്ടെന്ന് നിഗമനങ്ങളിൽ എത്തരുതെന്നാണ് മറ്റൊരു വിഭാഗം വാദിക്കുന്നത്. എന്തായാലും ഇതുമായി ബന്ധപ്പെട്ട ഓൺലൈൻ ചർച്ചകൾ ഇപ്പോഴും തുടരുകയാണ്.




