പെറുവിലെ ലോകപ്രശസ്ത വിനോദസഞ്ചാര മേഖലയായ ‘മച്ചുപിച്ചു ഇന്‍ക’ സങ്കേതത്തിന് ഈ പോക്ക് പോയാല്‍ ലോകാത്ഭുതങ്ങളുടെ പട്ടികയില്‍ നിന്നും പുറത്തുപോകേണ്ടി വരും. അമിത ടൂറിസം, പരിമിതമായ സംരക്ഷണനയങ്ങള്‍, സാമൂഹിക സംഘര്‍ഷങ്ങള്‍ എന്നിവ കാരണം മാച്ചു പിച്ചുവിന് അത്ഭുതങ്ങളില്‍ ഒന്നെന്ന നിലയില്‍ അതിന്റെ ‘സ്ഥാനം’ നഷ്ടപ്പെടാനുള്ള സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
2007ല്‍ നടന്ന ആഗോള മത്സരത്തില്‍ 100 ദശലക്ഷത്തിലധികം വോട്ടുകള്‍ നേടിയാണ് ലോകത്തിലെ പുതിയ 7 അത്ഭുതങ്ങളില്‍ ഒന്നായി മച്ചുപിച്ചു തിരഞ്ഞെടുക്കപ്പെട്ടത്. എന്നാല്‍ മച്ചുപിച്ചുവിന്റെ ഇപ്പോഴത്തെ സ്ഥിതി മെച്ചപ്പെടുത്തണമെന്നുള്ള നിര്‍ദ്ദേശങ്ങള്‍ ലഭിച്ചിരിക്കുന്ന സാഹചര്യത്തില്‍ രാജ്യം ഇക്കാര്യത്തില്‍ എടുക്കുന്ന തീരുമാനത്തെ ആശ്രയിച്ചിരിക്കും എല്ലാമെന്ന് ന്യൂസെവന്‍വണ്ടേഴ്സ് എന്ന സംഘടന പറഞ്ഞു. 1983-ലാണ് യുനെസ്‌കോ മച്ചു പിച്ചുവിനെ ലോക പൈതൃക സ്ഥലമായി പ്രഖ്യാപിച്ചത്. എന്നാല്‍ ഈ ടൂറിസം സൈറ്റുമായി ബന്ധപ്പെട്ട് പല അനേകം പ്രശ്‌നങ്ങളും പ്രതിസന്ധികളും സമീപകാലത്ത് ഉയര്‍ന്ന് വന്നിരുന്നു.
കുസ്‌കോ ചേംബര്‍ ഓഫ് ടൂറിസത്തിന്റെ കണക്കനുസരിച്ച്, ഗതാഗത ഇളവുകളെച്ചൊല്ലിയുള്ള പ്രതിഷേധങ്ങള്‍ സമീപ ദിവസങ്ങളില്‍ ആയിരക്കണക്കിന് യാത്രക്കാരെ മച്ചു പിച്ചുവിന് ചുറ്റും കുടുങ്ങാന്‍ കാരണമായി. ആന്‍ഡീസ് പര്‍വതനിരകളിലെ കുസ്‌കോ നഗരം മച്ചു പിച്ചുവിലേക്കുള്ള യാത്രക്കാര്‍ക്ക് ഒരു പൊതു കവാടമാണ്. സങ്കേതത്തിലേക്കുള്ള റൂട്ടിനുള്ള ഇളവിനെച്ചൊല്ലി സെപ്റ്റംബര്‍ ആദ്യം പ്രതിഷേധം ആരംഭിച്ചു. തിങ്കളാഴ്ച കുസ്‌കോ നിവാസികള്‍ സ്ഥലത്തേക്കുള്ള ട്രെയിന്‍ ട്രാക്കുകള്‍ തടഞ്ഞതോടെ പ്രതിഷേധം വര്‍ദ്ധിച്ചു.
2023-ല്‍, സങ്കേതത്തിലേക്കുള്ള ടിക്കറ്റുകളുടെ ഓണ്‍ലൈന്‍ വില്‍പ്പന സംബന്ധിച്ച പെറുവിയന്‍ സര്‍ക്കാരിന്റെ തീരുമാനത്തില്‍ പ്രതിഷേധിച്ച് റെയില്‍വേ ട്രാക്കുകള്‍ ഉപരോധിച്ച് ഒരു കൂട്ടം നാട്ടുകാര്‍ പണിമുടക്കിയിരുന്നു. ഇതിനെത്തുടര്‍ന്ന് മച്ചു പിച്ചുവിലേക്കുള്ള റൂട്ടിലെ ട്രെയിന്‍ സര്‍വീസുകള്‍ നിര്‍ത്തിവച്ചതായി സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു. ഈ വര്‍ഷം മച്ചു പിച്ചു 1.5 ദശലക്ഷം സന്ദര്‍ശകരെ കവിയുമെന്ന് പ്രതീക്ഷിക്കുന്നു. ഒരു വര്‍ഷത്തിനിടെ ഏറ്റവും കൂടുതല്‍ സന്ദര്‍ശകരുടെ എണ്ണമെന്ന മുന്‍ റെക്കോര്‍ഡ്, 2019 ല്‍, മഹാമാരിക്ക് മുമ്പ് എത്തിയതായിരുന്നു, ആ കണക്ക് തകര്‍ക്കുമെന്ന് സാംസ്‌കാരിക മന്ത്രി ഫാബ്രിസിയോ വലന്‍സിയ പറഞ്ഞു.




