Featured Good News

ജീവൻ രക്ഷിക്കാൻ ട്രെയിനിൽ ഹൃദയവുമായി കുതിപ്പ്, ചരിത്രം കുറിച്ച് വന്ദേ ഭാരത്! ആദ്യ ലൈവ് അവയവ മാറ്റ ദൗത്യം വിജയം

മുംബൈ: ഇന്ത്യന്‍ റെയില്‍വേയുടെ ചരിത്രത്തിലാദ്യമായി, ജീവനുള്ള ഒരു മനുഷ്യഹൃദയം മുംബൈ സെന്‍ട്രല്‍–ഗാന്ധിനഗര്‍ ക്യാപിറ്റല്‍ വന്ദേ ഭാരത് എക്സ്പ്രസ് വഴി സൂറത്തില്‍ നിന്ന് അഹമ്മദാബാദിലേക്ക് വിജയകരമായി എത്തിച്ചു. കൃത്യസമയത്തിനുള്ളില്‍ തന്നെ നിർണായകമായ ഹൃദയമാറ്റ ശസ്ത്രക്രിയ നടത്താന്‍ ഇത് സഹായിച്ചു. വന്ദേ ഭാരത് ട്രെയിനുകളുടെ വേഗതയും ഇന്ത്യന്‍ റെയില്‍വേ, വെസ്റ്റേണ്‍ റെയില്‍വേ, റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സ് (ആർ.പി.എഫ്), ഗുജറാത്ത് പോലീസ്, മെഡിക്കല്‍ സംഘങ്ങള്‍ എന്നിവരുടെ ഏകോപിതമായ പ്രവര്‍ത്തനവുമാണ് ഈ ചരിത്ര ദൗത്യം വിജയകരമാക്കിയത്.

20901-ാം നമ്പർ ട്രെയിനിലാണ് ഹൃദയം സുരക്ഷിതമായി അഹമ്മദാബാദിലെത്തിച്ചത്. അഹമ്മദാബാദ് റെയിൽവേ സ്റ്റേഷനിലെ ഒന്നാം നമ്പർ പ്ലാറ്റ്‌ഫോമിൽ നിന്ന് പ്രത്യേകം തയ്യാറാക്കിയ ‘ഗ്രീൻ കോറിഡോർ’ വഴി ഹൃദയം യു.എൻ. മേത്ത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കാർഡിയോളജി ആൻഡ് റിസർച്ച് സെന്ററിലേക്ക് മാറ്റി. യാതൊരു തടസ്സവുമില്ലാതെ കൃത്യസമയത്ത് ആശുപത്രിയിൽ എത്തിച്ചതിനാൽ ഡോക്ടർമാർക്ക് ജീവൻ രക്ഷാ ശസ്ത്രക്രിയയുമായി മുന്നോട്ട് പോകാൻ കഴിഞ്ഞു.

ഇത് ഇന്ത്യന്‍ റെയില്‍വേയ്ക്ക് അഭിമാന നിമിഷമാണെന്ന് അഹമ്മദാബാദ് ഡിവിഷണല്‍ റെയില്‍വേ മാനേജര്‍ വേദ് പ്രകാശ് പറഞ്ഞു. “ജീവന്റെ വിലയുള്ള ഇത്തരം ദൗത്യങ്ങളില്‍ ഓരോ മിനിറ്റും വളരെ പ്രധാനമാണ്. ഇന്ത്യന്‍ റെയില്‍വേ, ആര്‍.പി.എഫ്, ഗുജറാത്ത് പോലീസ്, മെഡിക്കല്‍ ടീമുകള്‍ എന്നിവരുടെ മികച്ച സഹകരണമാണ് വന്ദേ ഭാരതിലൂടെ ഹൃദയം സുരക്ഷിതമായി എത്തിക്കാന്‍ സഹായിച്ചത്. ഒരു മനുഷ്യജീവന്‍ രക്ഷിക്കുക എന്നത് ഞങ്ങളുടെ ഉത്തരവാദിത്തം മാത്രമല്ല, പരമോന്നത കര്‍ത്തവ്യം കൂടിയാണ്,” അദ്ദേഹം പറഞ്ഞു.

അടിയന്തര ആരോഗ്യ സേവനങ്ങള്‍ക്കായി റെയിൽവേ സൗകര്യങ്ങൾ ഉപയോഗിക്കുന്നതിൽ വലിയൊരു നാഴികക്കല്ലാണ് ഈ ദൗത്യം. വേഗതയ്ക്കും കൃത്യനിഷ്ഠയ്ക്കും പേരു കേട്ട വന്ദേ ഭാരത് എക്സ്പ്രസ്, വളരെ കുറഞ്ഞ സമയത്തിനുള്ളിൽ അവയവങ്ങൾ ദീർഘദൂരത്തിലേക്ക് എത്തിക്കാൻ കഴിവുള്ളതാണെന്ന് തെളിഞ്ഞു. റെയില്‍വേ ഉദ്യോഗസ്ഥര്‍, സുരക്ഷാ ഉദ്യോഗസ്ഥര്‍, ട്രാൻസ്പ്ലാന്റ് കോർഡിനേറ്റർമാർ, ആരോഗ്യപ്രവർത്തകർ എന്നിവരുടെ ഒത്തൊരുമിച്ചുള്ള ശ്രമം ജീവന്‍ രക്ഷിക്കാന്‍ എങ്ങനെ സഹായിക്കുമെന്ന് ഈ ദൗത്യം വ്യക്തമാക്കുന്നു. യാത്രക്കാരെയും ചരക്കുകളെയും ലക്ഷ്യസ്ഥാനത്ത് എത്തിക്കുന്നതിന് പുറമെ, അടിയന്തര വൈദ്യസഹായ രംഗത്തും ഇന്ത്യന്‍ റെയില്‍വേ വിശ്വസനീയമായ ഒരു പങ്കാളിയായി മാറുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *