ഗർഭസ്ഥ ശിശുവിന്റെ പിതൃത്വത്തെച്ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് അഞ്ചുമാസം ഗർഭിണിയായ ഭാര്യയെ ഭർത്താവ് ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തി. കാഞ്ചീപുരം ജില്ലയിലെ ഉത്തിരമേരൂരിനടുത്തുള്ള പഴയശീവരത്താണ് നാടിനെ നടുക്കിയ ക്രൂര സംഭവം നടന്നത്. 28കാരിയായ സോണിയയാണ് ഭർത്താവ് സോമസുന്ദരത്തിന്റെ (28) കൈകളാൽ കൊല്ലപ്പെട്ടത്. ഹോം ഗാർഡായി ജോലി ചെയ്യുന്ന സോമസുന്ദരവും സോണിയയും തമ്മിലുള്ള വിവാഹം ആറുമാസം മുൻപാണ് നടന്നത്.
വിവാഹം കഴിഞ്ഞത് മുതൽ ഇരുവരും തമ്മിൽ നിരന്തരം വഴക്കുണ്ടാകാറുണ്ടായിരുന്നുവെന്നാണ് പോലീസിന് ലഭിച്ച വിവരം. കഴിഞ്ഞ ചൊവ്വാഴ്ച പുലർച്ചെയുണ്ടായ തർക്കത്തിനിടയിലാണ് സോമസുന്ദരം കുഞ്ഞിന്റെ പിതൃത്വത്തെച്ചൊല്ലി സംശയം പ്രകടിപ്പിച്ചതും തുടർന്ന് കൊലപാതകത്തിൽ കലാശിച്ചതും. സംഭവ സ്ഥലത്തെത്തിയ പോലീസ് സോമസുന്ദരത്തെ ചോദ്യം ചെയ്തപ്പോൾ തനിക്ക് കുട്ടികളുണ്ടാകില്ലെന്ന ആരോഗ്യപ്രശ്നമുള്ള കാര്യം വെളിപ്പെടുത്തി. എന്നാൽ ഈ വിവരം ഭാര്യയിൽ നിന്ന് മറച്ചുവെച്ചിരിക്കുകയായിരുന്നുവെന്നും ഇയാൾ പറഞ്ഞു.
തനിക്ക് കുട്ടികളുണ്ടാകില്ലെന്ന ധാരണയാണ് കുഞ്ഞിന്റെ പിതൃത്വത്തിൽ സംശയമുണ്ടാകാൻ കാരണമായതെന്നും ഇതിനെച്ചൊല്ലിയുള്ള വാക്കുതർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും ഇയാൾ സമ്മതിച്ചു. തുടർന്ന് സോണിയയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം വീട് പുറത്തുനിന്ന് പൂട്ടി ഇയാൾ കടന്നുകളയുകയായിരുന്നു.
മകളെ ഫോണിൽ വിളിച്ചിട്ട് കിട്ടാതെ വന്നതോടെ സോണിയയുടെ മാതാപിതാക്കൾ വീട്ടിലെത്തി തിരച്ചിൽ നടത്തുകയായിരുന്നു. തുടർന്നാണ് മകളെ മരിച്ച നിലയിൽ കണ്ടെത്തിയതും ശാലവാക്കം പോലീസിൽ വിവരമറിയിച്ചതും. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി ചെങ്കൽപേട്ട് സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. പിന്നാലെ പോലീസ് നടത്തിയ തെരച്ചിലിൽ പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.




