Crime

‘തട്ടിയെടുത്തത് 16 കോടി; ആറു കോടി കത്തിച്ചുകളഞ്ഞു, ബാക്കിയ്ക്ക് ഭൂമി വാങ്ങി’; ഞെട്ടിക്കുന്ന മൊഴിയുമായി പ്രതി സംഗീത്

തിരുവനന്തപുരം∙ ലോട്ടറി ക്ഷേമനിധി ബോർഡിൽ നിന്ന് കോടികൾ തട്ടിയെടുത്ത കേസിൽ പ്രതി സംഗീത്, താൻ തട്ടിയെടുത്ത 16 കോടിയില്‍ ആറ് കോടി രൂപ കത്തിച്ചു കളഞ്ഞതായി വിജിലൻസിന് ഞെട്ടിക്കുന്ന മൊഴി നൽകി. ജാമ്യത്തിൽ ഇറങ്ങിയ ഇയാളെ വിജിലൻസ് സംഘം അടുത്തിടെ വീണ്ടും ചോദ്യം ചെയ്തപ്പോഴാണ് ഈ വിചിത്രമായ വെളിപ്പെടുത്തൽ ഉണ്ടായത്.

ലോട്ടറി ക്ഷേമനിധി ബോർഡിൽ ക്ലർക്കായി ജോലി ചെയ്തിരുന്ന സംഗീത് ഏകദേശം 16 കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്നാണ് വിജിലൻസിന്റെ കണ്ടെത്തൽ. നോട്ടുനിരോധനം വന്നതിനെത്തുടർന്ന് കയ്യിലുണ്ടായിരുന്ന അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകൾ കോവിഡ് കാലത്ത് പോങ്ങുംമൂട്ടിലുള്ള തന്റെ വീട്ടിൽ വെച്ച് കത്തിച്ചുകളയുകയായിരുന്നു എന്നാണ് ഇയാൾ പറഞ്ഞത്. ഈ മൊഴിയുടെ അടിസ്ഥാനത്തിൽ ഫോറൻസിക് വിദഗ്ധരെയും കൂട്ടി വിജിലൻസ് സംഘം ഇയാളുടെ വീട്ടിൽ പരിശോധന നടത്തി.

ലോട്ടറി തൊഴിലാളികൾ അടയ്ക്കുന്ന അംശാദായം തട്ടിയെടുത്ത് സ്വന്തം അക്കൗണ്ടിലേക്കും സുഹൃത്തുക്കളുടെ അക്കൗണ്ടിലേക്കും മാറ്റിയാണ് 2012 മുതൽ 2021 വരെയുള്ള കാലയളവിൽ സംഗീത് ഈ വൻ തട്ടിപ്പ് നടത്തിയത്. എന്നാൽ 2012 മുതൽ 2016 വരെയുള്ള ആദ്യ ഘട്ടത്തിൽ ഇയാൾ പണം മറ്റ് ബാങ്ക് അക്കൗണ്ടുകളിലേക്ക് മാറ്റിയിരുന്നില്ല. പകരം വ്യാജ പേരുകളിൽ ചെക്കുകൾ തയ്യാറാക്കി ഒപ്പിട്ട് ബാങ്കുകളിൽ നിന്ന് നേരിട്ട് പണം പിൻവലിക്കുകയാണ് ചെയ്തത്. ഇങ്ങനെ കൈക്കലാക്കിയ ഭീമമായ തുക എന്ത് ചെയ്തു എന്ന് ആദ്യം വെളിപ്പെടുത്താതിരുന്ന പ്രതി, ഒടുവിൽ വിജിലൻസിന്റെ വിശദമായ ചോദ്യം ചെയ്യലിലാണ് ആറ് കോടി രൂപ നശിപ്പിച്ചു കളഞ്ഞ കാര്യം സമ്മതിച്ചത്.

2016-ൽ രാജ്യത്ത് നോട്ട് നിരോധനം ഏർപ്പെടുത്തിയതോടെ തന്റെ കയ്യിലുണ്ടായിരുന്ന ഈ പണം അസാധുവാകുകയും പിന്നീട് അത് മാറ്റിയെടുക്കാൻ കഴിയാതെ വരികയും ചെയ്തപ്പോഴാണ് കത്തിച്ചുകളയാൻ തീരുമാനിച്ചതെന്ന് ഇയാൾ പറഞ്ഞു. തട്ടിപ്പിലൂടെ കിട്ടിയ ബാക്കി തുക ഉപയോഗിച്ച് ഇയാൾ വൻതോതിൽ ഭൂമി ഇടപാടുകൾ നടത്തുകയും സുഹൃത്തും ഇടനിലക്കാരനുമായ അനിൽ കുമാറിന്റെ അക്കൗണ്ടിലേക്ക് മാറ്റുകയും ചെയ്തു. ഈ പണം ഉപയോഗിച്ച് കഴക്കൂട്ടം സബ് രജിസ്ട്രാർ ഓഫീസിൽ മാത്രം 45 തവണയാണ് ഇവർ ഭൂമി രജിസ്ട്രേഷൻ നടത്തിയത്. കൂടാതെ അനിൽ കുമാർ ഒരു നിർമ്മാണ കമ്പനി തുടങ്ങി ബാക്കി തുക ബാങ്കിൽ സ്ഥിരനിക്ഷേപമായി ഇടുകയും, ഇതിൽ നിന്ന് ഓവർഡ്രാഫ്റ്റ് എടുത്ത് സംഗീതിന്റെ സഹോദരൻ സമ്പത്തിന് നൽകുകയും ചെയ്തു. ബോർഡ് സിഇഒമാരായിരുന്ന ഐഎഎസ് ഉദ്യോഗസ്ഥരുടെ പേരിൽ വരെ വ്യാജരേഖകൾ ചമച്ചാണ് സംഗീത് ബാങ്കിൽ നിന്ന് പണം പിൻവലിച്ചിരുന്നതെന്നും വിജിലൻസ് കണ്ടെത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *