കൊല്ലം കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ നടന്ന പ്രിയദർശിനി ബസ് പദ്ധതിയുടെ ഉദ്ഘാടനത്തിനിടെ മന്ത്രി ബിന്ദുകൃഷ്ണയുടെ തലയിൽ ചൂടുപായസം വീണു. ചടങ്ങിനോടനുബന്ധിച്ച് യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റിന്റെ നേതൃത്വത്തിൽ ബസിനകത്ത് പായസം വിതരണം ചെയ്യുന്നുണ്ടായിരുന്നു. ഈ പായസമാണ് മന്ത്രിയുടെ തലയിലേക്ക് മറിഞ്ഞത്.
ഉടൻ തന്നെ കൂടെയുണ്ടായിരുന്നവർ ഷാൾ ഉപയോഗിച്ച് മന്ത്രിയുടെ മുഖവും തലയും തുടച്ച് വൃത്തിയാക്കി. ഇതിനുശേഷം ചിന്നക്കട വരെ ബസിൽ യാത്ര തുടർന്ന ശേഷമാണ് മന്ത്രി മടങ്ങിയത്. എന്താണ് സംഭവിച്ചതെന്ന് അധികൃതർ പരിശോധിച്ചുവരികയാണ്.
അതേസമയം, തിരക്കിനിടയിൽ അബദ്ധത്തിൽ സംഭവിച്ചതാണ് ഇതെന്നാണ് വിശദീകരണം. കെ.എസ്.ആർ.ടി.സി ഓർഡിനറി ബസുകളിലെ സൗജന്യ യാത്രാ പദ്ധതിയുടെ ഉദ്ഘാടനത്തിന് ശേഷം മന്ത്രി ബസിൽ യാത്ര ചെയ്യുമ്പോഴായിരുന്നു സംഭവം. മന്ത്രിക്ക് നൽകാനായി കോൺഗ്രസ് പ്രവർത്തകർ ബസിനുള്ളിലേക്ക് പായസം എത്തിച്ചപ്പോൾ അവിടെ വലിയ തിരക്കാണ് അനുഭവപ്പെട്ടത്.
ഈ തിക്കിലും തിരക്കിലും പെട്ട് പായസപ്പാത്രം മന്ത്രിയുടെ തലയിൽ തട്ടുകയും പായസം ദേഹത്തേക്ക് വീഴുകയുമായിരുന്നു. സംഭവം മനഃപൂർവമല്ലെന്നും ബസിനുള്ളിലെ തിരക്ക് കാരണം അബദ്ധത്തിൽ പറ്റിയതാണെന്നും പ്രവർത്തകർ വ്യക്തമാക്കി. മന്ത്രിയെ കാണാനും ആശംസകൾ നേരാനും നിരവധി പേർ ബസിലേക്ക് കയറിയതാണ് ഈ വലിയ തിരക്കിന് കാരണമായത്.




