Featured Sports

‘പാർട്ടി, പെണ്‍കുട്ടികള്‍, പണം…’: അഭിഷേകിനോട് അറപ്പ് തോന്നുന്നു; അവന്റെ പണി റീൽസും ചെയ്ത് നടക്കുന്നതാണോ ?: രൂക്ഷവിമർശനം

ന്യൂഡൽഹി ∙ ഇന്ത്യൻ യുവതാരങ്ങളായ അഭിഷേക് ശർമയെയും ശുഭ്മൻ ഗില്ലിനെയും രൂക്ഷമായി വിമർശിച്ച് മുൻ താരവും പരിശീലകനുമായ യോഗ്‍രാജ് സിങ് രംഗത്തെത്തി. ക്രിക്കറ്റിൽ വേണ്ടത്ര ശ്രദ്ധ പുലർത്താത്ത അഭിഷേകിന്റെ നിലപാടുകളെ അദ്ദേഹം കുറ്റപ്പെടുത്തി.

തന്റെ മകനും മുൻ താരം യുവരാജ് സിങ്ങും ഈ താരങ്ങളുടെ മെന്ററാണെങ്കിലും, യുവരാജിന്റെ നിലവാരത്തിലേക്ക് ഉയരാൻ അഭിഷേകിന് ഇനിയുമേറെ കാലം വേണ്ടിവരുമെന്ന് യോഗ്‌രാജ് അഭിപ്രായപ്പെട്ടു. അച്ചടക്കമില്ലായ്മയാണ് പല താരങ്ങൾക്കും വിനയാകുന്നതെന്നും പാർട്ടികൾക്കും പണത്തിനും പിന്നാലെ പോകുന്നത് കരിയറിനെ ബാധിക്കുമെന്നും അദ്ദേഹം ഒരു അഭിമുഖത്തിൽ പറഞ്ഞു.

‘‘യുവരാജ് സിങ്ങിന് അടുത്തെത്താൻ അവന് ഇനിയുമൊരു യുഗം വേണ്ടിവരും. ഈ പ്രപഞ്ചം മുഴുവൻ പ്രവർത്തിക്കുന്നത് അച്ചടക്കത്തിലാണ്. ക്രിക്കറ്റ് താരങ്ങളും അങ്ങനെയാണ് പ്രവർത്തിക്കേണ്ടത്. എവിടെയാണ് ക്രിക്കറ്റ് താരങ്ങൾക്ക് പിഴയ്ക്കുന്നത്? പാർട്ടികൾ, പെൺകുട്ടികൾ, പണം, എപ്പോഴും ഷൂട്ടിങ്ങുകൾ,’’– ഒരു സ്പോർട്സ് മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ യോഗ്‌രാജ് പറഞ്ഞു. തനിക്ക് അഭിഷേക് ശർമയോട് ‘അറപ്പ്’ തോന്നുന്നെന്നു യോഗ്‌രാജ് പറഞ്ഞു.

അഭിഷേക് ശർമയുടെ ബാറ്റിങ് ശൈലിയോടുള്ള തന്റെ കടുത്ത അതൃപ്തി യോഗ്‌രാജ് തുറന്നു പ്രകടിപ്പിച്ചു. കളിയെ ഗൗരവമായി കാണണമെന്ന് ഉപദേശിച്ച് താൻ താരത്തിന് സന്ദേശങ്ങൾ അയക്കാറുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി. അടുത്തിടെ നടന്ന മത്സരങ്ങളിൽ ചില അർധസെഞ്ചറികൾ നേടിയെങ്കിലും സ്ഥിരതയില്ലാതെ പൂജ്യത്തിന് പുറത്താകുന്നത് ഇതിന്റെ തെളിവാണ്. എല്ലാ പന്തുകളും സിക്സറിന് പറത്തി കാണികളെ രസിപ്പിക്കാൻ നോക്കാതെ, സാഹചര്യം അനുസരിച്ച് സിംഗിളുകളും ഡബിളുകളും എടുത്ത് പക്വതയോടെ കളിക്കാൻ അഭിഷേക് പഠിക്കണമെന്നും യോഗ്‌രാജ് ഓർമ്മിപ്പിച്ചു.

അഭിഷേകിനൊപ്പം ശുഭ്മൻ ഗില്ലിന്റെ സമീപനത്തെയും യോഗ്‌രാജ് ചോദ്യം ചെയ്തു. താരങ്ങളുടെ മനസ്സ് ക്രിക്കറ്റിൽ നിന്ന് വഴിമാറുന്നതാണ് പരാജയങ്ങൾക്ക് കാരണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സമൂഹമാധ്യമങ്ങളിൽ റീൽസുകൾ ചെയ്ത് നടക്കുകയല്ല ഒരു ക്രിക്കറ്റ് താരത്തിന്റെ ജോലിയെന്ന് അദ്ദേഹം പരിഹസിച്ചു. കൃത്യമായ അച്ചടക്കം പാലിച്ച്, രാത്രി നേരത്തെ ഉറങ്ങുകയും പുലർച്ചെ എഴുന്നേറ്റ് കഠിനമായി പരിശീലനം നടത്തുകയും ചെയ്താൽ മാത്രമേ മികച്ച പ്രകടനം പുറത്തെടുക്കാൻ സാധിക്കൂ എന്നും യോഗ്‌രാജ് കൂട്ടിച്ചേർത്തു.