ചന്ദ്രാപൂർ∙ മഹാരാഷ്ട്രയിൽ പൊലീസ് ഉദ്യോഗസ്ഥനായ പിതാവിനെ വിഷം കലർത്തിയ മിൽക്ക് ഷെയ്ക്ക് നൽകി കൊലപ്പെടുത്തിയ കേസിൽ മകളും ഭർത്താവും ഉൾപ്പെടെയുള്ളവർ മൂന്ന് വർഷത്തിന് ശേഷം പിടിയിലായി. ഹെഡ് കോൺസ്റ്റബിളായ ജയന്ത് ബല്ലാവറാണ് കൊല്ലപ്പെട്ടത്. ഇതരമതസ്ഥനുമായുള്ള മകളുടെ പ്രണയത്തെ അദ്ദേഹം എതിർത്തതായിരുന്നു കൊലപാതകത്തിന് കാരണം. മകൾ ആര്യ, ഭർത്താവ് ആശിഷ് ഷെഡ്മാകെ, സഹായിയായ ചൈതന്യ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിൽ പ്രായപൂർത്തിയാകാത്ത ഒരാളെ കൂടി കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
2023 ഏപ്രിലിലായിരുന്നു ഈ ക്രൂരകൃത്യം നടന്നത്. ജോലിക്ക് പോകാൻ ഇറങ്ങിയ പിതാവിന് ആര്യ വിഷം ചേർത്ത മിൽക്ക് ഷേക്ക് നൽകുകയായിരുന്നു. ഡ്യൂട്ടിക്കിടെ ജില്ലാ മജിസ്ട്രേറ്റ് ഓഫീസിൽ വെച്ച് കുഴഞ്ഞുവീണ ജയന്തിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അന്ന് പെട്ടെന്നുണ്ടായ അസുഖം മൂലമുള്ള മരണമായി ഇതിനെ കണക്കാക്കി കേസ് അവസാനിപ്പിക്കുകയായിരുന്നു. ആര്യയും ആശിഷും തമ്മിലുള്ള ബന്ധത്തെ ജയന്ത് ശക്തമായി എതിർത്തതോടെയാണ് ഇരുവരും ചേർന്ന് കൊലപാതകം ആസൂത്രണം ചെയ്തത്.
വിഷം വാങ്ങുന്നതിനായി ആര്യ തന്റെ ബന്ധുവായ ചൈതന്യക്ക് 5,000 രൂപ നൽകിയെന്ന് പൊലീസ് കണ്ടെത്തി. ജയന്തിന്റെ മരണത്തിന് പിന്നാലെ ആര്യയും ആശിഷും വിവാഹിതരായെങ്കിലും ഇവരുടെ ദാമ്പത്യം അധികകാലം സുഗമമായി മുന്നോട്ട് പോയില്ല. മോശം പെരുമാറ്റത്തെ തുടർന്ന് ആശിഷിന്റെ പൊലീസ് പരിശീലനം അധികൃതർ റദ്ദാക്കിയിരുന്നു. കൂടാതെ ഭർത്താവിന്റെ വീട്ടിലേക്ക് മാറാൻ തയ്യാറാകാതെ ആര്യ സ്വന്തം വീട്ടിൽ തന്നെ തുടർന്നത് ഇവർക്കിടയിൽ നിരന്തരമായ വഴക്കുകൾക്ക് കാരണമായി.
ഈ കലഹങ്ങൾക്കൊടുവിലാണ് കഴിഞ്ഞയാഴ്ച ആശിഷ് നേരിട്ട് പൊലീസ് സ്റ്റേഷനിലെത്തി കുറ്റം സമ്മതിച്ചത്. മൂന്ന് വർഷം മുൻപ് തന്റെ ഭാര്യ പിതാവിനെ വിഷം നൽകി കൊലപ്പെടുത്തിയതാണെന്നും ഇതിനായി ബന്ധുക്കളുടെ സഹായം തേടിയിരുന്നെന്നും ഇയാൾ വെളിപ്പെടുത്തി. ഈ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലിന് പിന്നാലെയാണ് പൊലീസ് ആര്യയെയും മറ്റ് പ്രതികളെയും അറസ്റ്റ് ചെയ്തത്.




