ചെന്നൈ: തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ പുതുതായി തുടക്കം കുറിച്ച ‘വി ദ് ലീഡേഴ്സ്’ (We the Leaders) എന്ന രാഷ്ട്രീയ പ്രസ്ഥാനത്തിന് തുടക്കത്തിൽ തന്നെ വൻ ജനപിന്തുണ. കഴിഞ്ഞ വെള്ളിയാഴ്ച ബിജെപിയിൽനിന്ന് രാജിവെച്ച് മണിക്കൂറുകൾക്കകം തന്നെ പുതിയ പ്രസ്ഥാനത്തിൽ സന്നദ്ധപ്രവർത്തകരായി 11 ലക്ഷത്തിലധികം ആളുകളാണ് അംഗത്വമെടുത്തത്.
സാധാരണക്കാരുടെ താല്പര്യങ്ങൾക്ക് മുൻഗണന നൽകുന്ന ഒരു പുതിയ രാഷ്ട്രീയ സംസ്കാരം കെട്ടിപ്പടുക്കുക എന്ന ലക്ഷ്യത്തോടെയാണ് അണ്ണാമലൈ ഈ പുതിയ യാത്രയ്ക്ക് തുടക്കം കുറിച്ചിരിക്കുന്നത്. പ്രസ്ഥാനത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലെ വിവരങ്ങൾ പ്രകാരം ഇതുവരെ 11.04 ലക്ഷത്തിലധികം സന്നദ്ധപ്രവർത്തകരും അമ്പതിലേറെ പ്രാദേശിക നേതാക്കളും ഇതിന്റെ ഭാഗമായിക്കഴിഞ്ഞു. കോയമ്പത്തൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ‘എപിജെ അബ്ദുൾ കലാം സെന്റർ ഫോർ എത്തിക്‌സ് ആൻഡ് പൊളിറ്റിക്‌സ്’ ഈ പുതിയ പ്രസ്ഥാനത്തിന്റെ കീഴിലുള്ള പ്രധാന സ്ഥാപനമായി പ്രവർത്തിക്കുമെന്നും അണ്ണാമലൈ വ്യക്തമാക്കിയിട്ടുണ്ട്.
മുമ്പ് ഐപിഎസ് ഓഫിസറായിരുന്ന അണ്ണാമലൈ, പോലീസ് ജോലി രാജിവെച്ചാണ് 2020-ൽ ബിജെപിയിലൂടെ രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നത്. പാർട്ടിയിൽ ചേർന്ന് ഏതാനും ആഴ്ചകൾക്കുള്ളിൽ തന്നെ അദ്ദേഹത്തെ ബിജെപി തമിഴ്‌നാട് സംസ്ഥാന വൈസ് പ്രസിഡന്റായി നിയമിച്ചു. തൊട്ടടുത്ത വർഷം തന്നെ അദ്ദേഹം സംസ്ഥാന പ്രസിഡന്റായി ചുമതലയേൽക്കുകയും ചെയ്തു. എന്നാൽ 2025 മുതൽ പാർട്ടി നേതൃത്വവുമായി അണ്ണാമലൈ അകൽച്ചയിലായിരുന്നു. ഒടുവിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നവീൻ, സംഘടനാ ജനറൽ സെക്രട്ടറി ബി.എൽ.സന്തോഷ് എന്നിവരുമായി നടത്തിയ നിർണായക കൂടിക്കാഴ്ചകൾക്ക് ശേഷമാണ് അദ്ദേഹം ബിജെപി വിട്ട് പുതിയ പ്രസ്ഥാനം രൂപീകരിക്കാൻ തീരുമാനിച്ചത്.




