Featured Oddly News

തലയിൽ തറച്ച അമ്പുമായി ആശുപത്രിയിലേക്ക് നടന്ന് പോലീസുകാരൻ; ഞെട്ടിക്കുന്ന വീഡിയോ വൈറൽ

തലയ്ക്ക് പിന്നിൽ തറച്ച അമ്പുമായി ആശുപത്രിയിലേക്ക് നടന്നുപോകുന്ന ഒരു പോലീസ് ഉദ്യോഗസ്ഥന്റെ വീഡിയോയാണ് കഴിഞ്ഞ ദിവസങ്ങളിൽ സമൂഹ മാധ്യമങ്ങളിൽ ഏറെ വൈറലായത്. ദൃശ്യങ്ങൾ പങ്കുവെച്ചുകൊണ്ട് പലരും പലവിധത്തിലുള്ള വിവരങ്ങളാണ് പ്രചരിപ്പിച്ചത്. അതേസമയം, മറ്റ് ഉദ്യോഗസ്ഥർക്കൊപ്പം തലയ്ക്ക് പിന്നിൽ തറച്ചുകയറിയ അമ്പുമായി നടന്നുനീങ്ങുന്ന പോലീസുകാരനെ വീഡിയോയിൽ വ്യക്തമായി കാണാം. ബീഹാറിലെ പൂർണിയയിൽ നിന്നുള്ളതാണ് ഈ ദൃശ്യങ്ങളെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

ബീഹാറിലെ പൂർണിയയിൽ സർക്കാർ ഭൂമിയിലെ അനധികൃത കയ്യേറ്റങ്ങൾ ഒഴിപ്പിക്കുന്നതിനിടയിലാണ് ഈ ദാരുണമായ സംഭവം ഉണ്ടായത്. സർക്കാർ ഉത്തരവ് പ്രകാരം കയ്യേറ്റം ഒഴിപ്പിക്കാനെത്തിയ പോലീസ് സംഘത്തിന് നേരെ അവിടെയുണ്ടായിരുന്ന ജനക്കൂട്ടം വലിയ രീതിയിൽ പ്രതിഷേധിക്കുകയായിരുന്നു. വാക്കേറ്റത്തിൽ തുടങ്ങിയ തർക്കം പെട്ടെന്ന് തന്നെ വലിയ അക്രമത്തിലേക്ക് വഴിമാറി.

തുടർന്ന് ജനങ്ങൾ കയ്യിൽ കിട്ടിയ മാരകായുധങ്ങളുമായി പോലീസിനെ ആക്രമിക്കാൻ തുടങ്ങി. കത്തി, വടി, കല്ല് എന്നിവയ്ക്ക് പുറമെ അമ്പും വില്ലും ഉപയോഗിച്ചായിരുന്നു ജനക്കൂട്ടത്തിന്റെ ആക്രമണം. ഈ സംഘർഷത്തിൽ നിരവധി പോലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേൽക്കുകയും, അതിലൊരു കോൺസ്റ്റബിളിന്റെ തലയിൽ അമ്പ് തറച്ചുകയറുകയുമായിരുന്നു. ഇത്തരത്തിൽ ഗുരുതരമായി പരിക്കേറ്റ ഉദ്യോഗസ്ഥനെയും കൊണ്ട് മറ്റുള്ളവർ ആശുപത്രിയിലേക്ക് പോകുന്ന ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്.

കഴിഞ്ഞ തിങ്കളാഴ്ച, 11 ഏക്കറോളം വരുന്ന ഭൂമിയിലെ കയ്യേറ്റം ഒഴിപ്പിക്കാൻ എത്തിയ പോലീസ് സംഘത്തിന് നേരെ മുന്നൂറോളം പേരടങ്ങുന്ന വലിയൊരു ജനക്കൂട്ടം അക്രമം അഴിച്ചുവിടുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. സംഭവത്തിൽ ആകെ ആറ് പോലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. അക്രമവുമായി ബന്ധപ്പെട്ട് ഒരു സ്ത്രീ ഉൾപ്പെടെ ഏഴ് പേരെ പോലീസ് ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിൽ പ്രതികളിലൊരാൾക്കും തലയ്ക്ക് പരിക്കേറ്റിട്ടുണ്ട്. ചമ്പാനഗർ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള മാൽനിയ കാമത്ത് ഗ്രാമത്തിൽ നടന്ന കയ്യേറ്റ വിരുദ്ധ നടപടിക്കിടെയായിരുന്നു ഈ സംഘർഷം.

പരിക്കേറ്റ ഉദ്യോഗസ്ഥരെ ഉടൻ തന്നെ ശ്രീനഗർ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ പ്രവേശിപ്പിച്ചു. എന്നാൽ തലയിൽ അമ്പേറ്റ കോൺസ്റ്റബിളിന്റെ പരിക്ക് ഗുരുതരമായതിനാൽ അദ്ദേഹത്തെ പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി പൂർണിയയിലെ ആശുപത്രിയിലേക്ക് മാറ്റിയതായി പോലീസ് അറിയിച്ചു. മരംഗ പോലീസ് സ്റ്റേഷൻ പരിധിയിലെ വിക്രംപട്ടി കവായ വാർഡ് -4 ൽ ഉള്ള സുധീർ ഋഷിയുടെ സ്ഥലം ഇരുപത്തിയെട്ടിലധികം ആളുകൾ ചേർന്ന് അനധികൃതമായി കയ്യേറിയെന്ന പരാതി അന്വേഷിക്കാനാണ് പോലീസ് സംഘം ഇവിടെയെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *