ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാകുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ച് സാമൂഹിക പ്രവർത്തകൻ അണ്ണാ ഹസാരെ. പിന്നാലെ വിദ്യാർത്ഥി സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് അദ്ദേഹം രണ്ടു മണിക്കൂർ മൗനപ്രതിഷേധവും നടത്തി. സി.ജെ.പി പ്രക്ഷോഭം ഉൾപ്പെടെ പരാമർശിച്ചാണ് ഈ മാസം 22-ന് അണ്ണാ ഹസാരെ പ്രധാനമന്ത്രിക്ക് കത്തയച്ചത്. മന്ത്രിയുടെ രാജി സർക്കാരിനെ ദുർബലപ്പെടുത്തില്ലെന്നും പകരം ഉത്തരവാദിത്തത്തെക്കുറിച്ച് മറ്റു മന്ത്രിമാർക്ക് ശക്തമായ സന്ദേശം നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇതിലൂടെ ഭരണസംവിധാനം കൂടുതൽ മെച്ചപ്പെടുമെന്നും കത്തിൽ പറയുന്നു. അക്രമ സംഭവങ്ങളും വിദ്യാർത്ഥികൾക്ക് നേരേയുണ്ടായ പോലീസ് നടപടിയും നിരാശാജനകമാണ്. പ്രക്ഷോഭകരുടെ പ്രതിഷേധത്തെ കേവലം ക്രമസമാധാന പ്രശ്നമായി കാണാതെ സമൂഹത്തിന്റെ വേദനയും പ്രതീക്ഷയുമായി കാണണം. അവരുടെ ആശങ്കകൾ ക്ഷമയോടെ കേൾക്കാനും അന്തരീക്ഷം ശാന്തമാക്കി ചർച്ചകളിലൂടെ പ്രശ്നത്തിന് പരിഹാരം കണ്ടെത്താനും തയ്യാറാകണം. ജനാധിപത്യത്തിൽ ഏറ്റുമുട്ടലുകളേക്കാൾ പ്രധാനം ചർച്ചകളാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇതിനുപിന്നാലെയാണ് കഴിഞ്ഞ ദിവസം വിദ്യാർത്ഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് അണ്ണാ ഹസാരെ മൗനവ്രതം അനുഷ്ഠിച്ചത്. മഹാരാഷ്ട്രയിലെ അഹില്യാനഗറിലുള്ള ഗാന്ധിപ്രതിമയ്ക്ക് മുന്നിൽ രാവിലെ 11 മുതൽ ഉച്ചയ്ക്ക് 1 വരെയായിരുന്നു ഈ സമരം. ഇതിനുശേഷം അദ്ദേഹം റലേഗാവ് സിദ്ധിയിലെ സ്വന്തം ഗ്രാമത്തിലേക്ക് മടങ്ങി. ജനങ്ങളുടെ സംശയങ്ങളും ചോദ്യങ്ങളും പരമോന്നത നേതാവായ പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തേണ്ടത് പ്രധാനമാണെന്നും അതുകൊണ്ടാണ് കത്തയച്ചതെന്നും അണ്ണാ ഹസാരെ വ്യക്തമാക്കി.




