സ്ത്രീകളുടെ മാത്രം മൊബൈൽ ഫോണുകൾ മോഷ്ടിച്ചുവന്നിരുന്ന മലയാറ്റൂർ സ്വദേശി ജിജോ ബാബു ഒടുവിൽ പൊലീസിന്റെ പിടിയിലായി. വളരെക്കാലമായി മോഷണം നടത്തുന്ന ഇയാൾ 2012-ൽ പിടിയിലായിട്ടുണ്ടെങ്കിലും കുറ്റകൃത്യങ്ങൾ തുടർന്നുപോരുകയായിരുന്നു. യാത്രയ്ക്കിടയിൽ സ്ത്രീകൾ കൂടുതലായും മൊബൈൽ ഫോൺ ബാഗുകളിൽ സൂക്ഷിക്കുന്നതുകൊണ്ടാണ് ഇയാൾ സ്ത്രീകളെ മാത്രം ലക്ഷ്യമിട്ടത്. കൊച്ചി നഗരത്തിലെ തിരക്കേറിയ സ്ഥലങ്ങളിൽ കൃത്രിമമായി തിരക്കുണ്ടാക്കി ഇത്തരത്തിൽ നൂറിലധികം ഫോണുകളാണ് ഇയാൾ കവർന്നത്.
ഫോൺ മോഷണം തുടർച്ചയായതോടെ ജിജോയ്ക്കായി പൊലീസ് ശക്തമായ വലവിരിച്ചിരുന്നു. ചൊവ്വാഴ്ച വൈകിട്ട് ഹിൽപാലസ് പൊലീസ് സ്റ്റേഷനിൽ ബാഗിലിരുന്ന ഫോൺ നഷ്ടപ്പെട്ടതായി ഒരു സ്ത്രീ പരാതി നൽകി. തുടർന്ന് കള്ളനെ തെരഞ്ഞ് കിഴക്കേക്കോട്ട ബസ് സ്റ്റാൻഡിലെത്തിയ പൊലീസ് സംഘം കണ്ടത് അടുത്ത മോഷണത്തിന് പ്ലാൻ ചെയ്യുന്ന ജിജോയെയാണ്. മറ്റ് ചില അന്വേഷണങ്ങൾ നടക്കുമ്പോൾ ഇയാളുടെ ചിത്രം പൊലീസിന്റെ ക്യാമറയിൽ പതിഞ്ഞിരുന്നതിനാൽ സംശയം തോന്നിയ ഉടൻ തന്നെ ഇയാളെ കൈയോടെ പിടികൂടുകയായിരുന്നു.
വിശദമായ ചോദ്യം ചെയ്യലിലാണ് നൂറോളം ഫോണുകൾ കവർന്ന കഥയും സ്ത്രീകളുടെ ബാഗുകൾ മാത്രം തെരഞ്ഞെടുത്തതിന്റെ കാരണവും ജിജോ തുറന്നുപറഞ്ഞത്. മോഷ്ടിച്ച ഫോണുകൾ കളമശ്ശേരിയിലുള്ള ഒരു ഇതര സംസ്ഥാന തൊഴിലാളി മുഖേനയാണ് ഇയാൾ വിറ്റിരുന്നത്. ഇയാൾക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. നഷ്ടപ്പെട്ട ഫോണുകൾ ശാസ്ത്രീയ മാർഗങ്ങളിലൂടെ തിരികെ കണ്ടെത്താനുള്ള ശ്രമങ്ങളും ആരംഭിച്ചു. ഹൈക്കോടതി ജങ്ഷൻ, എം.ജി റോഡ്, വൈറ്റില തുടങ്ങിയ കൊച്ചിയിലെ പ്രധാന ഭാഗങ്ങളിലായിരുന്നു ജിജോ പ്രധാനമായും മോഷണം നടത്തിയിരുന്നത്.




