Crime

പീഡനവും അപമാനവും, ഭർത്താവ് മെർക്കുറി കുത്തിവച്ചു: 9മാസം ആശുപത്രിയില്‍; വിദ്യ മരണത്തിന്‌ കീഴടങ്ങി

ബംഗളുരു: ഭര്‍ത്താവ്‌ മെര്‍ക്കുറി കുത്തിവച്ചെന്ന്‌ ആരോപിച്ച വിദ്യ ഒന്‍പതു മാസം ആശുപത്രിക്കിടക്കയില്‍ കഴിച്ചുകൂട്ടിയ ശേഷം ജീവിതത്തോട്‌ വിടപറഞ്ഞു.
യുവതി പോലീസിനു നല്‍കിയ ‘മരണമൊഴി’ ഭര്‍ത്താവിനെ പ്രതിക്കൂട്ടിലാക്കുന്നു.
മൊഴിയുടെ അടിസ്‌ഥാനത്തില്‍ ഇക്കഴിഞ്ഞ 23ന്‌ ആട്ടിബലെ പോലീസ്‌ എഫ്‌.ഐ.ആര്‍ റജിസ്‌റ്റര്‍ ചെയ്‌തു. ഭര്‍ത്താവ്‌ ബസവരാജു നിരന്തരം ഉപദ്രവിച്ചിരുന്നെന്നാണ്‌ മൊഴിയില്‍.
ഇക്കഴിഞ്ഞ ഫെബ്രുവരി 26ന്‌ രാത്രി ഉറങ്ങാന്‍ കിടന്ന തനിക്ക്‌ പിറ്റേന്ന്‌ വൈകുന്നേരം മാത്രമാണ്‌ ബോധം വന്നത്‌. വലതു തുടയില്‍ കഠിനമായ വേദന അനുഭവപ്പെട്ടു. ഇത്‌ ഭര്‍ത്താവ്‌ നല്‍കിയ ഇന്‍ജക്ഷന്‍ കാരണമാണെന്നും വിദ്യയുടെ മൊഴിയിലുണ്ട്‌. മാര്‍ച്ച്‌ ഏഴിന്‌ ആട്ടിബലെയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സ്‌ഥിതി മോശമായതോടെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. ഇവിടുത്തെ പരിശോധനയിലാണ്‌ രക്‌തത്തില്‍ മെര്‍ക്കുറിയുടെ സാന്നിധ്യം കണ്ടെത്തിയത്‌.
ഭര്‍ത്താവില്‍നിന്നും ഭര്‍തൃവീട്ടുകാരില്‍നിന്നും പീഡനവും അപമാനവും നേരടേണ്ടി വന്നുവെന്നും ഭ്രാന്തി എന്നു വിളിച്ച്‌ മുറിയില്‍ പൂട്ടിയിടാറുണ്ടായിരുന്നെന്നും വിദ്യ പറഞ്ഞു.
ഭര്‍ത്താവിനെതിരെ കൊലപാതകശ്രമം ഉള്‍പ്പെടെയുള്ള കുറ്റങ്ങളാണ്‌ ചുമത്തിയിരിക്കുന്നത്‌.