Featured Sports

ആലോചിക്കാന്‍ 2 മിനിറ്റ്‌ പ്ലീസ്‌… ഇന്ത്യയെ ഇന്നിങ്‌സ് തോല്‍വിയിലേക്കുള്ള തള്ളാനുള്ള അവസരം വേണ്ടെന്നുവച്ച് ബാവുമ

ഗുവാഹത്തി: രണ്ടാം ക്രിക്കറ്റ്‌ ടെസ്‌റ്റില്‍ ഇന്ത്യയെ ഫോളോ ഓണ്‍ ചെയ്യിക്കാതെ ദക്ഷിണാഫ്രിക്കന്‍ നായകന്‍ തെംബ ബാവുമ. ഇന്ത്യ ഓള്‍ഔട്ടായതിന്‌ പിന്നാലെ അമ്പയര്‍മാര്‍ ഫോളോ ഓണ്‍ ചെയ്യുന്നുണ്ടോ എന്ന്‌ ബാവുമയോട്‌ ചോദിച്ചു. രണ്ട്‌ മിനിറ്റ്‌ സമയം ചോദിച്ച ബാവുമ സഹതാരങ്ങളോടു കൂടിയാലോചിച്ച ശേഷമാണ്‌ തീരുമാനമെടുത്തത്‌. ”രണ്ട്‌ മിനിറ്റ്‌, ടീമുമായി ആലോചിക്കട്ടെ” എന്ന ബാവുമയുടെ മറുപടി വൈറലായി.

ഒന്നാം ഇന്നിങ്‌സില്‍ 201 റണ്ണിനാണ്‌ ഇന്ത്യന്‍ ടീം പുറത്തായത്‌. ദക്ഷിണാഫ്രിക്കയ്‌ക്ക് 288 റണ്‍ ലീഡ്‌ ലഭിച്ചു. ആ ഘട്ടത്തില്‍ ദക്ഷിണാഫ്രിക്കയ്‌ക്ക് വേണമെങ്കില്‍ ഇന്ത്യയെ വീണ്ടും ബാറ്റിങ്ങിനയക്കാമായിരുന്നു. അങ്ങനെ ഇന്ത്യയെ ഫോളോ ഓണ്‍ ചെയ്യിക്കുന്നുണ്ടോ എന്ന്‌ അമ്പയര്‍മാര്‍ നായകനോട്‌ ചോദിച്ചു. നേരത്തേ മറ്റുതാരങ്ങളുമായി ഇക്കാര്യം ആലോചിച്ചിരുന്നെങ്കിലും തീരുമാനത്തിലെത്തിയിരുന്നില്ല.

ഡ്രസിങ്‌ റൂമിലേക്കോടിയ ബാവുമ കോച്ച്‌ ഉള്‍പ്പെടെയുള്ളവരോട്‌ അഭിപ്രായം ചോദിച്ച ശേഷം തിരിച്ചു വന്നു. ഇന്ത്യയെ ഇന്നിങ്‌സ് തോല്‍വിയിലേക്കുള്ള തള്ളാന്‍ ലഭിച്ച അവസരം ബാവുമ വേണ്ടെന്നു വച്ചതു കൗതുകമായി. 2010 ലാണ്‌ ഇന്ത്യ അവസാനം നാട്ടില്‍ ഫോളോ ഓണ്‍ ചെയ്‌തത്‌. ദക്ഷിണാഫ്രിക്കയായിരുന്നു അന്നും എതിരാളികള്‍. അന്ന്‌ ഒരു ഇന്നിങ്‌സിനും ആറ്‌ റണ്ണിനുമാണ്‌ ഇന്ത്യ തോറ്റത്‌. ആകെ മൂന്ന്‌ തവണയാണ്‌ ഇന്ത്യ നാട്ടില്‍ ഫോളോ ഓണ്‍ നേരിട്ടത്‌.

ഒന്നാം ഇന്നിങ്‌സില്‍ ഓള്‍റൗണ്ടര്‍ മാര്‍കോ യാന്‍സനാണ്‌ ഇന്ത്യയെ തകര്‍ത്തത്‌. 93 റണ്ണെടുത്ത താരം ആറു വിക്കറ്റുമെടുത്തു. ഷോട്ട്‌ പിച്ചുകളും ബൗണ്‍സറുകളുമായി ബാറ്റര്‍മാരെ വിറപ്പിച്ച യാന്‍സന്‍ മിഡില്‍ ഓര്‍ഡറും വാലറ്റവും തകര്‍ത്തു. ഒന്നാം ടെസ്‌റ്റില്‍ ഇന്ത്യയെ തകര്‍ത്ത ഹാമര്‍ ഇത്തവണ മൂന്നു വിക്കറ്റുമായി യാന്‍സന്‌ മികച്ച പിന്തുണ നല്‍കി.