അമേരിക്കയിൽ താമസിക്കുന്ന 16 വയസ്സുകാരനായ ഇന്ത്യൻ വംശജൻ രുദ്രോജസ് കുൻവർ, തനിക്ക് ലഭിച്ച 2.8 കോടി രൂപയുടെ (3,00,000 ഡോളർ) വമ്പൻ ജോലി വാഗ്ദാനം നിരസിച്ചത് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാകുന്നു. പഠനം പാതിവഴിയിൽ ഉപേക്ഷിച്ച് തന്റെ സ്റ്റാർട്ടപ്പിൽ പൂർണ്ണസമയവും ജോലി ചെയ്യണമെന്ന നിബന്ധനയോടെയാണ് ഒരു നിക്ഷേപകൻ ഈ തുക വാഗ്ദാനം ചെയ്തത്. എന്നാൽ വിദ്യാഭ്യാസം പൂർത്തിയാക്കാനും സ്വന്തം നിലയിൽ തന്റെ സംരംഭം വളർത്താനുമാണ് ഈ മിടുക്കൻ തീരുമാനിച്ചത്.
മേരിലാൻഡ് സ്വദേശിയായ രുദ്രോജസ് ‘എവിയോൺ’ എന്ന പേരിൽ ഒരു എഐ സ്റ്റാർട്ടപ്പ് നടത്തുകയാണ്. സാധാരണ ഡ്രോണുകൾ ഉപയോഗിച്ച് വിളകളുടെ ചിത്രങ്ങൾ പകർത്തി അവ വിശകലനം ചെയ്യുകയാണ് ഈ സംവിധാനം ചെയ്യുന്നത്. കൃഷിയിടത്തിൽ എവിടെയാണ് വെള്ളം വേണ്ടതെന്നും എവിടെയാണ് വളം കുറവെന്നും കൃത്യമായി കണ്ടെത്താൻ ഇത് കർഷകരെ സഹായിക്കുന്നു. ഒരു പ്രാദേശിക പരിപാടിക്കിടെ കർഷകരുമായി സംസാരിച്ചപ്പോഴാണ്, പലരും വിളകളിലെ രോഗങ്ങൾ വെറും ഊഹത്തിന്റെ അടിസ്ഥാനത്തിലാണ് തിരിച്ചറിയുന്നതെന്ന് രുദ്രോജസിന് മനസ്സിലായത്. ഇതിനൊരു പരിഹാരമെന്ന നിലയിലാണ് കുറഞ്ഞ ചിലവിൽ എഐ സാങ്കേതികവിദ്യ ഉപയോഗിക്കാവുന്ന ഈ പ്ലാറ്റ്‌ഫോം അവൻ വികസിപ്പിച്ചത്.
തന്റെ ലക്ഷ്യബോധവും കഠിനാധ്വാനവും കൊണ്ട് ലോകമെമ്പാടുമുള്ള കർഷകരെ സഹായിക്കുകയാണ് ഈ കൗമാരക്കാരൻ. പണത്തേക്കാൾ ഉപരിയായി തന്റെ ആശയത്തിലും വിദ്യാഭ്യാസത്തിലും വിശ്വസിച്ച രുദ്രോജസിന്റെ കഥ ഇന്ന് ഒട്ടേറെ യുവാക്കൾക്ക് പ്രചോദനമാണ്.




