Health

ദിവസവും കാപ്പി കുടിക്കാറുണ്ടോ? നിങ്ങളുടെ കരളിനും തലച്ചോറിനും സംഭവിക്കും?

കാപ്പിയെക്കുറിച്ച് പലർക്കും പല അഭിപ്രായങ്ങളാണുള്ളത്. ചിലർക്ക് ഇത് പ്രിയപ്പെട്ട പാനീയമാണെങ്കിൽ, മറ്റു ചിലർക്ക് ഇത് ഉറക്കമില്ലായ്മയ്ക്കും അമിതമായ ഉത്കണ്ഠയ്ക്കും കാരണമാകുന്ന ഒന്നാണ്. എന്നാൽ ഹാർവാർഡ്, സ്റ്റാൻഫോർഡ് തുടങ്ങിയ പ്രശസ്ത സ്ഥാപനങ്ങളിൽ നിന്ന് പരിശീലനം നേടിയ ഗാസ്ട്രോഎൻട്രോളജിസ്റ്റ് ഡോ. സൗരഭ് സേത്തി പറയുന്നത്, കൃത്യമായ അളവിൽ കാപ്പി കുടിക്കുന്നത് ആരോഗ്യത്തിന് ഗുണകരമാണെന്നാണ്. രണ്ടാഴ്ച തുടർച്ചയായി കാപ്പി കുടിക്കുന്നത് ശരീരത്തിൽ ചില നല്ല മാറ്റങ്ങൾ വരുത്തുമെന്ന് അദ്ദേഹം തന്റെ ഇൻസ്റ്റാഗ്രാം വീഡിയോയിലൂടെ വിശദീകരിക്കുന്നു.

പതിവായി കാപ്പി കുടിക്കുന്നത് കരളിന്റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. ഇത് ഫാറ്റി ലിവർ, സിറോസിസ് തുടങ്ങിയ രോഗങ്ങൾ വരാനുള്ള സാധ്യത കുറയ്ക്കുന്നു. കാപ്പിയിലടങ്ങിയിരിക്കുന്ന ക്ലോറോജെനിക് ആസിഡ് ശരീരത്തിന്റെ മെറ്റബോളിസം വർദ്ധിപ്പിക്കാനും ഇൻസുലിൻ സെൻസിറ്റിവിറ്റി മെച്ചപ്പെടുത്താനും സഹായിക്കുന്നു. തലച്ചോറിന്റെ പ്രവർത്തനങ്ങളെ ഉണർത്തുന്നതിലൂടെ ഏകാഗ്രതയും ഓർമ്മശക്തിയും വർദ്ധിപ്പിക്കാൻ ഇതിലെ കഫീൻ സഹായിക്കും. കൂടാതെ, ദഹനപ്രക്രിയ സുഗമമാക്കാനും മലബന്ധം കുറയ്ക്കാനും കാപ്പിക്ക് സാധിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കുന്നു.

എന്നാൽ കാപ്പി കുടിക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. അമിതമായി പഞ്ചസാരയോ കൃത്രിമ ക്രീമുകളോ ചേർക്കുന്നത് കാപ്പിയുടെ ഗുണം ഇല്ലാതാക്കും. ദിവസവും ഒന്ന് മുതൽ മൂന്ന് കപ്പ് വരെ ബ്ലാക്ക് കോഫി കുടിക്കുന്നത് ഉചിതമാണ്. അതേസമയം, ഹൃദയമിടിപ്പ് കൂടുകയോ ഉറക്കക്കുറവോ അനുഭവപ്പെടുന്നവർ കാപ്പി ഒഴിവാക്കുന്നതാണ് നല്ലത്. ഐ.ബി.എസ് പോലുള്ള ദഹനപ്രശ്നങ്ങളുള്ളവർ ഡോക്ടറുടെ നിർദ്ദേശം തേടണം. പഞ്ചസാരയ്ക്ക് പകരം തേനോ സ്റ്റീവിയയോ പോലുള്ള പ്രകൃതിദത്ത മധുരങ്ങൾ ഉപയോഗിക്കുന്നത് കൂടുതൽ ഗുണകരമാകുമെന്നും ഡോ. സേത്തി നിർദ്ദേശിക്കുന്നു.