Crime

വിവാഹേതര ബന്ധമുണ്ടെന്ന് സംശയം; ഭാര്യയുടെ ദേഹത്ത് കാർ‌ ഓടിച്ചു കയറ്റി കൊലപ്പെടുത്തി ഭർത്താവ്

ബെംഗളൂരുവിനടുത്ത് റോഡരികിൽ വച്ച് ഭാര്യയെ ക്രൂരമായി മർദിച്ച ശേഷം ഭർത്താവ് കാർ ശരീരത്തിലൂടെ ഓടിച്ചു കയറ്റി കൊലപ്പെടുത്തി. കർണാടകയിലാണ് ഈ ദാരുണമായ സംഭവം നടന്നത്. അക്ഷയ് എന്നയാളും ഭാര്യ ഷൈലയും (28) ചേർന്ന് ഗംഗാപുര എന്ന തീർഥാടന കേന്ദ്രത്തിലേക്ക് കാറിൽ പോകുന്നതിനിടെയാണ് കൊലപാതകം നടന്നതെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. ബല്ലൂർഗ ഗ്രാമത്തിന് സമീപം വച്ച് ഇരുവരും തമ്മിൽ തർക്കമുണ്ടാകുകയും അക്ഷയ് ഷൈലയെ വാഹനത്തിൽ നിന്ന് പുറത്തേക്ക് തള്ളിയിടുകയുമായിരുന്നു.

റോഡിൽ വീണ ഷൈലയെ അക്ഷയ് മുടിയിൽ പിടിച്ചു വലിക്കുന്നതും ക്രൂരമായി മർദിക്കുന്നതും സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. നാട്ടുകാർ ഇടപെട്ട് ഇയാളെ തടയുകയും ഷൈലയെ തിരികെ കാറിൽ കയറ്റാൻ സഹായിക്കുകയും ചെയ്തു. എന്നാൽ അല്പസമയത്തിന് ശേഷം അക്ഷയ് കാർ ഒരു പാടത്തേക്ക് ഓടിക്കുകയും അവിടെ വച്ച് ഷൈലയെ വീണ്ടും പുറത്തേക്ക് തള്ളിയ ശേഷം ദേഹത്തുകൂടി വാഹനം ഓടിച്ചു കയറ്റുകയുമായിരുന്നു. ഈ ദൃശ്യങ്ങളും ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്.

മഹാരാഷ്ട്ര സ്വദേശികളായ ഇവർ വിവാഹിതരായിട്ട് നാല് വർഷമായെന്ന് പൊലീസ് സൂപ്രണ്ട് അദ്ദുരു ശ്രീനിവാസുലു പറഞ്ഞു. ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയമാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ ഭർത്താവ് അക്ഷയിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കേസിന്റെ എല്ലാ വശങ്ങളും വിശദമായി പരിശോധിച്ചു വരികയാണെന്നും അധികൃതർ വ്യക്തമാക്കി.