Sports

ഇത് വിശ്വസിക്കാൻ ഞങ്ങളൊക്കെ വിഡ്ഢികളാണോ? ഋതുരാജിനെതിരെ പൊട്ടിത്തെറിച്ച് ബദ്രിനാഥ്

ചെന്നൈയിലെ എം.എ. ചിദംബരം സ്റ്റേഡിയത്തിൽ വെള്ളിയാഴ്ച നടന്ന ഐ.പി.എൽ 2026 മത്സരത്തിൽ പഞ്ചാബ് കിങ്സിനെതിരെ 210 റൺസ് വിജയലക്ഷ്യം പ്രതിരോധിക്കുന്നതിൽ ചെന്നൈ സൂപ്പർ കിങ്സ് പരാജയപ്പെട്ടു. ആദ്യം ബാറ്റ് ചെയ്ത ചെന്നൈ 73 റൺസെടുത്ത ആയുഷ്‌ എംഹാത്രെയുടെ മികവിൽ 5 വിക്കറ്റ് നഷ്ടത്തിൽ 209 റൺസാണ് നേടിയത്. മറുപടി ബാറ്റിംഗിൽ ക്യാപ്റ്റൻ ശ്രേയസ് അയ്യരുടെ അർധസെഞ്ചുറിയുടെ കരുത്തിൽ 18.4 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ പഞ്ചാബ് ലക്ഷ്യം കണ്ടു.

മത്സരശേഷം പിച്ചിനെക്കുറിച്ച് സി.എസ്.കെ ക്യാപ്റ്റൻ ഋതുരാജ് ഗെയ്‌ക്‌വാദ് പറഞ്ഞ അഭിപ്രായങ്ങളാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്. 209 നല്ലൊരു സ്കോറാണെന്നും പിച്ച് സ്പിന്നർമാർക്ക് അനുകൂലമായിരുന്നുവെന്നും പന്ത് ബാറ്റിലേക്ക് വേഗത്തിൽ വരുന്നുണ്ടായിരുന്നില്ലെന്നുമാണ് ഗെയ്‌ക്‌വാദ് പറഞ്ഞത്. എന്നാൽ മുൻ ഇന്ത്യൻ താരവും സി.എസ്.കെ മുൻ ബാറ്റിംഗ് നിരയിലെ കരുത്തനുമായിരുന്ന സുബ്രഹ്മണ്യം ബദ്രിനാഥ് ഇതിനെ രൂക്ഷമായി വിമർശിച്ചു.

“ഞങ്ങളൊക്കെ ഇത് വിശ്വസിക്കാൻ വിഡ്ഢികളാണോ? 209 റൺസ് നേടിയ ഒരു പിച്ച് എങ്ങനെയാണ് മന്ദഗതിയിലുള്ളതാകുന്നത്? റൺ ചേസിംഗിനിടെ ഒരു ഓവറിൽ പോലും പഞ്ചാബ് സമ്മർദ്ദത്തിലായിരുന്നില്ല,” ബദ്രിനാഥ് തന്റെ യൂട്യൂബ് ചാനലിൽ പറഞ്ഞു. അതേസമയം, ഗെയ്‌ക്‌വാദിന്റെ ബാറ്റിംഗിനെ ബദ്രിനാഥ് പിന്തുണച്ചു. ഗെയ്‌ക്‌വാദ് പുറത്തായിരുന്നെങ്കിൽ ചെന്നൈയുടെ മധ്യനിര തകരുമായിരുന്നുവെന്നും ശിവം ദുബെ ഒഴികെ പരിചയസമ്പന്നരായ താരങ്ങൾ അവിടെ ഇല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മത്സരത്തിൽ ഗെയ്‌ക്‌വാദ് 22 പന്തിൽ 28 റൺസാണ് നേടിയത്. ശിവം ദുബെ (45*), സർഫറാസ് ഖാൻ (32) എന്നിവർ മികച്ച പ്രകടനം നടത്തിയെങ്കിലും ചെന്നൈ ബൗളർമാർ ധാരാളം റൺസ് വഴങ്ങിയത് ടീമിന് തിരിച്ചടിയായി.