Crime Featured

വിവാഹം, ബിസിനസ്‌, ജോലി, പൗരത്വ വാഗ്‌ദാനം: 10 കോടി തട്ടിയ ദമ്പതികള്‍ പിടിയില്‍

കായംകുളം: വിവാഹവാഗ്‌ദാനം നല്‍കിയും ഗള്‍ഫ്‌ രാജ്യങ്ങളില്‍ ബിസിനസ്‌ തുടങ്ങാമെന്നു പറഞ്ഞും സ്‌ത്രീകളില്‍നിന്നടക്കം കോടികള്‍ തട്ടിയെടുത്തു മുങ്ങിയ ദമ്പതികള്‍ അറസ്‌റ്റില്‍. കായംകുളം ചെട്ടികുളങ്ങര ഇലഞ്ഞിവിള വീട്ടില്‍ ബിജു ബാലന്‍ (55), ഭാര്യ കായംകുളം ചിറക്കടവ്‌ വല്ലന്‍ തറയില്‍ വീട്ടില്‍ രശ്‌മി ബിജു (44) എന്നിവരെയാണ്‌ പൂയപ്പള്ളി പോലീസ്‌ പിടികൂടിയത്‌. സംസ്‌ഥാനത്തുടനീളം പലവിധതട്ടിപ്പുകളിലൂടെ 10 കോടിയിലധികം രൂപ പലരില്‍നിന്നായി തട്ടിയെടുത്തതിന്‌ പരാതികളുണ്ട്‌. പോലീസ്‌ അന്വേഷണം നടത്തിയെങ്കിലും പിടികൂടാനായിരുന്നില്ല.

എറണാകുളം മരടില്‍ ഒളിവില്‍ താമസിക്കുന്നതായി പൂയപ്പള്ളി പോലീസിന്‌ രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്‌ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ്‌ വാടകവീട്ടില്‍നിന്ന്‌ ഇന്നലെ ഇരുവരെയും കസ്‌റ്റഡിയിലെടുത്തത്‌. ഇവര്‍ പിടിയിലായതറിഞ്ഞ്‌ കൂടുതല്‍ ആളുകള്‍ പരാതിയുമായി കണ്ണൂര്‍, മലപ്പുറം കോഴിക്കോട്‌ ജില്ലകളിലടക്കമുള്ള പോലീസ്‌ സ്‌റ്റേഷനുകളില്‍ എത്തുന്നുണ്ട്‌. കബളിക്കപ്പെട്ടവര്‍ പരാതി നല്‍കുമെന്ന്‌ പറഞ്ഞാലുടന്‍ ആയുധങ്ങളുപയോഗിച്ച്‌ സ്വയം ദേഹത്ത്‌ മുറിവുണ്ടാക്കി പരാതിക്കാര്‍ക്കെതിരേ പോലീസില്‍ പരാതി നല്‍കുന്നതാണ്‌ ഇവരുടെ പതിവെന്ന്‌ തട്ടിപ്പിനിരയായവര്‍ പറയുന്നു.

ഗള്‍ഫ്‌ രാജ്യങ്ങളില്‍ വ്യാജ കമ്പനികള്‍ രൂപീകരിച്ച്‌ കബളിപ്പിക്കലിനിരയാകുന്നവരുടെ പേരില്‍ സാധനങ്ങള്‍ വാങ്ങിക്കൂട്ടുകയും പിന്നീട്‌ അവ മറിച്ചുവിറ്റ്‌ കമ്പനി പൂട്ടുന്നതുമായിരുന്നു ഇവരുടെ തട്ടിപ്പുകളില്‍ പ്രധാനം.

ഓസ്‌ട്രേലിയയില്‍ ജോലിയും പൗരത്വവും വാഗ്‌ദാനം ചെയ്‌തു പലരില്‍നിന്നായി ലക്ഷങ്ങള്‍ തട്ടിയെടുത്തിട്ടുണ്ട്‌. ഇത്തരത്തില്‍ ബിജു എന്നയാളുടെ പക്കല്‍നിന്ന്‌ എഗ്രിമെന്റ്‌ ഒപ്പിട്ട്‌ പത്തരലക്ഷം രൂപ തട്ടിച്ചു. ഖത്തറിലെ ഫുട്‌ബോള്‍ ലോകകപ്പില്‍ മെസ്‌ തുടങ്ങാമെന്നു പറഞ്ഞ്‌ കായംകുളം സ്വദേശിയില്‍നിന്ന്‌ 40 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തില്‍ കായംകുളം പോലീസ്‌ സ്‌റ്റേഷനില്‍ പരാതിയുണ്ട്‌.

അവിവാഹിതരായ സ്‌ത്രീകളോട്‌ ചങ്ങാത്തം കൂടി വിവാഹ വാഗ്‌ദാനം നല്‍കി പണം കൈക്കലാക്കുന്നതായിരുന്നു മറ്റൊരു തന്ത്രം. കോഴിക്കോട്‌ മെഡിക്കല്‍ കോളജ്‌ പോലീസ്‌ സ്‌റ്റേഷന്‍ പരിധിയില്‍ ഒരു സ്‌ത്രീയുടെ പക്കല്‍ നിന്ന്‌ ഇത്തരത്തില്‍ 15 ലക്ഷം രൂപ തട്ടിയെടുത്തു. കോഴിക്കോട്ടുള്ള മറ്റൊരു സ്‌ത്രീയോട്‌ വിവാഹവാഗ്‌ദാനം നല്‍കി അവരുടെ പേരിലുള്ള വസ്‌തു വിറ്റ വകയില്‍ ലഭിച്ച 85 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തില്‍ കോടതിയില്‍ കേസുണ്ട്‌.

ഖത്തറില്‍ ബിസിനസ്‌ തുടങ്ങാമെന്ന്‌ പറഞ്ഞ്‌ എറണാകുളം സ്വദേശിയില്‍ നിന്ന്‌ 20 ലക്ഷം രൂപയും കണ്ണൂര്‍ പഴയങ്ങാടി സ്വദേശിയില്‍നിന്ന്‌ ലക്ഷങ്ങളും കബളിപ്പിച്ചു സ്വന്തമാക്കിയതായി പരാതിയുണ്ട്‌. ചവറയില്‍ നിന്നുള്ള ഷാനുജയുടെ പക്കല്‍ നിന്ന്‌ 13 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തില്‍ ഇരുവര്‍ക്കുമെതിരേ ക്രൈംബ്രാഞ്ച്‌ അന്വേഷണം പുരോഗമിക്കുകയാണ്‌.