ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ മീററ്റില്‍ പ്ലേ സ്‌കൂള്‍ നടത്തിപ്പുകാരനായ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ കേസില്‍ ഭാര്യയും അവരുടെ കാമുകനും പോലീസിന്റെ പിടിയിലായി. വിഷപ്പാമ്പിനെക്കൊണ്ട് കടിപ്പിച്ച് ഇതൊരു സാധാരണ മരണമാണെന്ന് വരുത്തിത്തീര്‍ക്കാന്‍ പ്രതികള്‍ നടത്തിയ തന്ത്രമാണ് ഒടുവില്‍ കൊലപാതകത്തിന്റെ ചുരുളഴിച്ചത്.
ഭര്‍ത്താവിനെ ജീവിതത്തില്‍ നിന്ന് ഒഴിവാക്കാനും അദ്ദേഹത്തിന്റെ പേരിലുള്ള 20 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കാനുമാണ് ഇരുവരും ചേര്‍ന്ന് ഈ ക്രൂരത ചെയ്തതെന്ന് പോലീസ് അന്വേഷണത്തില്‍ വ്യക്തമായി. ഹസ്തിനപുരില്‍ ‘കൃഷ്ണ പ്ലേ സ്‌കൂള്‍’ നടത്തിയിരുന്ന അതുല്‍ പന്‍വാറിനെയാണ് ഭാര്യ ദാമിനിയും സ്‌കൂളിലെ വാന്‍ ഡ്രൈവറും ചേര്‍ന്ന് കൊലപ്പെടുത്തിയത്. 2019 ലായിരുന്നു അതുലിന്റെയും ദാമിനിയുടെയും വിവാഹം നടന്നത്.
സ്‌കൂള്‍ വാന്‍ ഡ്രൈവറായ തുഷാര്‍ എന്ന നിക്കിയുമായി ദാമിനിക്ക് വഴിവിട്ട ബന്ധമുണ്ടായിരുന്നതായി അന്വേഷണത്തിന് നേതൃത്വം നല്‍കിയ മീററ്റ് സീനിയര്‍ പോലീസ് സൂപ്രണ്ട് അറിയിച്ചു. റോഡപകടം ഉണ്ടാക്കി അതുലിനെ വകവരുത്താന്‍ ഇരുവരും ആദ്യം ശ്രമിച്ചെങ്കിലും അത് പരാജയപ്പെട്ടു. തുടര്‍ന്നാണ് ഇവര്‍ പാമ്പിനെ ഉപയോഗിച്ചുള്ള രണ്ടാമത്തെ ആസൂത്രണം നടത്തിയത്.
ഇതനുസരിച്ച് ദാമിനി ഭര്‍ത്താവിന് കുടിക്കാന്‍ നല്‍കിയ പാലില്‍ ഉറക്കഗുളികകള്‍ കലര്‍ത്തി ബോധം കെടുത്തി. ഇതിനുശേഷം വിഷപ്പാമ്പിനെക്കൊണ്ട് കിടക്കയില്‍ കിടന്ന അതുലിനെ കടിപ്പിച്ചു. വെള്ളിയാഴ്ച രാവിലെ പന്‍വാറിനെ തൊട്ടടുത്തുള്ള കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ഫോണ്‍ രേഖകളും മറ്റ് ശാസ്ത്രീയ തെളിവുകളും പരിശോധിച്ചാണ് പോലീസ് ഈ ക്രൂരമായ ഗൂഢാലോചന പുറത്തുകൊണ്ടുവന്നത്. പ്രതിയായ തുഷാര്‍ വിവാഹിതനാണെന്നും ഭാര്യയുമായി വേര്‍പിരിയാന്‍ തയാറെടുക്കുകയായിരുന്നു എന്നുമാണ് വിവരം.




