Featured Sports

മയക്കുമരുന്ന, പിസ്റ്റളുകള്‍, ‘സെക്‌സ് പാർട്ടി’: ഫൈനൽ നിയന്ത്രിക്കുന്ന റഫറി ‍വിൻചീചിനെ പൊലീസ് റെയ്‌‍ഡിൽ പിടികൂടിയപ്പോള്‍

അറ്റ്‌ലാന്റ: 2026 ഫിഫ ലോകകപ്പ് മത്സരം നിയന്ത്രിക്കാന്‍ സ്ലോവേനിയക്കാരനായ റഫറി സ്ലാവ്‌കോ വിന്‍ചീചിനെ തിരഞ്ഞെടുത്തതിന് പിന്നാലെ അദ്ദേഹത്തിന്റെ പഴയകാല സ്വകാര്യ ജീവിതം വീണ്ടും സജീവ ചര്‍ച്ചയാകുന്നു. 2020-ല്‍ ഒരു സെക്‌സ് റാക്കറ്റ് റെയ്ഡുമായി ബന്ധപ്പെട്ട് വിന്‍ചീച് പൊലീസിന്റെ പിടിയിലായ പഴയ സംഭവമാണ് ഇപ്പോള്‍ ഫുട്ബോൾ ആരാധകര്‍ക്കിടയിൽ വീണ്ടും സംസാരവിഷയമായിരിക്കുന്നത്.

കഴിഞ്ഞ ബുധനാഴ്ചയാണ് ലോക ഫുട്ബോൾ സംഘടനയായ ഫിഫ, വിന്‍ചീചിനെ ഫൈനൽ നിയന്ത്രിക്കാനുള്ള പ്രധാന റഫറിയായി പ്രഖ്യാപിച്ചത്. ഇതോടൊപ്പം ജോര്‍ദാന്‍ സ്വദേശിയായ അദം മഖദ്മെയെ നാലാമത്തെ ഒഫിഷ്യലായും, മുഹമ്മദ് അല്‍കലാഫിനെ റിസര്‍വ് അസിസ്റ്റന്റ് റഫറിയായും ചുമതലപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ഈ പ്രഖ്യാപനത്തിന് പിന്നാലെയാണ് 2020 മേയില്‍ ബോസ്‌നിയ ആന്‍ഡ് ഹെര്‍സഗോവിനയിലെ ബിജെല്‍ജിനയിലുള്ള ഒരു ഫാമില്‍ നടന്ന പോലീസ് റെയ്ഡിൽ വിന്‍ചീച് അകപ്പെട്ട സംഭവം വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞത്. അന്താരാഷ്ട്ര തലത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു പെണ്‍വാണിഭ സംഘത്തെ പിടികൂടാനായിരുന്നു അന്ന് പൊലീസ് അവിടെ റെയ്ഡ് നടത്തിയത്.

അന്ന് ആ റെയ്ഡിൽ സെക്‌സ് റാക്കറ്റിന് നേതൃത്വം നല്‍കിയ ടിജാന മാക്‌സിമോവിച്ച് അടക്കം 26 പുരുഷന്മാരെയും ഒന്‍പതു സ്ത്രീകളെയും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കൂടാതെ സംഭവസ്ഥലത്തുനിന്ന് നാല് പായ്ക്കറ്റ് കൊക്കെയ്ന്‍, പത്ത് പിസ്റ്റളുകള്‍, പതിനായിരം യൂറോ തുടങ്ങിയവയും പൊലീസ് കണ്ടുകെട്ടി. പിന്നീട് മാക്‌സിമോവിച്ച് തന്റെ കുറ്റങ്ങള്‍ സമ്മതിക്കുകയും അവര്‍ക്ക് ഒരു വര്‍ഷത്തെ തടവുശിക്ഷ ലഭിക്കുകയും ചെയ്തു. എന്നാല്‍ ആ സമയത്ത് വിന്‍ചീചിനെതിരെ മറ്റ് ക്രിമിനല്‍ കുറ്റങ്ങളൊന്നും ചുമത്തിയിരുന്നില്ല, പകരം ഒരു സാക്ഷിയെന്ന നിലയിലാണ് പൊലീസ് അദ്ദേഹത്തെ ചോദ്യം ചെയ്തത്.

തുടര്‍ന്ന് ഈ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളുമായി വിന്‍ചീചിന് യാതൊരുവിധ ബന്ധവുമില്ലെന്ന് വ്യക്തമായതോടെ പൊലീസ് അദ്ദേഹത്തെ വിട്ടയച്ചു. കേവലം ഒരു ബിസിനസ്സ് ഉച്ചഭക്ഷണത്തിനായാണ് താന്‍ അവിടെയെത്തിയതെന്നും അവിടെ നടന്ന കാര്യങ്ങളെക്കുറിച്ച് തനിക്ക് ഒന്നുമറിയില്ലായിരുന്നു എന്നുമാണ് വിന്‍ചീച് അന്ന് വിശദീകരിച്ചത്. ഒരു ലഞ്ചിനുള്ള ക്ഷണം സ്വീകരിച്ച് അവിടെപ്പോയതാണ് താന്‍ ചെയ്ത ഏറ്റവും വലിയ തെറ്റെന്നും, അറസ്റ്റിലായ സംഘവുമായോ അവരുടെ ബിസിനസ്സ് പങ്കാളികളുമായോ തനിക്ക് യാതൊരു ബന്ധവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തങ്ങള്‍ നിരപരാധികളാണെന്ന് ബോധ്യപ്പെട്ടതോടെയാണ് പൊലീസ് തങ്ങളെ വിട്ടയച്ചതെന്നും അദ്ദേഹം പിന്നീട് പറഞ്ഞു.

ആ പ്രതിസന്ധി ഘട്ടത്തില്‍ സ്ലോവേനിയയിലെ ഫുട്‌ബോള്‍ റഫറീസ് അസോസിയേഷന്‍ പ്രസിഡന്റായ വ്‌ലാഡോ സാജനും വിന്‍ചീചിന് പൂര്‍ണ്ണ പിന്തുണയുമായി രംഗത്തെത്തിയിരുന്നു. തികച്ചും അവിചാരിതവും നിര്‍ഭാഗ്യകരവുമായ ഒരു സാഹചര്യത്തില്‍ വിന്‍ചീച് ചെന്നുപെടുകയായിരുന്നു എന്നും അദ്ദേഹത്തിന്റെ ഭാഗത്ത് തെറ്റില്ലാത്തതിനാല്‍ നിയമപരമായ നടപടികളൊന്നും നേരിടേണ്ടി വന്നിട്ടില്ലെന്നും വ്‌ലാഡോ സാജന്‍ അന്ന് വ്യക്തമാക്കിയിരുന്നു.

ഈ വിവാദങ്ങളെയെല്ലാം അതിജീവിച്ച് വിന്‍ചീച് തന്റെ റഫറിയിങ് കരിയറില്‍ മികച്ച മുന്നേറ്റം നടത്തി. ബൊറൂസിയ ഡോര്‍ട്ട്മുണ്ടും റയല്‍ മഡ്രിഡും തമ്മില്‍ മാറ്റുരച്ച 2024-ലെ യുവേഫ ചാംപ്യന്‍സ് ലീഗ് ഫൈനല്‍ മത്സരം നിയന്ത്രിച്ചത് വിന്‍ചീച് ആയിരുന്നു. ഇതിനുപുറമെ 2022 ലോകകപ്പില്‍ അര്‍ജന്റീന സൗദി അറേബ്യയോട് 2-1ന് തോറ്റ പ്രശസ്തമായ മത്സരത്തിലും റഫറി അദ്ദേഹമായിരുന്നു. ഇത്തവണത്തെ ലോകകപ്പിലും ഗ്രൂപ്പ് ഘട്ടത്തിലെ ബ്രസീല്‍–മൊറോക്കോ, ജോര്‍ദാന്‍–അള്‍ജീരിയ മത്സരങ്ങളും, റൗണ്ട് ഓഫ് 32-ലെ മെക്‌സിക്കോ–ഇക്വഡോര്‍ പോരാട്ടവും നിയന്ത്രിച്ചത് ഈ സ്ലോവേനിയൻ റഫറിയാണ്.

Leave a Reply

Your email address will not be published. Required fields are marked *