Hollywood

സിനിമ കാണാം, ‘ട്രോജൻ കുതിരയെ’ തിന്നാം! തരംഗമായി ‘ദി ഒഡീസി’ ചോക്ലേറ്റ് ഡെസേർട്ട്, റിലീസിനോടനുബന്ധിച്ച് പ്രത്യേക വിഭവം!

ക്രിസ്റ്റഫർ നോളൻ സംവിധാനം ചെയ്ത, ആരാധകർ ഏറെ ആകാംഷയോടെ കാത്തിരുന്ന ഹോളിവുഡ് ചിത്രം ‘ദി ഒഡീസി’ ജൂലൈ 17-ന് തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. ഇന്ത്യയിലുടനീളം, പ്രത്യേകിച്ച് തമിഴ്‌നാട്ടിൽ വലിയ ആവേശത്തോടെയാണ് സിനിമയെ പ്രേക്ഷകർ വരവേറ്റത്. മാറ്റ് ഡാമൺ പ്രധാന വേഷത്തിലെത്തുന്ന ഈ ചിത്രത്തിന്റെ ആദ്യ ഷോകൾ കാണാൻ പുലർച്ചെ മുതൽ തന്നെ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. ഈ ആവേശം ഇരട്ടിയാക്കാൻ തമിഴ്‌നാട്ടിലെ ബ്രോഡ്‌വേ സിനിമാസ് തിയേറ്ററുകളിൽ പ്രത്യേക അലങ്കാരങ്ങൾ ഒരുക്കിയതിനൊപ്പം ഒരു വേറിട്ട മധുരപലഹാരവും പ്രേക്ഷകർക്കായി പരിചയപ്പെടുത്തിയിട്ടുണ്ട്.

‘ഡെത്ത് ബൈ ട്രോജൻ’ എന്ന് പേരിട്ടിരിക്കുന്ന ഈ പ്രത്യേക ഡെസേർട്ട് സോഷ്യൽ മീഡിയയിൽ ഇതിനകം തന്നെ ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു. സാധാരണയായി ലഭിക്കാറുള്ള പ്രശസ്തമായ ‘ഡെത്ത് ബൈ ചോക്ലേറ്റ്’ എന്ന മധുരപലഹാരത്തിന് സിനിമയുടെ പശ്ചാത്തലത്തിൽ നൽകിയ ഒരു പുതിയ ഭാവമാണിത്. ചോക്ലേറ്റ് ബ്രൗണി, വാനില ഐസ്ക്രീം, ചോക്ലേറ്റ് സിറപ്പ് എന്നിവയോടൊപ്പം സിനിമയിലെ ‘ട്രോജൻ കുതിരയെ’ ഓർമ്മിപ്പിക്കുന്ന തരത്തിലുള്ള ഒരു ചോക്ലേറ്റ് കുതിരയും ചേർത്താണ് ഇത് തയ്യാറാക്കിയിരിക്കുന്നത്.

ട്രോയ് നഗരത്തിന്റെ പതനത്തിനുശേഷം ഒഡീഷ്യസ് പത്തുവർഷം നീണ്ട യാത്രയിലൂടെ തന്റെ ജന്മനാടായ ഇറ്റാക്കയിലേക്ക് മടങ്ങുന്നതാണ് ഈ സിനിമയുടെ പ്രമേയം. മാറ്റ് ഡാമൺ, എമ്മ ഹാത്‌വേ, റോബർട്ട് പാറ്റിൻസൺ, ടോം ഹോളണ്ട്, സെൻഡയ എന്നിവരടങ്ങുന്ന വൻ താരനിരയാണ് ചിത്രത്തിലുള്ളത്. സിൻകോപ്പിയുടെ ബാനറിൽ നിർമ്മിച്ച് യൂണിവേഴ്സൽ പിക്ചേഴ്സ് വിതരണത്തിന് എത്തിച്ച ഈ ചിത്രം, 2023-ലെ ഓസ്കാർ പുരസ്കാരം നേടിയ ‘ഓപ്പൺഹൈമറിന്’ ശേഷം പുറത്തിറങ്ങുന്ന നോളൻ ചിത്രമാണ്. പൂർണ്ണമായും ഐമാക്സ് (IMAX) ക്യാമറകളിൽ ചിത്രീകരിച്ച ‘ദി ഒഡീസി’ അതിന്റെ പൂർണ്ണമായ ദൃശ്യഭംഗിയിൽ ആസ്വദിക്കാൻ ഐമാക്സ് തിയേറ്ററുകൾ തന്നെയാണ് ഏറ്റവും അനുയോജ്യം.

Leave a Reply

Your email address will not be published. Required fields are marked *