മുംബൈ ∙ പ്രണയപ്പകയെത്തുടർന്ന് നാസിക് നഗരത്തെ ഞെട്ടിച്ച കൊടുംക്രൂരത. കാമുകി മറ്റൊരാളുമായി വിവാഹത്തിനൊരുങ്ങിയതിൽ പ്രകോപിതനായ യുവാവ്, യുവതിയെ വഴിയിൽ തടഞ്ഞുനിർത്തി ക്രൂരമായി കുത്തിക്കൊലപ്പെടുത്തി. നാസിക് ഇന്ദിരാനഗറിലെ വൻസമ്പദ ഗാർഡന് അടുത്താണ് ഈ ദാരുണ സംഭവം നടന്നത്. അമരാവതി സ്വദേശിനിയായ വൈഷ്ണവി എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. ഈ ക്രൂരകൃത്യത്തിന് ശേഷം പ്രതിയായ യവത്മാൽ സ്വദേശി സാഹിൽ ലവ്ഹാരെ (21) തൊട്ടടുത്തുള്ള കാട്ടിൽപ്പോയി മരത്തിൽ തൂങ്ങിമരിച്ചു.
വൈഷ്ണവി കൊല്ലപ്പെടുന്ന സമയത്ത് പ്രതിശ്രുത വരൻ ഫോണിലൂടെ കാര്യങ്ങളെല്ലാം തത്സമയം കേൾക്കുന്നുണ്ടായിരുന്നു എന്നതാണ് സംഭവത്തിന്റെ ഭീകരത കൂട്ടുന്നത്. ആക്രമിക്കപ്പെടുന്നതിന് തൊട്ടുമുൻപ് വൈഷ്ണവി തന്റെ പ്രതിശ്രുത വരനെ ഫോണിൽ വിളിച്ച് സാഹിൽ ഇവിടെയുണ്ടെന്നും വേഗം വരണമെന്നും ആവശ്യപ്പെട്ടിരുന്നു. ഇതുകേട്ട് ഉടൻ തന്നെ ജോലിസ്ഥലത്ത് നിന്ന് ഇറങ്ങിയ യുവാവ് ഫോൺ കട്ട് ചെയ്യാതെയാണ് സംഭവസ്ഥലത്തേക്ക് വണ്ടി ഓടിച്ചത്. യാത്രാമധ്യേ സാഹിലും വൈഷ്ണവിയും തമ്മിൽ 22 മിനിറ്റോളം നീണ്ടുനിന്ന രൂക്ഷമായ വഴക്കും തർക്കവും ഫോണിലൂടെ ഇയാൾ കേട്ടു. ഈ തർക്കത്തിനൊടുവിലാണ് പ്രതി വൈഷ്ണവിയെ കത്തികൊണ്ട് ക്രൂരമായി കുത്തി വീഴ്ത്തിയത്.
കൃത്യത്തിന് ശേഷം ‘വൈഷു തീർന്നു’ എന്ന് സാഹിൽ വൈഷ്ണവിയുടെ പ്രതിശ്രുത വരനോട് ഫോണിലൂടെ വിളിച്ചുപറയുകയും ചെയ്തു. ഇതുകേട്ട് യുവാവ് സംഭവസ്ഥലത്ത് ഓടിയെത്തിയപ്പോഴേക്കും വൈഷ്ണവി രക്തത്തിൽ കുളിച്ചു മരിച്ചുകിടക്കുകയായിരുന്നു. ഉടൻ തന്നെ വിവരമറിഞ്ഞ് പൊലീസും സ്ഥലത്തെത്തി. പ്രതിയായ സാഹിലിനായി പൊലീസ് തിരച്ചിൽ നടത്തുന്നതിനിടെയാണ്, സംഭവസ്ഥലത്തുനിന്നും രണ്ട് കിലോമീറ്റർ മാത്രം അകലെയുള്ള കാട്ടിൽ അവനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ നാസിക് പൊലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.




