Oddly News

ഇവിടെ ഒരു രാത്രി ഒറ്റയ്ക്ക് കഴിയാൻ ധൈര്യമുണ്ടോ? അരലക്ഷം സമ്മാനം, ജപ്പാനിലെ വിചിത്രമായ ജോലി

ജപ്പാനിൽ നിന്നുള്ള വളരെ വിചിത്രവും കൗതുകമുണർത്തുന്നതുമായ ഒരു പുതിയ ജോലിയെക്കുറിച്ചാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചകൾ നടക്കുന്നത്. പ്രേതബാധയുണ്ടെന്ന് കരുതപ്പെടുന്ന വീട്ടിൽ ഒറ്റയ്ക്ക് ഒരു രാത്രി മുഴുവൻ താമസിക്കുക എന്നതാണ് ഈ ജോലിയുടെ രീതി. ഇതിനായി ഏകദേശം 88,000 യെൻ (ഏകദേശം 48,000 ഇന്ത്യൻ രൂപ) പ്രതിഫലമായി നൽകുമെന്നാണ് റിപ്പോർട്ടുകൾ. പേടിയെ മറികടക്കാൻ തയാറുള്ളവർക്കായി ഒരുക്കിയിരിക്കുന്ന ഈ അസാധാരണ തൊഴിൽ അവസരം വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടിരിക്കുകയാണ്.

എത്ര പേടിപ്പെടുത്തുന്ന അന്തരീക്ഷത്തിലും ധൈര്യം കൈവിടാതെ നിൽക്കാൻ കഴിയുന്ന ആളുകളെയാണ് ഈ ആവശ്യത്തിനായി അധികൃതർ തിരയുന്നത്. മുൻപ് ദുരന്തങ്ങളോ അനിഷ്ട സംഭവങ്ങളോ നടന്നതിനാൽ ദുരാത്മാക്കളുടെ സാന്നിധ്യമുണ്ടെന്ന് ആളുകൾ വിശ്വസിക്കുന്ന വീടുകളിൽ തമാസിച്ച്, അവിടെ പ്രേതബാധയില്ലെന്ന് ഉറപ്പുവരുത്തുകയാണ് ഇവരുടെ ജോലി. ജപ്പാനിലെ റിയൽ എസ്റ്റേറ്റ് രംഗത്ത് ഇത്തരം വിചിത്രമായ രീതികൾ മുൻപും ഉണ്ടായിട്ടുണ്ടെങ്കിലും, ഇത്രയും വലിയ തുക പ്രതിഫലം നൽകുന്നതിനാൽ ഇത്തവണ വലിയ ജനശ്രദ്ധയാണ് ഇതിന് ലഭിക്കുന്നത്.

പ്രേതമുണ്ടെന്ന് വിശ്വസിക്കപ്പെടുന്ന ഇത്തരം വീടുകൾ പിന്നീട് വിൽക്കാനോ വാടകയ്ക്ക് നൽകാനോ ഉടമസ്ഥർക്ക് വലിയ ബുദ്ധിമുട്ടാണ്. ഈ സ്ഥലങ്ങളെക്കുറിച്ചുള്ള നാട്ടുകാരുടെ പേടിയും അന്ധവിശ്വാസങ്ങളും മാറ്റിയെടുക്കാനും, ഇവിടെ താമസിക്കുന്നത് സുരക്ഷിതമാണെന്ന് തെളിയിക്കാനുമാണ് ഉടമകൾ ഇത്രയും തുക നൽകി ആളുകളെ താമസിപ്പിക്കുന്നത്. പരസ്യമായി പ്രചരിക്കുന്ന ഇത്തരം കഥകളിൽ സത്യാവസ്ഥയില്ലെന്ന് ബോധ്യപ്പെടുത്താൻ റിയൽ എസ്റ്റേറ്റ് ഗ്രൂപ്പുകൾ കണ്ടെത്തിയ ഈ വഴിയിൽ പങ്കാളികളാകാൻ നിരവധി സാഹസികർ ഇപ്പോൾ തയാറായി മുന്നോട്ടുവരുന്നുണ്ട്.

ഒരു രാത്രി മാത്രം താമസിക്കുന്നതിന് ഇത്രയും വലിയൊരു തുക ശമ്പളമായി കിട്ടുന്നത് കേൾക്കുമ്പോൾ ആകർഷകമായി തോന്നാമെങ്കിലും, ഇത് വലിയൊരു മാനസിക വെല്ലുവിളിയാണ്. അനിഷ്ട സംഭവങ്ങളുടെ പശ്ചാത്തലമുള്ള, നിശബ്ദത നിറഞ്ഞ ഒരു വീട്ടിൽ ഭയമില്ലാതെ രാത്രി വെളുപ്പിക്കുക എന്നത് എല്ലാവർക്കും സാധിക്കുന്ന കാര്യമല്ല. എങ്കിലും, പുതിയ വെല്ലുവിളികൾ ഏറ്റെടുക്കാൻ ഇഷ്ടപ്പെടുന്ന യുവാക്കൾക്കിടയിൽ ജപ്പാനിലെ ഈ റിയൽ എസ്റ്റേറ്റ് പരീക്ഷണം ഇപ്പോൾ വലിയൊരു തരംഗമായി മാറിയിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *