ഐപിഎൽ പുതിയ സീസണിന് മുന്നോടിയായി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് നടത്തിയ പരിശീലന മത്സരത്തിൽ അൺസോൾഡ് ആയ ഇന്ത്യൻ പേസർ നവ്ദീപ് സെയ്നി ഏവരെയും ഞെട്ടിച്ചു. ഈഡൻ ഗാർഡൻസിൽ നടന്ന ഇൻട്രാ-സ്ക്വാഡ് പോരാട്ടത്തിൽ, മികച്ച ഫോമിലുള്ള ന്യൂസീലൻഡ് താരം ഫിൻ അലനെ ക്ലീൻ ബൗൾഡാക്കിയാണ് സെയ്നി ശ്രദ്ധ പിടിച്ചുപറ്റിയത്. ലോകകപ്പ് സെമിയിലടക്കം സെഞ്ചറി നേടി തിളങ്ങിനിൽക്കുന്ന അലന്റെ മിഡിൽ സ്റ്റംപ് സെയ്നിയുടെ അതിവേഗ പന്തിൽ തെറിക്കുകയായിരുന്നു.
റിങ്കു സിങ് നയിച്ച ഗോൾഡൻ നൈറ്റ്‌സ് ഉയർത്തിയ 200 റൺസ് പിന്തുടർന്ന അജിങ്ക്യ രഹാനെയുടെ പർപ്പിൾ നൈറ്റ്‌സിന് വേണ്ടി ഫിൻ അലൻ തകർപ്പൻ തുടക്കമാണ് നൽകിയത്. 10 പന്തിൽ 23 റൺസെടുത്ത താരം സ്കൂപ്പ് ഷോട്ടിന് ശ്രമിക്കുന്നതിനിടെ സെയ്നിയുടെ വേഗതയിൽ പതറി പന്ത് സ്റ്റംപിലേക്ക് വലിച്ചിടുകയായിരുന്നു.
2026 ലേലത്തിൽ ആരും വാങ്ങാതിരുന്ന സെയ്നി നിലവിൽ നെറ്റ് ബൗളറായാണ് കൊൽക്കത്തയ്ക്കൊപ്പമുള്ളത്. മുൻപ് വിവിധ ഐപിഎൽ ടീമുകൾക്കായി 32 മത്സരങ്ങളിൽ നിന്ന് 23 വിക്കറ്റുകൾ നേടിയിട്ടുള്ള സെയ്നിക്ക് 2023-ന് ശേഷം ഇന്ത്യൻ ടീമിൽ അവസരം ലഭിച്ചിട്ടില്ല.
മത്സരത്തിൽ അംഗ്രിഷ് രഘുവംശിയുടെ വെടിക്കെട്ട് സെഞ്ചറി മികവിൽ പർപ്പിൾ നൈറ്റ്‌സ് ആറ് വിക്കറ്റിന് വിജയിച്ചു. 55 പന്തിൽ പുറത്താകാതെ 103 റൺസെടുത്ത രഘുവംശിയുടെ പ്രകടനം നാല് പന്തുകൾ ബാക്കി നിൽക്കെ ടീമിനെ ലക്ഷ്യത്തിലെത്തിച്ചു. മാർച്ച് 29-ന് മുംബൈ ഇന്ത്യൻസിനെതിരെയാണ് കൊൽക്കത്തയുടെ ഈ സീസണിലെ ആദ്യ പോരാട്ടം.




