മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി തങ്ങൾക്കെതിരെ വ്യാജ ലൈംഗികാരോപണം ഉന്നയിച്ച അജ്ഞാത ഫേസ്ബുക്ക് ഐഡിക്കെതിരെ നടപടിയെടുക്കാൻ പോലീസ് പരാതി നൽകി. ഏതാനും മണിക്കൂറുകൾക്ക് മുൻപ് സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിച്ച ഈ വ്യാജ ആരോപണങ്ങൾക്കെതിരെ പാർട്ടി പോലീസിനെ സമീപിച്ച വിവരം അഖിലേന്ത്യ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിയാണ് ഫേസ്ബുക്കിലൂടെ അറിയിച്ചത്.
വിഷയത്തിൽ അടിയന്തര നടപടി വേണമെന്നും തങ്ങളെ വ്യക്തിപരമായി ആക്ഷേപിക്കാനുള്ള നീക്കത്തെ നിയമപരമായി നേരിടുമെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. ഇത്തരം വ്യാജ വാർത്തകളിൽ ആരും വീണുപോകരുതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ഇതിനുപിന്നാലെ ആരോപണം ഉന്നയിച്ച വ്യക്തി പോസ്റ്റ് പിൻവലിക്കുകയും ഫേസ്ബുക്ക് അക്കൗണ്ട് അപ്രത്യക്ഷമാവുകയും ചെയ്തിട്ടുണ്ട്.
ജനം മുഖത്തടിച്ച് ആട്ടും എന്ന് ഉറപ്പായപ്പോൾ പല വിധ ഉഡായിപ്പുകളുമായിട്ട് ആണ് സി.പി.എം രംഗത്തെത്തിയതെന്ന് രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. അതിലെ ഏറ്റവും ഹീനമായ ഒന്നാണ് മതേതര കേരളത്തിന്റെ നായകൻ പാണക്കാട് തങ്ങൾക്കെതിരെയുള്ള വ്യാജ പ്രചാരണം. കാഫിർ സ്ക്രീന്ഷൊട്ട് കൊണ്ട് പഠിക്കാത്തവർ വീണ്ടും വ്യാജ നമ്പറുകളുമായി വരുമ്പോൾ കേരളം മുഖമടച്ച് മറുപടി തരുമെന്നും അദ്ദേഹം ഫേസ്ബുക് കുറിപ്പിൽ പറഞ്ഞു.
നമ്മുടെ നാടിൻറെ പൊതു നന്മയും, സാഹോദര്യത്തിന്റെ അടയാളവുമാണ് പാണക്കാട് തങ്ങൾ കുടുംബവും അവർ നേതൃത്വം നൽകുന്ന പ്രസ്ഥാനങ്ങളുമെന്ന് രാഹുൽ ഈശ്വർ ചൂണ്ടിക്കാട്ടി. ‘രാഷ്ട്രീയത്തിനപ്പുറം കേരളം ആ കുടുംബത്തെ സ്നേഹാദരങ്ങളോടെ കാണുന്നത് അത് കൊണ്ടാണ്. പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങൾ ക്കെതിരെ ഉള്ള വ്യാജ പ്രചാരങ്ങൾ അങ്ങേയറ്റം വിഷമിപ്പിക്കുന്നതാണ്. ഇങ്ങനെ അല്ല ഇലക്ഷൻ നേരിടേണ്ടത്. തിരഞ്ഞെടുപ്പ് ആയതു കൊണ്ട് എന്ത് നെറികേടും ചെയ്യാം എന്ന ധാരണ നമ്മുടെ ചില രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്ക് പാടില്ല’ -അദ്ദേഹം പറഞ്ഞു.
ചില ഇടതു ഹാൻഡിലുകൾ, ചില തീവ്ര വലതു പക്ഷ മാധ്യമങ്ങൾ ആണ് ഈ വ്യാജ വാർത്ത, വ്യാജ പ്രചാരണങ്ങൾ നടത്തുന്നത്. ചില തീവ്ര വലതു മാധ്യമങ്ങൾ വ്യാജ വാർത്ത പിൻവലിച്ചത് നന്നായി. വ്യാജ വാർത്തകൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് കുഞ്ഞാലിക്കുട്ടി നിലപാടെടുത്തത് വളരെ ആശ്വാസം നൽകുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് വൈകീട്ടാണ് മുസ്‍ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങൾക്കെതിരെ വ്യാജ ഫേസ്ബുക് അക്കൗണ്ടിലൂടെ അജ്ഞാതൻ ലൈംഗിക ആരോപണം ഉന്നയിച്ചത്. ഇതിനെതിരെ മുസ്‍ലിം ലീഗ് നേതൃത്വം പൊലീസിൽ പരാതി നൽകിയിരുന്നു.




