Featured Lifestyle

ബംഗളൂരുവില്‍ 2BHK വീടിന് 70,000 രൂപ വാടക ; ‘കോറമംഗലമേ, നാണമില്ലേ’യെന്ന് യുവതി

ബംഗളൂരുവിലെ അമിതമായ വീട്ടുവാടകയെ രൂക്ഷമായി വിമര്‍ശിച്ച് യുവതി. കോറമംഗലയില്‍ ഒരു 2BHK (രണ്ട് കിടപ്പുമുറികളുള്ള വീട്) ഫ്‌ലാറ്റിന് മാസം 70,000 രൂപ വാടക ഈടാക്കുന്നത് എന്തിനാണെന്ന് അവര്‍ ചോദ്യം ചെയ്യുന്നു. മാര്‍ക്കറ്റിംഗ് പ്രൊഫഷണലായ ലുബ്‌ന മല്‍ഹോത്രയാണ് ഈ ഉയര്‍ന്ന വാടകയെ പ്രദേശത്തെ ശോചനീയാവസ്ഥയുമായി താരതമ്യം ചെയ്ത് വിമര്‍ശനം ഉന്നയിച്ചത്.

സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്‌സിലൂടെ (X) പങ്കുവെച്ച കുറിപ്പില്‍, കോറമംഗല നേരിടുന്ന നിരവധി പ്രശ്‌നങ്ങള്‍ അവര്‍ ചൂണ്ടിക്കാട്ടി. തുറന്ന ഡ്രെയിനേജുകള്‍, റോഡുകളിലെ കുഴികള്‍, രൂക്ഷമായ ഗതാഗതക്കുരുക്ക് എന്നിവയാണ് ഇതില്‍ പ്രധാനം. ഇത്രയധികം പ്രശ്‌നങ്ങള്‍ നിലനില്‍ക്കുമ്പോഴും ഒരു 2BHK യൂണിറ്റിന് 70,000 രൂപ വരെ വാടക ഈടാക്കുന്നത് എന്തിനാണെന്ന് അവര്‍ ചോദിക്കുന്നു. ‘ഒരു 2BHK-ക്ക് 70,000 രൂപയോ? കോറമംഗലമേ, അല്പം നാണമില്ലേ – ഇവിടെ ഗതാഗതക്കുരുക്കും തുറന്ന മലിനജല ഓടകളും തകര്‍ന്ന റോഡുകളുമാണുള്ളത്. പിന്നെ എന്തിനാണ് ഞങ്ങള്‍ ഇത്രയും ഉയര്‍ന്ന തുക നല്‍കുന്നത് ?’ ലുബ്‌ന മല്‍ഹോത്ര തന്റെ പോസ്റ്റില്‍ ചോദിക്കുന്നു.

കഫേകള്‍, പബ്ബുകള്‍, സ്റ്റാര്‍ട്ടപ്പുകള്‍, ഷോപ്പിംഗ് സെന്ററുകള്‍ എന്നിവയാല്‍ പ്രശസ്തമാണ് കോറമംഗല. കൂടാതെ എച്ച്എസ്ആര്‍ ലേഔട്ട് (HSR Layout), ഇലക്ട്രോണിക് സിറ്റി തുടങ്ങിയ ഐടി ഹബ്ബുകളിലേക്കുള്ള സാമീപ്യവും ഈ പ്രദേശത്തെ ജനപ്രിയമാക്കുന്നു. യുവതിയുടെ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായതിന് പിന്നാലെ നിരവധി കമന്റുകളാണ് വരുന്നത്. അതേസമയം, നഗരത്തിലേക്കുള്ള കുടിയേറ്റക്കാരുടെ വര്‍ദ്ധനവാണ് വാടക കൂടാന്‍ കാരണമെന്നാണ് കുറച്ച് പേരുടെ അഭിപ്രായം.