കൊച്ചി വടുതലയിലെ വാടകവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ ഒരേ കുടുംബത്തിലെ അഞ്ചുപേരുടെയും സംസ്കാരം പച്ചാളം ശ്മശാനത്തിൽ നടത്തി. തിരുവനന്തപുരം സ്വദേശികളായ ശ്രീകുമാരി, മകൾ അശ്വതി, കൊച്ചു മക്കളായ കാര്ണിവന്, കീര്‍ത്തിവന്‍, അക്ഷിത എന്നിവരുടെ മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾ ഏറ്റുവാങ്ങി. സാമ്പത്തിക ബുദ്ധിമുട്ടുകൾ പരിഗണിച്ചു ജില്ലാ ഭരണകൂടത്തിന്റെ സഹായത്തോടെ കൊച്ചിയിൽ തന്നെയായിരുന്നു സംസ്കാര ചടങ്ങുകൾ നടന്നത്.
മാനസിക വെല്ലുവിളി നേരിടുന്ന മകന്റെ ചികിത്സയ്ക്കായി എന്ന പേരിലായിരുന്നു അശ്വതിയും കുടുംബവും കഴിഞ്ഞ ഫെബ്രുവരിയിൽ വടുതലയിൽ വീട് വാടകയ്ക്കെടുത്തത്. വാടക കാലാവധി കഴിഞ്ഞ് വീട് ഒഴിയുന്നതിനെക്കുറിച്ച് സംസാരിക്കാൻ ഉടമയുടെ ബന്ധു എത്തിയപ്പോഴാണ് കൂട്ടമരണ വിവരം പുറംലോകമറിഞ്ഞത്. കുടുംബനാഥനായ അക്ഷത് ഒരു മാസം മുൻപ് മരിച്ചതിന് പിന്നാലെയാണ് ഈ ദാരുണമായ സംഭവം ഉണ്ടായത്.
ബന്ധുക്കളോടുള്ള കടുത്ത വൈരാഗ്യവും സ്വത്തുതർക്കവുമാണ് ഈ ആസൂത്രിത നീക്കത്തിന് പിന്നിലെന്നാണ് പോലീസ് സംശയിക്കുന്നത്. തന്റെ മരണശേഷം സഹോദരങ്ങൾക്കോ ഭർതൃവീട്ടുകാർക്കോ സ്വത്ത് ലഭിക്കരുതെന്ന് കരുതി അശ്വതി നേരത്തെ തന്നെ വില്ല്പത്രം തയ്യാറാക്കിയിരുന്നു. എന്നാൽ അശ്വതിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഭർതൃമാതാവ് രംഗത്തെത്തിയിട്ടുണ്ട്. അക്ഷതിന്റെ മരണത്തിന് കാരണം അശ്വതിയാണെന്നും അവർ ആരോപിക്കുന്നു. അക്ഷതിന്റെ മദ്യപാനമാണ് കുടുംബം തകർത്തതെന്ന് ആത്മഹത്യാക്കുറിപ്പിലുണ്ടെങ്കിലും പരസ്പരവിരുദ്ധമായ മൊഴികളിൽ പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.




