Featured Sports

3 ദിവസത്തെ ഇടവേളയുണ്ടെങ്കിൽ ലണ്ടനിലേക്ക് ചാർട്ടേഡ് ഫ്ലൈറ്റ് വേണം: ഗോസിപ്പുകൾക്ക് രസകരമായ പ്രതികരണവുമായി കോഹ്ലി

ബംഗളുരു: ഐ.പി.എല്‍. ക്രിക്കറ്റ്‌ സീസണിനിടെ ഇന്ത്യയില്‍നിന്നു ലണ്ടനിലേക്ക്‌ ചാര്‍ട്ടേഡ്‌ ഫ്‌ളൈറ്റുകള്‍ വേണമെന്ന ആവശ്യമുന്നയിച്ചെന്ന വാര്‍ത്ത സത്യവിരുദ്ധമാണെന്ന്‌ നിലവിലെ ചാമ്പ്യന്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിന്റെ മുന്‍ നായകന്‍ വിരാട്‌ കോഹ്ലി.

മത്സരങ്ങള്‍ക്കിടെ മൂന്ന്‌ ദിവസത്തെ ഇടവേളയുണ്ടെങ്കില്‍ ലണ്ടനിലേക്കു പോകാന്‍ വിമാനം തയാറാക്കണമെന്നു കോഹ്ലി ആവശ്യപ്പെട്ടെന്നു സാമൂഹിക മാധ്യമങ്ങളില്‍ അഭ്യൂഹമുണ്ടായി. മത്സരത്തിന്‌ ഒരു ദിവസം മുന്‍പ്‌ മാത്രമേ മടങ്ങിയെത്തുകയുള്ളൂവെന്നും കോഹ്ലി ഫ്രാഞ്ചൈസിയെ അറിയിച്ചതായും റിപ്പോര്‍ട്ടുകളുണ്ടായി.

വാര്‍ത്തയുടെ സ്‌ക്രീന്‍ഷോട്ട്‌ ചിരിക്കുന്ന ഇമോജികള്‍ക്കൊപ്പം ഇന്‍സ്‌റ്റഗ്രാം സ്‌റ്റോറിയായി പങ്കുവച്ചാണു കോഹ്ലി കിംവദന്തികളെ തള്ളിക്കളഞ്ഞത്‌. വിരാട്‌ കോഹ്ലി ഭാര്യ അനുഷ്‌ക ശര്‍മയ്‌ക്കും മക്കള്‍ക്കുമൊപ്പം ലണ്ടനിലാണു താമസിക്കുന്നത്‌. ക്രിക്കറ്റ്‌ തിരക്കുകള്‍ ഇല്ലാത്തപ്പോള്‍ താരം ലണ്ടനിലാണ്‌.

ജനുവരിയില്‍ ന്യൂസീലന്‍ഡിനെതിരായ ഏകദിന പരമ്പരയ്‌ക്കു ശേഷം ലണ്ടനിലേക്ക്‌ മടങ്ങിയ കോഹ്ലി ഐ.പി.എല്‍. സീസണിനു മുന്നോടിയായി കഴിഞ്ഞ 18 നാണ്‌ തിരിച്ചെത്തിയത്‌. അഹമ്മദാബാദില്‍ നടന്ന ട്വന്റി20 ലോകകപ്പ്‌ ഫൈനല്‍ കാണാന്‍ കോഹ്ലി എത്താതിരുന്നതും സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ചയായി.



ഐ.പി.എല്‍. 19-ാം സീസണിന്റെ ഉദ്‌ഘാടന മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെയാണ്‌ ആര്‍.സി.ബി. നേരിടുക. 2008 ല്‍ ഐ.പി.എല്‍. തുടങ്ങിയ കാലം മുതല്‍ ആര്‍.സി.ബിയുടെ ഭാഗമാണ്‌ വിരാട്‌ കോഹ്ലി. 267 മത്സരങ്ങളില്‍നിന്ന്‌ എട്ട്‌ സെഞ്ചുറികളും 63 അര്‍ധ സെഞ്ചുറികളും അടക്കം 8661 റണ്‍ നേടി. ഐ.പി.എല്ലില്‍ 9000 റണ്‍ തികയ്‌ക്കുന്ന ആദ്യ താരമാകാനാണു കോഹ്ലിയുടെ ശ്രമം.

ആര്‍.സി.ബിക്കായി 282 മത്സരങ്ങളില്‍നിന്ന്‌ 9085 റണ്ണെടുത്ത കോഹ്ലിക്ക്‌ ട്വന്റി20യില്‍ ഒരു ടീമിനായി മാത്രം 10,000 തികയ്‌ക്കുന്ന ആദ്യ താരമാകാനും അവസരമുണ്ട്‌. 414 ട്വന്റി20 മത്സരങ്ങളില്‍നിന്ന്‌ ഒന്‍പത്‌ സെഞ്ചറികളും 105 അര്‍ധ സെഞ്ചുറികളും അടക്കം 13,543 റണ്‍ നേടിയ കോഹ്ലി 14,000 ക്ലബിലെ അംഗമാകാനും ലക്ഷ്യമിടുന്നു. വെസ്‌റ്റിന്‍ഡീസ്‌ ഇതിഹാസങ്ങളായ ക്രിസ്‌ ഗെയ്‌ല്‍ (14,562 റണ്‍), കെയ്‌റോണ്‍ പൊള്ളാഡ്‌ (14,482, ഇംഗ്ലണ്ടിന്റെ അലക്‌സ് ഹെയ്‌ല്‍സ്‌ (14,449), ഓസ്‌ട്രേലിയന്‍ മുന്‍ താരം ഡേവിഡ്‌ വാര്‍ണര്‍ (14,028) എന്നിവരാണ്‌ ഈ പട്ടികയിലുള്ളത്‌. കഴിഞ്ഞ സീസണില്‍ 15 ഇന്നിങ്‌സുകളിലായി 8 അര്‍ധ സെഞ്ചുറികളടക്കം 657 റണ്ണെടുക്കാന്‍ കോഹ്ലിക്കായി.