ഉപ്പുതറയിൽ 2012-ൽ നടന്ന ബലാത്സംഗക്കേസ് അന്വേഷണത്തിലും കുറ്റപത്രം സമർപ്പിക്കുന്നതിലും ഗുരുതരമായ വീഴ്ച വരുത്തിയ ഡിവൈഎസ്പി ഉൾപ്പെടെയുള്ള ഏഴ് പോലീസ് ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണത്തിന് ആഭ്യന്തര വകുപ്പ് ഉത്തരവിട്ടു. അന്ന് പീരുമേട് ഡിവൈഎസ്പി ആയിരുന്ന പി.വി. മനോജ് കുമാർ, സി.ഐ. വി. ഷിബുകുമാർ, എസ്.ഐമാരായ എസ്.എം. റിയാസ്, ആർ. മധു, ഇ.കെ. സോൾജിമോൻ, സുമിത് ജോസ് തുടങ്ങിയവർക്കെതിരെയാണ് നടപടി. കേസ് കോടതിയിൽ ചാർജ് ചെയ്യുന്നതിൽ ഇവർ കാട്ടിയ കൃത്യവിലോപമാണ് ഇപ്പോൾ ഇവർക്ക് തിരിച്ചടിയായിരിക്കുന്നത്.
അതിജീവിതയുടെ അമ്മ നൽകിയ പരാതിയിൽ ഉപ്പുതറ പോലീസ് രജിസ്റ്റർ ചെയ്ത കേസിന്റെ കുറ്റപത്രം കോടതിയിൽ സമർപ്പിക്കുന്നതിലാണ് ഉദ്യോഗസ്ഥർക്ക് പിഴവ് സംഭവിച്ചത്. കോടതിയുടെ വിമർശനത്തെത്തുടർന്ന് ജില്ലാ പോലീസ് മേധാവി നടത്തിയ അന്വേഷണത്തിൽ ഉദ്യോഗസ്ഥരുടെ വീഴ്ച വ്യക്തമാവുകയും ഡിജിപി ഇത് സംബന്ധിച്ച് കോടതിയിൽ പ്രത്യേക റിപ്പോർട്ട് നൽകുകയും ചെയ്തിരുന്നു. 2013-ൽ സമർപ്പിച്ച കുറ്റപത്രത്തിൽ സംഭവസ്ഥലം ഉൾപ്പെടെയുള്ള പ്രധാന വിവരങ്ങൾ ഇല്ലാത്തതിനാൽ കോടതി അത് തിരുത്താനായി മടക്കി നൽകിയിരുന്നു. എന്നാൽ തിരികെ സ്റ്റേഷനിലെത്തിയ ഈ ഫയലിൽ പിന്നീട് യാതൊരു നടപടിയും ഉണ്ടായില്ല.
പിന്നീട് വന്ന ഉദ്യോഗസ്ഥരും കേസ് ഫയലിൽ തുടർനടപടികൾ സ്വീകരിച്ചില്ല. നിലവിൽ കേസിലെ ഒന്നാം സാക്ഷിയായ അതിജീവിതയുടെ അമ്മ മരിക്കുകയും ചെയ്തു. ഫയൽ കാണാതായതോടെ കുറ്റപത്രം, വൈദ്യപരിശോധനാ സർട്ടിഫിക്കറ്റുകൾ, മഹസർ, സാക്ഷിമൊഴികളുടെ അസൽ തുടങ്ങിയ സുപ്രധാന രേഖകൾ കണ്ടെത്താനായിട്ടില്ല. ഇവയില്ലാതെ കോടതിക്ക് കേസ് പരിഗണിക്കാൻ സാധിക്കില്ല. സംഭവത്തിൽ ഉൾപ്പെട്ട എസ്.ഐ സുമിത് ജോസ് ഇതിനിടെ ജോലി രാജിവെച്ചിരുന്നു. ഫയൽ കൈമാറിയ രേഖകൾ കൃത്യമല്ലാത്തതിനാൽ അന്വേഷണ ഉദ്യോഗസ്ഥനെ തൽക്കാലം നടപടിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.




