ഇന്ത്യയിലെ ഏറ്റവും പ്രിയപ്പെട്ട ലഘുഭക്ഷണങ്ങളിൽ ഒന്നാണ് സമോസ. പുറംഭാഗം മൊരിഞ്ഞതും ഉള്ളിൽ മസാലകൾ നിറഞ്ഞതുമായ ഈ വിഭവം ഇന്ന് വീടുകളിലെയും വഴിയോരങ്ങളിലെയും ഒഴിച്ചുകൂടാനാവാത്ത ഒന്നാണ്. സാധാരണയായി ഉരുളക്കിഴങ്ങ് നിറച്ച സമോസകളാണ് നമ്മൾ കാണാറുള്ളതെങ്കിലും, സമോസയുടെ യഥാർത്ഥ ചരിത്രത്തെ ചോദ്യം ചെയ്തുകൊണ്ടുള്ള ഒരു കുറിപ്പ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമാവുകയാണ്.
ചരിത്രത്തിലും പുരാവസ്തു ഗവേഷണത്തിലും പിഎച്ച്‌ഡിയുള്ള ഡോ. എം.എഫ്. ഖാൻ എന്ന ഗവേഷകൻ എക്സിൽ (X) പങ്കുവെച്ച കുറിപ്പാണ് ഈ ചർച്ചകൾക്ക് തുടക്കമിട്ടത്. 1501-നും 1510-നും ഇടയിൽ മാണ്ടു സുൽത്താന് വേണ്ടി പേർഷ്യൻ ഭാഷയിൽ എഴുതപ്പെട്ട ‘നിമത്നാമ’ എന്ന കൈയെഴുത്തുപ്രതിയെ അടിസ്ഥാനമാക്കിയാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തലുകൾ. നിലവിൽ ബ്രിട്ടീഷ് മ്യൂസിയത്തിലുള്ള ഈ പുരാതന രേഖയിൽ 500 വർഷം പഴക്കമുള്ള ഒരു സമോസ പാചകക്കുറിപ്പുണ്ടെന്ന് അദ്ദേഹം പറയുന്നു.
ഈ കുറിപ്പ് പ്രകാരം അന്നത്തെ സമോസ ഇന്നത്തേതിൽ നിന്ന് തികച്ചും വ്യത്യസ്തമായിരുന്നു. വഴുതനങ്ങ ചുട്ടെടുത്തതും ഉണങ്ങിയ ഇഞ്ചിയും ആട്ടിറച്ചിയും ചേർത്ത മിശ്രിതം നെയ്യിൽ വറുത്തെടുത്താണ് അക്കാലത്ത് സമോസ ഉണ്ടാക്കിയിരുന്നത്. ഇന്നത്തെ സമോസയിലെ പ്രധാന ചേരുവകളായ ഉരുളക്കിഴങ്ങും മുളകും അന്ന് ഉപയോഗിച്ചിരുന്നില്ല. കാരണം ഈ കൈയെഴുത്തുപ്രതി തയ്യാറാക്കിയ ശേഷമാണ് ഇവ രണ്ടും ഇന്ത്യയിൽ എത്തിയത്. അക്ബർ ചക്രവർത്തിയുടെയും ടിപ്പു സുൽത്താന്റെയും കൈവശമിരുന്ന ഈ ചരിത്രരേഖ പിന്നീട് ബ്രിട്ടീഷുകാരുടെ പക്കൽ എത്തുകയായിരുന്നുവെന്നും അദ്ദേഹം അവകാശപ്പെടുന്നു.
ഇന്നത്തെ സാധാരണക്കാരുടെ ഭക്ഷണമാകുന്നതിന് മുൻപ് സമോസ രാജകീയമായ ഒരു വിഭവമായിരുന്നു എന്നാണ് ഈ പഠനം സൂചിപ്പിക്കുന്നത്. ഏകദേശം 85,000-ത്തിലധികം ആളുകൾ കണ്ട ഈ പോസ്റ്റിന് താഴെ നിരവധി പേർ അഭിപ്രായങ്ങളുമായി രംഗത്തെത്തി. സമോസയുടെ ഉത്ഭവം ഒമാനിലാണെന്നും അവിടെ ഇതിനെ ‘സംബോസ’ എന്നാണ് വിളിക്കുന്നതെന്നും ചിലർ പറയുന്നു. പേർഷ്യൻ ഭാഷയിൽ ‘ത്രികോണം’ എന്നർത്ഥം വരുന്ന ‘സൻബുസാക്’ എന്ന പേരിൽ മധ്യേഷ്യയിലാണ് ഇത് തുടങ്ങിയതെന്നും പിന്നീട് ഇന്ത്യയിലേക്ക് എത്തിയ കുടിയേറ്റ വിഭവമാണിതെന്നും മറ്റു ചിലർ ചൂണ്ടിക്കാട്ടുന്നു.
പാചകക്കുറിപ്പുകൾക്ക് പുറമെ അന്നത്തെ രാജകീയ ജീവിതത്തിലെ വിനോദങ്ങളെക്കുറിച്ചും വേട്ടയാടലിനെക്കുറിച്ചും ഒക്കെയുള്ള വിവരങ്ങൾ ഈ പുസ്തകത്തിലുണ്ടെന്ന് ചില വായനക്കാർ കൂട്ടിച്ചേർത്തു. രാജകൊട്ടാരങ്ങളിൽ നിന്ന് തെരുവുകളിലേക്ക് പടർന്ന സമോസയുടെ ഈ ചരിത്രം, നാം കഴിക്കുന്ന ലളിതമായ ഭക്ഷണങ്ങൾക്കുപോലും എത്രമാത്രം ആഴത്തിലുള്ള കഥകൾ പറയാനുണ്ടെന്ന് തെളിയിക്കുന്നു.




