Featured Fitness

തടി കുറയ്ക്കാൻ നോക്കുമ്പോൾ വില്ലനാകുന്നത് ‘കുടി’യാണോ? തമന്നയുടെ ട്രെയിനർ വെളിപ്പെടുത്തുന്ന രഹസ്യങ്ങൾ

മദ്യപാനവും ഫിറ്റ്‌നസും ഒരുമിച്ച് കൊണ്ടുപോകാൻ ആഗ്രഹിക്കുന്നവർക്കിടയിൽ എപ്പോഴും ഉയരുന്ന ഒരു ചോദ്യമാണ് ഏത് പാനീയമാണ് ആരോഗ്യത്തിന് നല്ലതെന്ന്. ബോളിവുഡ് താരം തമന്ന ഭാട്ടിയയുടെ ഫിറ്റ്‌നസ് ട്രെയിനറായ സിദ്ധാർത്ഥ് സിംഗ് ഇതിനെക്കുറിച്ച് ഇൻസ്റ്റാഗ്രാമിലൂടെ ചില കാര്യങ്ങൾ പങ്കുവെച്ചു. വിസ്കി, ടെക്വില, ബിയർ എന്നിവയിൽ ഏതാണ് മികച്ചത് എന്നതായിരുന്നു അദ്ദേഹം ഉന്നയിച്ച ചോദ്യം.

സാധാരണയായി വിചാരിക്കുന്നത് പോലെ മദ്യത്തിന്റെ കലോറി മാത്രമല്ല നമ്മളെ തടിപ്പിക്കുന്നത് എന്ന് അദ്ദേഹം പറയുന്നു. 60 മില്ലി വിസ്കിയിലോ ടെക്വിലയിലോ അല്ലെങ്കിൽ ഒരു ഗ്ലാസ് ബിയറിലോ ഏകദേശം 150 കലോറി മാത്രമാണുള്ളത്. ഇത് പലപ്പോഴും നമ്മൾ കുടിക്കുന്ന കോൾഡ് കോഫിയേക്കാളും സോഡയേക്കാളും കുറവാണ്.



എന്നാൽ യഥാർത്ഥ പ്രശ്നം മദ്യം ശരീരത്തിനുള്ളിൽ ചെന്നാൽ മെറ്റബോളിസം (ഭക്ഷണം ദഹിപ്പിച്ചു ഊർജ്ജമാക്കുന്ന പ്രക്രിയ) സാവധാനത്തിലാക്കുന്നു എന്നതാണ്. ശരീരം മദ്യത്തെ പുറന്തള്ളാൻ ശ്രമിക്കുമ്പോൾ മറ്റ് ഭക്ഷണങ്ങൾ ദഹിപ്പിക്കാൻ കഴിയാതെ വരികയും അവ കൊഴുപ്പായി അടിഞ്ഞുകൂടുകയും ചെയ്യുന്നു.

മദ്യപിക്കുമ്പോൾ കൂടെ കഴിക്കുന്ന കപ്പലണ്ടി, ചിപ്‌സ് തുടങ്ങിയ പലഹാരങ്ങളാണ് (ചക്ന) യഥാർത്ഥ വില്ലന്മാർ. മദ്യം മെറ്റബോളിസം കുറയ്ക്കുന്നതിനാൽ കൂടെ കഴിക്കുന്ന ഇത്തരം കൊഴുപ്പുകൂടിയ ആഹാരങ്ങൾ പെട്ടെന്ന് തടി കൂടാൻ കാരണമാകും.

അതുകൊണ്ട് മദ്യപിക്കുമ്പോൾ ഇത്തരം പലഹാരങ്ങൾ ഒഴിവാക്കുക എന്നതാണ് സിദ്ധാർത്ഥ് നൽകുന്ന പ്രധാന നിർദ്ദേശം. മദ്യപിക്കുകയാണെങ്കിൽ പലഹാരങ്ങൾ വേണ്ടെന്ന് വെക്കുക, ഇനി ആഹാരം കഴിക്കാനാണ് താല്പര്യമെങ്കിൽ മദ്യം ഒഴിവാക്കുക. ഏത് പാനീയം കുടിക്കുന്നു എന്നതിനേക്കാൾ എങ്ങനെ കുടിക്കുന്നു എന്നതിലാണ് കാര്യമെന്നും അദ്ദേഹം ഓർമ്മിപ്പിക്കുന്നു.