Featured Oddly News

മോഷണശ്രമത്തിനിടെ കഴുത്ത് ഷട്ടറിൽ കുടുങ്ങി; ഈ കള്ളന്റെ ഗതികേട് കണ്ടോ? വീഡിയോ വൈറൽ

ഗാസിയാബാദിൽ നിന്നുള്ള വിചിത്രമായ ഒരു മോഷണശ്രമത്തിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചിരി പടർത്തുകയാണ്. ഒരു ഡോക്ടറുടെ ക്ലിനിക്കിൽ മോഷണം നടത്താൻ എത്തിയ യുവാവ് കടയുടെ ഷട്ടറിനിടയിൽ കഴുത്ത് കുടുങ്ങി തൂങ്ങിക്കിടക്കേണ്ടി വന്നതാണ് ഈ സംഭവത്തിന് ആധാരം. രാത്രിയിൽ അതിക്രമിച്ചു കയറാനുള്ള ശ്രമത്തിനിടെ പകുതി താഴ്ന്ന ഷട്ടറിനും തറയ്ക്കും ഇടയിൽ ഇയാളുടെ കഴുത്ത് കുടുങ്ങുകയായിരുന്നു.

മണിക്കൂറുകളോളം ഈ അവസ്ഥയിൽ വേദനയോടെ ഇയാൾക്ക് തൂങ്ങിക്കിടക്കേണ്ടി വന്നു. നേരം വെളുത്തതോടെ ഇത് കണ്ട നാട്ടുകാർ പോലീസിനെ വിവരമറിയിച്ചു. താഴെ കൂടിനിന്ന ജനങ്ങളും പോലീസും ചേർന്ന് ഇയാളെ താങ്ങി നിർത്തിയാണ് ഷട്ടർ ഉയർത്തി രക്ഷപ്പെടുത്തിയത്. ഇയാളെ സുരക്ഷിതമായി താഴെയിറക്കുന്ന വീഡിയോ ഇപ്പോൾ ഇന്റർനെറ്റിൽ വൈറലായിട്ടുണ്ട്.

“നീ എന്ത് കള്ളനാണെടാ” എന്നും “കള്ളന്മാരുടെ പേര് കളയാൻ വന്നവൻ” എന്നും പരിഹസിച്ചുകൊണ്ട് നിരവധി ട്രോളുകളാണ് ഈ വീഡിയോയ്ക്ക് താഴെ വരുന്നത്. മോഷണം നടത്താൻ വന്ന് ഒടുവിൽ ഷട്ടറിൽ ‘തൂങ്ങിക്കിടക്കുന്ന അലങ്കാര വസ്തുവായി’ മാറിയ മോഷ്ടാവിനെ ട്രോളുകൾ കൊണ്ട് മൂടുകയാണ് സോഷ്യൽ മീഡിയ. ഇയാളുടെ അവസ്ഥ കണ്ട് “ക്യാ ചോർ ബനേഗാ തൂ” (നീ എന്ത് കള്ളനാകാനാണ്) എന്ന പ്രശസ്തമായ സിനിമാ ഡയലോഗ് പങ്കുവെച്ചാണ് പലരും ഇതിനോട് പ്രതികരിക്കുന്നത്. ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തു.